കൊച്ചി : ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെൺവാണിഭ സംഘങ്ങൾക്കു വിറ്റതായി സൂചന. കടത്തപ്പെട്ടവരിൽ അഞ്ചു വർഷങ്ങൾക്കിടയിൽ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേർ മാത്രമാണ്. ഷാർജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റി സിബിഐക്കു വിവരം ലഭിച്ചെങ്കിലും തുടരന്വേഷണത്തിനു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല.

കേസിലെ പ്രതികളായ കെ.വി. സുരേഷ്, ലിസി സോജൻ, സേതുലാൽ, അനിൽകുമാർ, ബിന്ദു, ശാന്ത, എ.പി. മനീഷ്, സുധർമൻ, വർഗീസ് റാഫേൽ, പി.കെ. കബീർ, സിറാജ്, പി.എ. റഫീഖ്, എസ്. മുസ്തഫ, താഹിർ എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. മനുഷ്യക്കടത്തിൽ സിബിഐ. രജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ ഒരുമിച്ചാണ് വിചാരണ ചെയ്യുന്നത്.2013ൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീടാണ് സിബിഐ. ഏറ്റെടുത്തത്. കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി കെ.വി. സുരേഷാണ് കേസിലെ മുഖ്യപ്രതി. മസ്‌കറ്റ്, ഷാർജ, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ ഇയാൾ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നു. കുറ്റപത്രത്തിനൊപ്പം 93 സാക്ഷികളുടെ പട്ടികയാണ് സിബിഐ. സമർപ്പിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എം. റനീഷിനെ സിബിഐ. മാപ്പുസാക്ഷിയാക്കി.

തിരിച്ചു നാട്ടിലെത്തിയവരിൽ സിബിഐക്കു മൊഴി നൽകാൻ ധൈര്യപ്പെട്ടത് എട്ടു പേർ മാത്രം. രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങൾ ബന്ധപ്പെട്ട എംബസികൾക്കും കൈമാറിയിരുന്നു. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണു മലയാളി യുവതികളെ വീട്ടുതടങ്കലിലാക്കി പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവതികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. കുറ്റകൃത്യം നടന്നതു വിദേശ രാജ്യത്തായതിനാൽ അന്വേഷണത്തിൽ സിബിഐ ഏറെ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.

രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതികളുടെ മൊഴിയനുസരിച്ചു ഷാർജയിലും അജ്മാനിലും തെളിവെടുപ്പു നടത്താനും മഹസർ തയാറാക്കാനും കഴിഞ്ഞില്ല. സിബിഐ അയച്ചുകൊടുത്ത ചോദ്യാവലിക്കു ദുബായ് പൊലീസ് നൽകിയ മറുപടികളുടെ അടിസ്ഥാനത്തിലാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മുഖ്യപ്രതി കെ.വി. സുരേഷിനെ ഏറ്റുവാങ്ങാൻ മാത്രമാണ് സിബിഐ വിദേശത്ത് പോയത്. കേസിലെ വിദേശ പൗരന്മാരായ കുറ്റവാളികളെക്കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനായില്ല. കേസിൽ പിടിക്കപ്പെട്ടതു മലയാളികളായ ഇടനിലക്കാർ മാത്രം. പെൺവാണിഭ കേന്ദ്രങ്ങളുടെ യഥാർഥ നടത്തിപ്പുകാരെ വെളിപ്പെടുത്താൻ വിചാരണ നേരിടുന്ന പ്രതികളും തയാറായിട്ടില്ല.

കേസിലെ മുഖ്യപ്രതിയായ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിനെ ഇന്റർപോൾ ദുബായിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സുരേഷ് ആണ് മുഖ്യസൂത്രധാരൻ. ദുബായിൽ അൽ വാസി സ്റ്റുഡിയോ നടത്തുകയായിരുന്നു സുരേഷ്. ന്യൂഡൽഹി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പ്രധാന വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സുരേഷിന്റെ നേതൃത്വത്തിൽ യുവതികളെ കടത്തിയിരുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ യുവതികൾക്ക് 20000 രൂപ മുകളിൽ ശമ്പളമുള്ള വീട്ടുജോലി വാഗ്ദാനം ചെയ്യും. യുവതികളെ തേടിപ്പിടിച്ച് റിക്രൂട്ട് ചെയ്യാൻ സ്ത്രീകുൾ ഉൾപ്പെടെ കേരളത്തിലുടനീളം ഏജന്റുമാരുണ്ട്. വ്യാജ പാസ്പോർട്ടിൽ ദുബായിൽ എത്തി കുറച്ചുദിവസം കഴിയുമ്പോൾ യുവതികൾ സെക്സ് റാക്കറ്റിന്റെ ഭാഗമാകും. ഗൾഫിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ത്രീകളുടെ മൊബൈൽ ഫോണും പാസ്പോർട്ടും വാങ്ങിവയ്ക്കും. കരച്ചിലോ ബഹളമോ ഉണ്ടാക്കിയാൽ നാട്ടിലുള്ള സംഘാംഗങ്ങളെ കൊണ്ട് വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തും. അതോടെ ഭയപ്പെട്ട് സ്ത്രീകളൊതുങ്ങും. മുഖ്യനടത്തിപ്പുകാരിയും രണ്ടാംപ്രതിയുമായ ലിസി സോജന്റെ കസ്റ്റഡിയിലാണ് സ്ത്രീകളെ താമസിപ്പിക്കുക.

