കൊച്ചി: തിരുത മീനും റോമിലെ ബന്ധങ്ങളുമായിരുന്നു കെ വി തോമസിനെ കോൺഗ്രസിലെ ദേശീയ നേതാവാക്കിയത്. സോണിയാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഇത് രണ്ടും. ഇതിൽ തിരുതയും തോമസും തമ്മിലുള്ള ബന്ധം ഏറെ വലുതായിരുന്നു. കുമ്പളങ്ങിയിൽ നിന്ന് തിരുത മീൻ സോണിയയ്ക്ക് കൊടുത്താണ് കെവി തോമസ് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞതെന്ന് വാർത്തകളുണ്ടായിരുന്നു. തിരുത മീനും റോമിലെ ബന്ധങ്ങളും കോൺഗ്രസിൽ തോമസിന് കരുത്തായി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ നേതാവ് ഇനി ഇടതുപക്ഷത്താണ്. സിപിഎമ്മിന്റെ വിശ്വസ്തനായി മാറും കെവി തോമസ്.

കോൺഗ്രസുകാരനായാണ് പാർട്ടി കോൺഗ്രസിലേക്ക് പോകുന്നതെന്ന് കെവി തോമസ് പറയുന്നു. എന്നാൽ കണ്ണൂരിലേക്ക് പോയാൽ കെവി തോമസിനെ പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ തോമസിന് പുറത്തേക്ക് പോകേണ്ടി വരും. സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലേക്ക് ശശി തരൂരിനും ക്ഷണമുണ്ടായിരുന്നു. എന്നാൽ ശശി തരൂർ ഹൈക്കമാണ്ട് നിർദ്ദേശം പാലിച്ച് വേണ്ടെന്ന് വച്ചു. പക്ഷേ തോമസ് രണ്ടും കൽപ്പിച്ച് പോവുകയാണ്. അതുകൊണ്ട് തന്നെ ഇനി കെവി തോമസിന് കോൺഗ്രസിൽ സ്ഥാനമുണ്ടാകില്ല. ഇടതു സഹയാത്രികനായകും ഇനി കേരള രാഷ്ട്രീയത്തിൽ കെവി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് സൂചന.

ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വിഭവമായാണ് തിരുത. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യമാണ് . വേഗത്തിലുള്ള വളർച്ച, മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയർന്ന കമ്പോളവില എന്നിവയാണ് തിരുതയുടെ പ്രശസ്തിക്കു കാരണം. ഈ പ്രശസ്തി തോമസിനും ഗുണകരമായി എന്നാൽ കോൺഗ്രസിലുള്ള പലരും വിശ്വസിക്കുന്നത്. റോമിലെ ബന്ധവും സോണിയയുമായി അടുപ്പം സ്ഥാപിക്കാൻ കരുത്തായി മാറി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പലരും തോമസിന് എതിരായിരുന്നു. പക്ഷേ സോണിയയുടെ കരുത്തിലാണ് കേന്ദ്ര മന്ത്രിയായി പോലും തോമസ് എത്തിയത്. സോണിയയുടെ അതിവിശ്വസ്തനാണ് കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോകുന്നത്.

കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും നഷ്ടമായി. ഇതാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിലേക്ക് തോമസിനെ എത്തിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ച ഏക സിറ്റിങ് എംപിയായിരുന്നു തോമസ്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നൽകിയില്ല. കെപിസിസി വർക്കിങ് പ്രസിഡന്റാക്കി മാറ്റിയെങ്കിലും അധിക കാലം പദവി ഉണ്ടായില്ല. പിന്നീട് കെവി തോമസിനെ കോൺഗ്രസ് പരിഗണിച്ചതേ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും കെവി തോമസ് നേതൃത്വത്തിനെതിരെ കലാപം ഉയർത്തിയിരുന്നു. പിന്നീട് മൗനത്തിലായി. സിപിഎം പാർട്ടി കോൺഗ്രസ് മികച്ച അവസരമായി കാണുകയും ചെയ്തു. ഫലത്തിൽ കോൺഗ്രസ് വിടുകയാണ് കെവി തോമസ്.

