- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്റ്റർ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല; അഡ്വ: കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് ജലീലിന് ഉണ്ടാകില്ല; ഖുർആനിൽ സ്വർണം കടത്തിയെന്ന് ആദ്യം പറഞ്ഞു; പിന്നെ ഈന്തപ്പഴത്തിന്റെ കുരുവാക്കി സ്വർണം കടത്തിയെന്നും; പരിഹസിച്ചു കെ ടി ജലീൽ
മലപ്പുറം: തനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് സ്വപ്‌ന സുരേഷിന്റെയും കുറച്ചു വിയർക്കട്ടെയെന്ന അഡ്വ. കെ കൃഷ്ണരാജിന്റെയും പ്രസ്താവനക്ക് മറുപടിയുമായി തവനൂർ എംഎൽഎ കെ ടി ജലീൽ. രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും തനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ലെന്ന് ജലീൽ കൃഷ്ണരാജിന് മറുപടിയായി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ മറുപടി.
രണ്ട് ദിവസത്തിനകം ജലീലിനെതിരായ വിവരങ്ങൾ പുറത്തുവിടുമെന്നും അതുവരെ ടെൻഷൻ അടിക്കട്ടേയെന്നുമായിരുന്നു അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞത്. അഡ്വ: കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകൻ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെൻഷൻ കൃഷ്ണരാജ്.- ജലീൽ കുറിച്ചു
ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
മിസ്റ്റർ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല. ഖുർആനിൽ സ്വർണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുർആന്റെ തൂക്കം പറഞ്ഞ് കുറേ കഥകൾ വേറെ മെനഞ്ഞു. ഖുർആൻ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാർത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വർണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തൽ.
അഡ്വ: കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകൻ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെൻഷൻ കൃഷ്ണരാജ്.
മിസ്റ്റർ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവർക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നേ അതെല്ലാം നാട്ടിൽ പാട്ടാകുമായിരുന്നു. പലരെയും നിങ്ങൾ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകൾ കാട്ടിയാണ്.
മിസ്റ്റർ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാൻ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യിൽ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കിൽ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണം?.
മിസ്റ്റർ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേൾക്കാൻ. ബാക്കി തമാശക്ക് ശേഷം.
നേരത്തെ ജലീലിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് 164 സ്റ്റേറ്റ്‌മെന്റിൽ അദ്ദേഹത്തിനെതിരെ നൽകിയ പരാമർശങ്ങൾ സ്വപ്ന വെളിപ്പെടുത്താൻ ഒരുങ്ങുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞത്. കെ.ടി ജലീൽ രണ്ട് ദിവസം ടെൻഷടിക്കട്ടെ, വൈകാതെ തന്നെ സ്വപ്ന വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ.ടി ജലീൽ നൽകിയ പരാതിയുടെ നിലനിൽപ്പിനെപ്പറ്റി മാത്രമാണ് ഇപ്പോൾ കോടതിയിൽ പറയുന്നത്. അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് പറയേണ്ട ആവശ്യമില്ല. എന്നാൽ കെ.ടി ജലീൽ പരാതിയിൽ പറഞ്ഞിരിക്കുന്നത് 'എന്നെ അപകീർത്തിപ്പെടുത്തി, സർക്കാരിനെ അപകീർത്തിപ്പെടുത്തി, മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി' എന്നാണ്. കെ.ടി ജലീലിനെ അപകീർത്തിപ്പെടുത്തിയത് എന്താണ് 164ൽ പറഞ്ഞിട്ടുള്ളത് എന്ന് സ്വപ്ന പറഞ്ഞിട്ടില്ല. എന്നാൽ പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ കെ.ടി ജലീലിന് അപമാനമുണ്ടാക്കിയ മൊഴി സ്വപ്ന വെളിപ്പെടുത്തുമെന്ന് അഭിഭാഷകൻ പറഞ്ഞു.
അതേസമയം 164ന്റെ കാര്യം ഇപ്പോൾ സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഗൂഢാലോചന നടത്തി എന്ന് പറയുന്ന സെക്ഷൻ 153, കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തി എന്ന് പറയുന്ന സെക്ഷൻ 120 ബി അനുസരിച്ചിട്ടുള്ള കേസുമാണ് നിലവിൽ പരിഗണിക്കുന്നതെന്നും സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞു. കോടതിയിൽ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് പത്രക്കാരോട് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമായ കാര്യമല്ല. അത് ഇല്ലാത്തിടത്തോളം കാലം സെക്ഷൻ 153 നിലനിൽക്കില്ല. സെക്ഷൻ 153 നിലനിൽക്കാത്ത കാലത്തോളം അത് ചെയ്യാനിരിക്കുന്ന ഗൂഢാലോചന കേസും നിലനിൽക്കില്ലെന്ന് അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