- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന മുറിവുകൾ...കണ്ണീർ പടരുന്ന ജീവിതപ്പാതകൾ...മൗനത്തിലേക്ക് ആണ്ടു പോകുന്ന വാക്കുകൾ... കപ്പൽച്ചേതം സംഭവിക്കുന്ന സ്വപ്നങ്ങൾ... ഒരുപാടുകാലം ഒന്നിച്ചു യാത്ര ചെയ്ത വഴികൾ മുന്നിൽ അനന്തമായി നീണ്ടു കിടന്നു... മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയാവുകയാണ് ...ഓരോ വിവാഹ മോചനവും ഓരോ മരണമാണ്: വിവാഹ മോചനം പൂർത്തിയാക്കി കോടതിക്ക് വെളിയിൽ ഇറങ്ങിയ മാധ്യമ പ്രവർത്തകനായ കെ എ ഷാജി ഫെയ്സ് ബുക്കിൽ കുറിച്ചത്
വക്കീലാഫീസിൽ നിന്നിറങ്ങുമ്പോൾ എവിടേയ്ക്ക് പോകണം എന്നതിന് ഒരു തീർച്ച ഉണ്ടായിരുന്നില്ല. മുന്നിൽ വെയിൽ തിളയ്ക്കുന്ന വഴികൾ നീണ്ടു കിടന്നു. പഴയ സഹപ്രവർത്തകനായിരുന്ന മിൻടി തേജ്പാലും അദ്ദേഹം എഴുതിയ ദി ലാസ്റ്റ് ലവ് ലെറ്റർ എന്ന പുസ്തകവും ഓർമ്മ വന്നു. ഒരിക്കൽ കൂടി അത് വായിക്കാൻ തോന്നി. ആമസോണിൽ നോക്കുമ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക്. കോടതി ഉത്തരവ് കൈമാറുമ്പോൾ വക്കീൽ ചോദിച്ചിരുന്നു: എന്താ ഒരു ഉഷാർ ഇല്ലാത്തത്? നമുക്കൊന്ന് ആഘോഷിക്കണ്ടേ?മറുപടി ചിരിയിലോതുക്കുമ്പോൾ അടുത്ത ചോദ്യം: ''എന്തെങ്കിലും ആലോചനയിലുണ്ടോ?'' രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ചായിരുന്നു ചോദ്യം എന്ന് ഉറപ്പായിരുന്നതിനാൽ അതും കേട്ടില്ലെന്ന് നടിച്ചു.കാർ ലക്ഷ്യമില്ലാതെ നീങ്ങി. ദേശീയ പാതയിൽ കടന്നപ്പോൾ ചെറിയ സമാധാനം തോന്നി. കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോകാം.നാല് വർഷത്തെ പ്രണയം, അതിന്റെ തുടർച്ചയായ സാഹസീകമായ വിവാഹം. പതിനൊന്നു വർഷത്തെ ഒരുമിച്ചുള്ള ജീവിതം. അതിനു ശേഷമുള്ള അകല്ച്ചയുടെയും വേദനകളുടെയും നാല് വർഷങ്ങൾ.ഈ നാലു വർഷങ്ങളിൽ ഏറ്റവുമധികം കേട്ട
വക്കീലാഫീസിൽ നിന്നിറങ്ങുമ്പോൾ എവിടേയ്ക്ക് പോകണം എന്നതിന് ഒരു തീർച്ച ഉണ്ടായിരുന്നില്ല.
മുന്നിൽ വെയിൽ തിളയ്ക്കുന്ന വഴികൾ നീണ്ടു കിടന്നു.
പഴയ സഹപ്രവർത്തകനായിരുന്ന മിൻടി തേജ്പാലും അദ്ദേഹം എഴുതിയ ദി ലാസ്റ്റ് ലവ് ലെറ്റർ എന്ന പുസ്തകവും ഓർമ്മ വന്നു.
ഒരിക്കൽ കൂടി അത് വായിക്കാൻ തോന്നി.
ആമസോണിൽ നോക്കുമ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക്.
കോടതി ഉത്തരവ് കൈമാറുമ്പോൾ വക്കീൽ ചോദിച്ചിരുന്നു: എന്താ ഒരു ഉഷാർ ഇല്ലാത്തത്? നമുക്കൊന്ന് ആഘോഷിക്കണ്ടേ?
മറുപടി ചിരിയിലോതുക്കുമ്പോൾ അടുത്ത ചോദ്യം: ''എന്തെങ്കിലും ആലോചനയിലുണ്ടോ?''
രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ചായിരുന്നു ചോദ്യം എന്ന് ഉറപ്പായിരുന്നതിനാൽ അതും കേട്ടില്ലെന്ന് നടിച്ചു.
കാർ ലക്ഷ്യമില്ലാതെ നീങ്ങി. ദേശീയ പാതയിൽ കടന്നപ്പോൾ ചെറിയ സമാധാനം തോന്നി. കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോകാം.
നാല് വർഷത്തെ പ്രണയം, അതിന്റെ തുടർച്ചയായ സാഹസീകമായ വിവാഹം. പതിനൊന്നു വർഷത്തെ ഒരുമിച്ചുള്ള ജീവിതം. അതിനു ശേഷമുള്ള അകല്ച്ചയുടെയും വേദനകളുടെയും നാല് വർഷങ്ങൾ.
ഈ നാലു വർഷങ്ങളിൽ ഏറ്റവുമധികം കേട്ട ഒരു ചോദ്യമുണ്ട്: ''ആരുടെ ഭാഗത്താണ് തെറ്റ് ?''
ഒറ്റവാക്കിൽ മറുപടി പറയാൻ ആകാത്തതിനാൽ പലർക്കും മുന്നിൽ മൗനിയായി.
മനസ്സിലാകുന്നവരോട് മാത്രം പറഞ്ഞു: ''ഒരാളോട് മാത്രം ചോദിച്ചാൽ കിട്ടുന്നത് ആ വ്യക്തിയുടെ മാത്രം വേർഷൻ ആയിരിക്കും. സ്വയം ന്യായീകരണം മാത്രമേ ഉണ്ടാകൂ.. രണ്ടു വശവും ചോദിച്ചു മനസ്സിലാക്കിയാൽ മാത്രമേ വ്യക്തമായ ചിത്രം കിട്ടൂ..
ഇനി അങ്ങനെ ഒരു ചിത്രം കിട്ടിയിട്ട് തന്നെ എന്തിനാണ്?''
സ്വയം ന്യായീകരിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന വൃഥാ വ്യയാമങ്ങളിൽ വിശ്വാസം ഇല്ലായിരുന്നു.
മുൻവിധിയോടെ വിചാരണ ചെയ്യാൻ വന്നവരെ പലപ്പോഴും അവഗണിച്ചു. സഹികെട്ട സന്ദർഭങ്ങളിൽ മാത്രം അവരെ നേരിട്ടു.
എല്ലാ മാനുഷിക ബന്ധങ്ങളും കോംബാറ്റിബിലിറ്റിയിൽ അധിഷ്ഠിതമാണ് എന്നത് പലർക്കും മനസ്സിലായിരുന്നില്ല.
ബന്ധങ്ങൾ പലപ്പോഴും പ്രതീക്ഷകളുടെതാണ്. ഇരുപക്ഷവും ഒരുപാടൊരുപാട് പ്രതീക്ഷിക്കുന്നു.
സ്വന്തം ഇഷ്ടങ്ങളിലേക്ക് മറ്റൊരാളെ പരിവർത്തനം ചെയ്‌തെടുക്കാൻ നോക്കുന്നു.
അഭിപ്രായങ്ങൾ, ആലോചനകൾ, തീരുമാനങ്ങൾ...
എവിടെയെല്ലാമോ ചില മനുഷ്യർക്ക് തെറ്റി പോകുന്നു. ചില കണക്കു കൂട്ടലുകൾ മാറുന്നു. ചില തീരുമാനങ്ങൾ പാളി പോകുന്നു.
അത് ആ രണ്ടു മനുഷ്യർക്കായി വിട്ടു കൊടുത്താൽ മതി.
ആദ്യത്തെ വക്കീൽ പറഞ്ഞു: കഥ പറ.
കഥ മുഴുവൻ കേട്ടപ്പോൾ അയാൾ ചോദിച്ചു: ഇത് കോടതിയിൽ പറഞ്ഞാൽ നിങ്ങൾക്ക് വിജയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം ഇല്ലാതെ ഇരുന്നപ്പോൾ വക്കീൽ വേറെ ഒരു കഥ പറഞ്ഞു.
ഭാവനയിൽ ഉണ്ടായ കഥ. എന്നിട്ടുപദേശിച്ചു: ''ഈ കഥയാണ് നിങ്ങൾ കോടതിയിൽ പറയേണ്ടത്.''
''അങ്ങനെയൊന്നും പറയാൻ പറ്റില്ല സാർ. ഒന്നാമതായി അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. രണ്ടാമതായി ഇല്ലാത്ത കാര്യം ആരെ കുറിച്ചും പറഞ്ഞു ശീലമില്ല.''