സോണിയയും തിരുതയും

ഓരുജല മത്സ്യമാണെങ്കിലും തിരുത ശുദ്ധജലത്തിലും നന്നായി വളരും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. മീനിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. തിരുത മത്സ്യത്തിന് സുമാർ 90 സെന്റിമീറ്റർ നീളമുണ്ടായിരിക്കും; ഏഴ് കിലോഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാർശ്വഭാഗങ്ങൾ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് ഗ്രേ മുള്ളറ്റ്, ഫ്‌ളാറ്റ്ഹെഡ് മുള്ളറ്റ് എന്നീ പേരുകൾ ലഭിച്ചത്. ഉദരഭാഗത്തിന് വെള്ളിനിറമായിരിക്കും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്.

തിരുത ജലാശയങ്ങൾക്കടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലുമാണ് ഇര തേടുന്നത്. കാലവർഷക്കാലത്ത് ധാരാളം എക്കൽ അടിഞ്ഞുകൂടുമ്പോൾ ഇവ കൂട്ടം കൂട്ടമായി നദീമുഖങ്ങളിലും കായലുകളിലും ഇരതേടാനെത്തുന്നു. തിരുത മത്സ്യം ഒരു സസ്യഭുക്കായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇവ ജന്തുപ്ലവങ്ങളെ ആഹാരമാക്കാറുണ്ട്. അതുകൊണ്ട് തന്നെ മീനിന് രുചി ഏറെയാണ്. തിരുത ഒരു ഉത്തമ വളർത്തുമത്സ്യമാണ്. വളരെ വേഗത്തിലുള്ള വളർച്ച, സസ്യാഹാരരീതി, മറ്റു മത്സ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവ്, രുചിയേറിയ ദശ എന്നീ സവിശേഷതകളാണ് ഇവയെ ഒരു നല്ല വളർത്തുമത്സ്യമെന്ന നിലയിൽ മുൻനിരയിലാക്കുന്നത്.

കടലോരങ്ങളിലെ ലവണ ജലതടാകത്തിൽ വളരുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തി ശുദ്ധജലാശയങ്ങളിലും വളർത്തുന്നുണ്ട്. ഇത് കുമ്പളങ്ങിയിൽ ഏറെയുണ്ട്. ഈ സാഹചര്യവും സോണിയയുടെ ഇഷ്ടവുമാണ് കെവി തോമസിന് കോൺഗ്രസിൽ വളർച്ചയായി മാറിയത്. ഇതിനൊപ്പം റോമിലെ ബന്ധങ്ങളും സോണിയയേയും കെവി തോമസിനേയും അടുപ്പിച്ചു. എപ്പോഴും തോമസിന് സോണിയയുടെ വീട്ടിലേക്ക് കയറി ചെല്ലാമായിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. സോണിയയുടെ അമ്മയും തോമസിന്റെ ബന്ധുവമായുള്ള ആത്മബന്ധവും ഇതിന് കാരണമായി മാറി.

എന്നാൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി കെസി വേണുഗോപാൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. സോണിയ പാർട്ടിക്കാര്യങ്ങളിൽ ഇടപെടുന്നതും അവസാനിപ്പിച്ചു. കേരളത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെവി തോമസിന് എതിരായിരുന്നു. കെപിസിസി അധ്യക്ഷനായെത്താനും ഇതിനിടെ കെവി തോമസ് ശ്രമിച്ചു. സോണിയയുടെ വിശ്വസ്തനെന്ന ലേബലിൽ ആയിരുന്നു ഇത്. എന്നാൽ എറണാകുളത്തെ കോൺഗ്രസുകാരിൽ കെവി തോമസിന് പിന്തുണ കുറഞ്ഞു. ഇതെല്ലാം ഹൈക്കമാണ്ടിന് മുന്നിലെത്തി. അങ്ങനെ ആ നീക്കവും പൊളിഞ്ഞു.

മോദി കൺഫർട്ടബിൾ!

ഒരു കാലത്ത് സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. സോണിയയ്ക്ക് പകരം രാഹുൽ എത്തിയതോടെ തോമസ് ചാഞ്ചാട്ടം തുടങ്ങി.

കൊച്ചിയിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് തോമസ് എല്ലാം മറന്നു മോദി സ്തുതി ചൊരിഞ്ഞു. സ്വന്തം തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് മോദിയെന്നും സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളെക്കാൾ താൻ കൂടുതൽ കംഫർട്ടബിൾ ആകുന്നതു മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്നും തോമസ് പറഞ്ഞിരുന്നു. ഇത് അവസരമാക്കിയാണ് സോണിയയിൽ നിന്ന് തോമസിനെ അകറ്റിയത്.