ഗൾഫിൽ വേശ്യാവൃത്തി കുറ്റകരമായതിനാൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചാണ് ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിക്കുക. ഒരു തവണ ലൈംഗിക ബന്ധത്തിലേർപ്പെടാൻ 50 ദിർഹമാണ് ഫീസ്. പണം ഇടനിലക്കാരനാണ് വാങ്ങുക. തിരക്കേറിയ ദിവസങ്ങളിൽ 30 മുതൽ 50 ആളുകളുടെ കൂടെ വരെ ശരീരം പങ്കിടേണ്ടി വരും. വിശ്രമത്തിനോ ഭക്ഷണം കഴിക്കാനോ സമയം കൊടുക്കില്ല. 50 ദിർഹത്തിന്റെ പകുതി കമ്മിഷനായി സംഘം എടുക്കും. ബാക്കി ഇരുപത്തിയഞ്ചിന്റെ പകുതി യാത്ര, ഭക്ഷണം മരുന്ന് എന്നിവയുടെ പേരിലും കവരും. 12.5 ദിർഹമാണ് ഇരകൾക്ക് കിട്ടുക. ആ പണവും കൈവശം വയ്ക്കാനാവില്ല. ആർത്തവ സമയത്ത് സ്ത്രീകളെ താമസിപ്പിക്കുന്നത് ഗോഡൗൺ എന്ന് വിളിപ്പേരുള്ള കെട്ടിടത്തിലാണ്. ആവശ്യക്കാരുണ്ടെങ്കിൽ ഗുളിക കഴിപ്പിച്ചും അല്ലാതെയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കും. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് സുരേഷിന്റെ നേതൃത്വത്തിൽ അരങ്ങേറുക. ദുബായിൽ അൽ വാസി സ്റ്റുഡിയോയുടെ മറവിലാണ് കെ.വി.സുരേഷ് പെൺവാണിഭവും പണമിടപാടുകളും നടത്തിയിരുന്നത്.

ഈ അന്വേഷണത്തിനിടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പെൺവാണിഭ സംഘത്തിന്റെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചു. മനുഷ്യക്കടത്ത് ഇപ്പോഴും തുടരുന്നതായി കേസിലെ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യുവതിയെ കൈമാറുമ്പോൾ ഏജന്റുമാർക്ക് 50,000 രൂപയാണു കമ്മിഷൻ. ശരിയായ പാസ്‌പോർട്ട് പോലുമില്ലാത്ത യുവതികളെ കടത്തിയിരുന്നത് വ്യാജ യാത്രാരേഖകൾ വച്ചാണ്. പിടിക്കപ്പെട്ടാൽ വിദേശത്തു ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യം പെൺവാണിഭ സംഘങ്ങളുടെ നിർദേശങ്ങൾക്കു വിധേയരാകരാൻ ഇവരെ പ്രേരിപ്പിക്കുന്നുണ്ട്. വിദേശത്തു മികച്ച ജോലിവാഗ്ദാനം ചെയ്താണ് പ്രതികൾ ഇരകളെ ആകർഷിച്ചതെന്നാണ് സിബിഐ.യുടെ കുറ്റപത്രത്തിൽ പറയുന്നത്. വ്യാജയാത്രാരേഖകളിലാണ് ഇവരെ വിദേശത്തേക്കു കടത്തിയത്.

കഴക്കൂട്ടം സ്വദേശിനിയായ യുവതി മലയാളി സംഘടനകളുടെ സഹായത്തോടെ ഷാർജയിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയതോടെയാണ് മനുഷ്യക്കടത്തു റാക്കറ്റിനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കള്ളപാസ്പോർട്ടിൽ മുംബൈ വിമാനത്താവളത്തിൽ യുവതി പിടിയിലാകുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അവർ അകപ്പെട്ട ചതിയെക്കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതികൾ മനുഷ്യക്കടത്ത് നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.