- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുലാം നബിയുടെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ല; കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്; താനും പലതും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ല; ഇടഞ്ഞു നിൽക്കുന്ന ഗുലാം നബിക്ക് പിന്തുണയുമായി കെ വി തോമസ്; കോൺഗ്രസിലെ വിമത ഗ്രൂപ്പുകാരോട് അനുകൂല നിലപാടുള്ളവർ കേരളത്തിലും
തിരുവനന്തപുരം: ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ഗുലാം നബി ആസാദിന്റെയും കപിൽ സിബലിന്റെയും നേതൃത്വത്തിൽ കോൺഗ്രസ നേതൃത്വത്തിനെതിരെ വിമത ശബ്ദങ്ങൾ ഉയർത്തക്കഴിഞ്ഞു. ഇവർ 25 റാലികൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നത്. കേരളത്തിൽ അടക്കം തെരഞ്ഞെടുപ്പു നടക്കുന്ന വേളയിലെ ഈ പുകഴ്ത്തൽ സംസ്ഥാനത്തെ നേതാക്കളെയും രാഹുൽഗാന്ധിയെയുമൊന്നും അത്ര രസിപ്പിക്കുന്നില്ല.
അതിനിടെ ഗുലാം നബി ആസാദിന്റെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.വി തോമസ് അഭിപ്രായപ്പെട്ടു. ഗുലാം നബി ആസാദ് മുതിർന്ന നേതാവാണ്. കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. താനും പലതും പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ലെന്നും തോമസ് പറഞ്ഞു.
പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണ് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം. താൻ ചായ വിൽപ്പനക്കാരനാണെന്ന് തുറന്നുപറയുന്നു. മാതൃകയാക്കാവുന്ന ഗുണമാണത്. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗുലാം നബിയുടെ മോദി അനുകൂല പരാമർശം.
ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ ഗുജ്ജാർ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകൾ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ്വാലയെന്നാണ്. നരേന്ദ്ര മോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്', ആസാദ് പറഞ്ഞു.
രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനൽകിയതിന് പിറകേയാണ് ഗുലാം നബി ആസാദിന്റെ മോദി പ്രശംസ. ഗുലാം നബി ആസാദിന് വിടനൽകിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു. 2007-ലെ ഭീകരവാദ അക്രമത്തിൽ കശ്മീരിൽ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നൽകിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മോദി വികരാധീനനായത്.
ശനിയാഴ്ച കോൺഗ്രസിലെ തിരുത്തൽവാദികൾ പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒത്തുചേർന്ന് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപിന്ദർ സിങ് ഹൂഡ, മനീഷ് തിവാരി, വിവേക് തങ്ഖ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
'ഇത് സത്യം പറയാനുള്ള അവസരമാണ്. ഞാൻ സത്യം മാത്രമേ പറയൂ. എന്തുകൊണ്ടാണ് നാം ഇവിടെ കൂടിയത്? കാരണം നാം കാണുന്നുണ്ട്- കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന്. നാം നേരത്തേയും ഒത്തുചേർന്നിരുന്നു. ഒത്തൊരുമിച്ച് നമുക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്തണം', യോഗത്തിൽ കപിൽ സിബൽ പറഞ്ഞു. ശശി തരൂർ അടക്കമുള്ളവരും ഗുലാം നബി അടക്കമുള്ളവരോട് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്.
മറുനാടന് മലയാളി ബ്യൂറോ