- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മാഡം ഗാന്ധിയുമായി അന്നും ഇന്നും അടുത്ത ബന്ധം; രാഹുൽ ഗാന്ധി എനിക്കെന്റെ മൂത്ത മകനെ പോലെ; പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നില്ല; ദിവസങ്ങൾ കാത്തിരുന്നിട്ടും കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്; ഹൈക്കമാൻഡിനെ തള്ളാതെ കെ വി തോമസ്
കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശം മറികടന്നാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് സെമിനാറിന് എത്തിയതെങ്കിലും കോൺഗ്രസ് നേതാവ് കെ വി തോമസ് ഇടതുപക്ഷത്തേക്ക് ചേക്കേറുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ദേശീയ നേതൃത്വത്തെ തള്ളിപ്പറയാതെയാണ് കെ വി തോമസ് ചാനൽ അഭിമുഖങ്ങളിലും സംസാരിച്ചത്.
കോൺഗ്രസ് നേതൃത്വവുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മാഡം ഗാന്ധിയും താനുമായി അന്നും ഇന്നും ശക്തമായ ബന്ധമുണ്ട്. എന്നാൽ പുതിയ നേതൃത്വവുമായി (രാഹുൽ ഗാന്ധി) ആ ബന്ധമില്ല. 2018 ഡിസംബറിന് ശേഷം തനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. തന്റെ മാത്രം കാര്യമല്ല ഇതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.
പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നില്ല. എത്രയോ ദിവസങ്ങൾ കാത്തിരുന്നിട്ടും കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. തനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവാണ് സോണിയ ഗാന്ധി. രാഹുൽ എനിക്കെന്റെ മൂത്ത മകനെ പോലെയാണ്. രാഹുൽ ഗാന്ധി നാളെ പ്രധാനമന്ത്രിയായാൽ ഏറ്റവും സന്തോഷിക്കുന്നയാളായിരിക്കും താൻ. എന്നാൽ ചില കാര്യങ്ങളിൽ നിലപാടെടുക്കാതെ കഴിയില്ലെന്നും സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് കെവി തോമസ് പറഞ്ഞു.
താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. സി പി എമ്മിനോട് താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവർ തനിക്ക് മുന്നിൽ ഒരു ഓഫറും വെച്ചിട്ടില്ല. സി പി എമ്മിന്റെ സംസ്ഥാന നേതൃത്വമല്ല, കേന്ദ്ര നേതൃത്വമാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്ക് തന്നെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടിക്കകത്ത് വളഞ്ഞിട്ട് ആക്രമിക്കുകയാണ്. താൻ ഗ്രൂപ്പിൽ നിന്നു മാറിയതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത്? 2004 ൽ താൻ ഗ്രൂപ്പിൽ നിന്ന് മാറി. താൻ മാത്രമാണോ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ വഹിച്ചത്? എന്നെക്കാൾ കൂടുതൽ സ്ഥാനം വഹിച്ചവരും തന്നേക്കാൾ പ്രായമുള്ളവരും പാർട്ടിയിൽ ഇല്ലേ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ എവിടെയെങ്കിലും അക്കമൊഡേറ്റ് ചെയ്യണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതാണ്. എവിടെയും സീറ്റ് തന്നില്ലെന്നും കെവി തോമസ് പറഞ്ഞു.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തോമസ് പുകഴ്ത്തി. കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയനെന്ന് കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.വി തോമസ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്, പറഞ്ഞ വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്യാറുണ്ടെന്ന് മുഖ്യമന്ത്രിയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട നാളത്തെ സെമിനാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം വച്ചാണ് തുടങ്ങുകയെന്നും കെ.വി തോമസ് പറഞ്ഞു. കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. നെടുമ്പാശേരി വിമാനത്താവള കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചാണ് പോയതെന്നും കെ റെയിൽ വികസന കാര്യത്തിൽ ജോയിപ്പ് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാൻ.സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്നലെ വൈകുന്നേരമാണ് കണ്ണൂരിലെ വിമാനത്താവളത്തിലെത്തിയത്. കരഘോഷങ്ങളോടെയും ചുവപ്പ് ഷാളണിയിച്ചും അദ്ദേഹത്തിന് സിപിഎം പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
മറുനാടന് മലയാളി ബ്യൂറോ