തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊല്ലത്തെ ആശുപത്രിയിൽ മന്ത്രി കെ.ടി ജലീലിന്റെ പേരു പറഞ്ഞ് വെല്ലുവിളി നടത്തിയത് മന്ത്രിയുടെ വകുപ്പിലെ തന്നെ ജില്ലാ കോർഡിനേറ്റർ. കൊല്ലത്തെ ആശുപത്രിയിൽ ഇന്നലെ ഡോക്ടറെ ഉൾപ്പടെയുള്ളവരോട് മന്ത്രിയുടെപേര് പറഞ്ഞായിരുന്നു അൻസറിന്റെ ഭീഷണി. വനിതകളുടെ ഒബ്സർവേഷൻ വാർഡിൽ കുട്ടിയുമായി വന്നത് ചോദ്യം ചെയ്ത ഡോക്ടറോടായിരുന്നു അൻസറിന്റെ മോശം പെരുമാറ്റം. എന്നാൽ ഇയാൾ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ അംഗമല്ലെന്നും കുടുംബ ശ്രീ മിഷന്റെ ജില്ലാ കോർഡിനേറ്റർ എന്ന നിലയ്ക്കാണ് വകുപ്പുമായി ഇയാൾക്ക് ബന്ധമെന്നും മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊല്ലം സ്വദേശിയായ മുഹമ്മദ് അൻസറാണ് ഇന്നലെ രാത്രി കൊല്ലത്തെ വിക്ടോറിയ ആശുപത്രിയിൽ താൻ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയണെന്ന് പറഞ്ഞ് ഡോക്ടറെ ഉൾപ്പടെ വിരട്ടിയത്. എന്നാൽ ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൊല്ലം ജില്ലാ കുടുംബശ്രീ മിഷന്റെ ജില്ലാ അസിസ്റ്റന്റ് മിഷൻകോർഡിനേറ്ററാണ് അൻസാർ. ഈ ഒരു ജോലി ചെയ്യുന്നതിന്റെ പേരിൽ സർക്കാരിന്റെ അടുത്തയാളാണെന്നും മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്നും ഇയാൾ പല സ്ഥലത്തും പറഞ്ഞതായിട്ടാണ് വിവരം.

മുഖ്യമന്ത്രി അധികാരമേറ്റ സമയത്ത് പറഞ്ഞിരുന്ന ചില അവതാരങ്ങളിലൊരാളാണ് അൻസർ എന്നാണ് വിവരം.ആവശ്യമുള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലത്തും മന്ത്രിയുടെ സ്റ്റാഫ് ആണെന്ന രീതിയിൽ പെരുമാറുകയുംഅത് പറഞ്ഞ് സ്ഥാപിക്കുകയും ചെയ്യുന്ന ഇയാളുടെ രീതിക്കെതിരെ മന്ത്രി തന്നെ താക്കീത് നൽകിയിട്ടുണ്ടെന്നും ഇപ്പോൾ തലസ്ഥാനത്തെ ഓഫീസിൽ പോലും പ്രവേശിപ്പിക്കാതെ അകറ്റി നിർത്തിയിരിക്കുകയുമാണെന്നാണ് വിവരം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും കുടുംബശ്രീ മിഷന്റെ കീഴിൽ തന്നെയായിരുന്നു ഇയാൾക്ക് ജോലി.മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് ഇടത് പക്ഷത്തോടൊപ്പം ചേരുകയായിരുന്നു.

ഇത്തരത്തിൽ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന ലേബൽ അവകാശപ്പെട്ടെത്തിയ ആൾ നടത്തിയ മോശം പെരുമാറ്റത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കയാണ് കൊല്ലത്തെ ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടറായ ജി ആർ രോഹിത് രാജ്. ഡോക്ടറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് ഇയാളെക്കുറിച്ച് അറിയുന്നതും.

മന്ത്രി കെ ടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടയാൾ സർക്കാർ ആശുപത്രിയിൽ കുഞ്ഞുമായി എത്തിയപ്പോൾ മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ രാത്രി നടന്ന സംഭവത്തെ കുറിച്ചാണ് ഡോ. രോഹിത് ഫേസ്‌ബുക്കിൽ കുറിച്ചത്. അമ്മയും കുഞ്ഞും ആശുപത്രി ആയിനാൽ പനിപിടിച്ച കുഞ്ഞുമായി എത്തിയ വ്യക്തിയോട് അമ്മ ഒപ്പമില്ലേ എന്നു ചോദിച്ചതു കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഡോക്ടർ അവകാശപ്പെടുന്നത്.

ഒബ്‌സർവേഷൻ വാർഡിൽ പുരുഷന്മാരെ അനുവദിക്കാത്തതു കൊണ്ടാണ് കുഞ്ഞിന്റെ അമ്മയെവിടെ എന്ന ചോദ്യം ഉന്നയിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതോടെ വന്നയാൾ പൊട്ടിത്തെറിച്ചുവെന്നും താൻ മന്ത്രി കെ ടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടർ ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

എന്റെ മുൻപിൽ ഡിവൈഎസ്‌പി പോലും എണീറ്റു നിൽക്കും. ഡോക്ടർ മുൻവിധിയോടെയാണ് എന്നെ കാണുന്നത്. രാത്രി അമ്മയില്ലാതെ വരുന്ന എല്ലാരും ഭാര്യ പിണങ്ങി പോയതല്ല. നിനക്കു ഞാൻ ആരാണെന്നു കാണിച്ചു തരാം.. നാളെ തന്നേയ് ഡിഎംഒ ഓഫീസിൽ വിളിപ്പിക്കാം. നീ സബ് ഇൻസ്‌പെക്ടറുടെ കണക്കാണ് പെരുമാറുന്നത്'- എന്നു പറഞ്ഞുവെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും ഡോക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി തന്നെ ഇടപെടണം എന്നു കാണിച്ചാണ് ഡോ. രോഹിത് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.