കടുത്ത പുച്ഛത്തോടെ അയാൾ നോക്കി.
പഴയ എം എൽ എ മുതൽ പഴയ ബോസ്സ് ദാസൻ നായർ വരെ വിളിച്ചു വിരട്ടി: ''കോടതിയിലൊന്നും പോയിട്ട് കാര്യമില്ല. ഞങ്ങൾ പറയുന്നത് കേട്ട് അനുസരിച്ചാൽ മതി.''
നായരോട് അന്ന് യു ടൂ എന്ന് പറയേണ്ടതായിരുന്നു.
രണ്ടു മനുഷ്യർ തമ്മിലുള്ള ഏതു തർക്കത്തിലും കട്ട പഞ്ചായത്തുകൾ കൊണ്ട് കാര്യമില്ല എന്ന് പറഞ്ഞു നോക്കി. കാര്യം ഉണ്ടായില്ല.
കോടതി മുറിയുടെ പുറത്ത് കണ്ടപ്പോൾ പലപ്പോഴും ചിരിച്ചു. സംസാരിച്ചു. ഈ ഒരു റോളിൽ ഒതുപോകില്ല എന്നേയുള്ളു. മറിച്ച് രണ്ടു മനുഷ്യർ എന്ന നിലയിൽ ഈ ഭൂമിയിൽ പരസ്പര ആദരവും ബഹുമാനവും നിലനിർത്തി മുന്നോട്ടു പോകാൻ ആകും എന്ന ബോധ്യത്തിലെത്താൻ സമയം എടുത്തു.
ഏച്ചുകെട്ടലുകളിൽ കാര്യം ഇല്ലെന്നും.
ആരുടെ തെറ്റ്, ആരുടെ ശരി എന്നതിനപ്പുറം അതിജീവനത്തെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നിരുന്നു.
പക്ഷെ അവിടെയും വെറുപ്പും വിദ്വേഷവും കാര്യങ്ങളെ കലുഷിതം ആക്കാത്ത വഴികളെ കുറിച്ചായിരുന്നു ആലോചന.
ഓരോ വിവാഹ മോചനവും ഓരോ മരണമാണ്. ഒരു വട്ടം തന്നെ ആലോചിക്കാൻ വയ്യ. മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന മുറിവുകൾ. കണ്ണീർ പടരുന്ന ജീവിതപ്പാതകൾ. മൗനത്തിലേക്ക് ആണ്ടു പോകുന്ന വാക്കുകൾ. കപ്പൽച്ചേതം സംഭവിക്കുന്ന സ്വപ്നങ്ങൾ. മറക്കാൻ ശ്രമിക്കും തോറും തെളിഞ്ഞു വരുന്ന കൂട്ടായ ഒരു ഭൂതകാലം.
ഒറ്റപ്പെടലുകളുടെ തീവ്ര വേദന. നിസ്സഹായതകൾ. ഒരു വശത്ത് മാത്രമല്ല അത് സംഭവിക്കുന്നത് എന്നും മറുവശത്തും സ്ഥിതി സമാനം ആണെന്നും അറിയുമ്പോൾ ആണ് ഈഗോകൾ പോയി തുടങ്ങുക.
വേർപാടുകളുടെ നാളുകൾ രണ്ടു തരം മനുഷ്യരെ കാണിച്ചു തരും. എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു കൂട്ടർ. അവർ ഗ്യാലറിയിൽ ഇരുന്നു കയ്യടിക്കും. സ്ഥിതി വഷളാക്കും. അടുത്ത കൂട്ടർ ആണ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ. കാര്യാ കാരണ വിവേചനത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നവർ. യോജിപ്പിലും വിയോജിപ്പിലും സ്‌നേഹവും നന്മയും നീതിബോധവും ഉള്ളവർ.
ദേശീയ പാതയിൽ എവിടെയോ ഒരു പോയിന്റിൽ വാഹനം നിന്നു. വഴികൾ മുന്നിൽ അനന്തമായി നീണ്ടു കിടന്നു.
ഒരുപാടുകാലം ഒന്നിച്ചു യാത്ര ചെയ്ത വഴികൾ. ഇനിയാ യാത്രകൾ ഇല്ല. വഴികൾ അതെ മാതിരി നിലനിൽക്കുന്നു എങ്കിലും.
മടങ്ങി പോരുമ്പോൾ ആ വരികൾ ഓർമയിൽ വന്നു: മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയായ്.....