- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി പറഞ്ഞത് തമാശ; ഇത്തരത്തിൽ പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീൽ; ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇ.ഡിക്ക് കൈമാറും; ഇ.ഡി ആവശ്യപ്പെട്ടതുകൊണ്ടാണ് തെളിവുകൾ കൈമാറുന്നത്; സിപിഎമ്മിന്റെ അസംതൃപ്തിക്കിടയിലും ഇഡിയുമായി സഹകരിക്കാൻ ഒരുങ്ങി ജലീൽ
കോഴിക്കോട്: സിപിഎമ്മിന്റെ അതൃപ്തിക്കിടയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി(ഇ.ഡി) സഹകരിച്ചു മുന്നോട്ടു നീങ്ങാൻ മുൻ മന്ത്രി കെ ടി ജലീൽ. നാളെ ഇഡിയെ കണ്ട് ചന്ദ്രിക കള്ളപ്പണം വെളിപ്പിക്കൽ കേസിൽ രേഖകൾ കൈമാറുമെന്ന് ജലീൽ അറിയിച്ചു. അതേസമയം എ.ആർ നഗർ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സഹകരണ ബാങ്ക് വിഷയത്തിൽ സിപിഎം നേതാക്കൾ ചോദിച്ചാൽ വിശദീകരണം നൽകുമെന്നും ജലീൽ വ്യക്തമാക്കി.
ഇ.ഡിയിൽ കുറെക്കൂടി വിശ്വാസം ജലീലിന് വന്നിട്ടുണ്ടെന്ന് തോന്നുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്ന് ജലീൽ പറഞ്ഞു. ആ നിലക്കെ താൻ അതിനെ കാണുന്നുള്ളൂ. തന്നോട് പലപ്പോഴും ഇത്തരത്തിൽ പറയാറുണ്ടെന്നും ജലീൽ വ്യക്തമാക്കി. ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡിക്ക് കൈമാറും. ഇ.ഡി ആവശ്യപ്പെട്ടതുകൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇതിനായി നാളെ വൈകിട്ട് നാലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നും ജലീൽ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇ.ഡി അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇ.ഡി അന്വേഷിക്കണമെന്നത് സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. ശരിയായ കാര്യവുമല്ല. കേരളത്തിൽ അന്വേഷിക്കാൻ ആവശ്യമായ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ.ടി. ജലീൽ ഇ.ഡി ചോദ്യം ചെയ്തയാളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇ.ഡിയിൽ കുറെക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട മേഖലയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എ.ആർ.നഗർ സഹകരണ ബാങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാത്ത സിപിഎം ജലീലിനെ നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ കെ.ടി. ജലീൽ എംഎൽഎയെ നേരിട്ട് വിളിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ല. സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേത്. ഇത് പാർട്ടിയുടെ നയത്തിനും നിലപാടുകൾക്കും എതിരാണ്. കാരണം, കേരളത്തിലെ സഹകരണ ബാങ്കിലേക്ക് ഇ.ഡി കടന്നുകയറ്റം തുടങ്ങിയാൽ അത് എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല. പ്രതികരണത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവും ജലീലിന് നൽകിയതായാണ് സൂചന.
1021 കോടിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കും മകൻ ആഷിഖിനുമെതിരെയാണ് ജലീൽ അന്വേഷണം ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപം എന്ന ആരോപണമാണ് ജലീൽ ഉന്നയിച്ചത്. ഇത് പുറത്തുകൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് ജലീൽ പ്രഖ്യാപിച്ചിരിക്കെ പിന്തുണക്കാൻ ഇല്ലെന്ന് സിപിഎമ്മും പറയുമ്പോൾ ഇനി ജലീലിന്റെ നീക്കങ്ങളാകും ശ്രദ്ധേയം.
മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണമന്ത്രി വി.എൻ വാസവനും പറഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് കണ്ടാൽ അത് അന്വേഷിക്കാനും കണ്ടെത്താനും നടപടി എടുക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. അപ്പോൾ പിന്നെ ഇ.ഡി വന്ന് പരിശോധിക്കേണ്ട പ്രശ്നമില്ല. ജലീൽ പറഞ്ഞതിന്റെ ഉള്ളടക്കം അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിവൈരാഗ്യമുണ്ടെങ്കിൽ അത് തീർക്കാനുള്ള വേദിയായി സർക്കാർ ഒരു കാര്യത്തേയും കാണില്ല. അതിന് നിന്നുകൊടുക്കില്ല. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വാസവൻ പറഞ്ഞു.
ഇതിനിടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടുത്താൻ ബിജെപി നീക്കം തുടങ്ങി. കേന്ദ്ര സഹകരണമന്ത്രാലയത്തിനും ധനകാര്യമന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഡൽഹിയിൽ അറിയിച്ചു. അന്വേഷണം വേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ലാവലിൻ വിഷയത്തിൽ പണ്ട് കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