അങ്കമാലി: സിനിമയിലും സീരിയലിലുമെല്ലാം ചാൻസ് വാഗ്ദാനം ചെയ്തും തൊഴിലവസരങ്ങൾ ഉണ്ടെന്ന് കാട്ടിയും പരസ്യം നൽകി യുവതികളെ ആകർഷിച്ച് കെണിയിൽ കുരുക്കി ഹൈടെക് പെൺവാണിഭം നടത്തിയതിന് പിടിയിലായ കൊല്ലം സ്വദേശി കാള ജോൺ ഇതുവരെ തന്റെ ഇരകളാക്കിയത് ഏതാണ്ട് അഞ്ഞൂറോളം പേരെയെന്ന് പൊലീസ്. കോട്ടയം സ്വദേശിനിയായ 26കാരിയുടെ പരാതിയെ തുടർന്നാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആന്റോ എന്ന ജോൺ (62) പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് നൂറുകണക്കിന് വിവാഹിതകളും അവിവാഹിതകളുമായ നൂറുകണക്കിന് സ്ത്രീകളെ ഇയാൾ വലയിൽകുരുക്കിയെന്ന ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്.

തൃക്കാക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മീഡിയ റിസർച്ച് സെന്ററിന്റെ ബ്രാഞ്ചായി ചെങ്ങമനാട് തുടങ്ങിയ സ്ഥാപനം വഴിയാണ് വീട്ടമ്മമാരെയും യുവതികളെയും ജോണിന്റെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ പരസ്യം ഇന്റർനെറ്റിൽ കൊടുത്ത് യുവതികളെ ആകർഷിച്ചു കെണിയിൽപെടുത്തുകയായിരുന്നു. ഇതിനായി സിനിമയിലും സീരിയലിലും ചാൻസുണ്ടെന്ന് വ്യക്തമാക്കിയും തൊഴിലവസരങ്ങളുണ്ടെന്നു പറഞ്ഞും പരസ്യം നൽകും. ഇത്തരത്തിൽ എത്തുന്ന യുവതികളെയും പെൺകുട്ടികളെയും മയക്കിയ ശേഷം നഗ്നരംഗങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കും. തുടർന്ന് ഇതുകാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വശത്താക്കും.

സിനിമാ-സീരിയൽ മേഖലകളിലും ബ്യൂട്ടീഷ്യൻ മേഖലകളിലും പ്രവർത്തിക്കുന്ന യുവതികളാണ് കാളജോണിന്റെ ഇരകളായിരുന്നവരിൽ ഭൂരിഭാഗവും. തങ്ങൾ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ ചിത്രങ്ങൾ ഇന്റർനെറ്റിലിടുമെന്ന് ആ ദൃശ്യങ്ങൾ കാട്ടിത്തന്നെ ഇരകളെ വിരട്ടിയാണ് ഇയാൾ പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്.

വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം പേരെങ്കിലും ജോണിന്റെ ഇരകളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. എതിർക്കുന്നവരുടെ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആരും പരാതി നൽകാൻ ഇതുവരെ തയാറാകാതിരുന്നതെന്ന് പൊലീസ് കരുതുന്നു. ഇവരെയെല്ലാം ഭീഷണിപ്പെടുത്തി രാഷട്രീയ-സിനിമ-പൊലീസ് രംഗത്തുള്ളവർക്ക് കാഴ്ചവച്ചതായും ഉന്നതരായ പലരും ജോണിന്റെ കക്ഷികളിൽ ഉൾപ്പെട്ടിരുന്നതായുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നെടുമ്പാശേരി വിമാനത്താവളം കേന്ദ്രമാക്കി പെൺവാണിഭ ശൃംഖല വളർത്താനായി അത്താണിയിൽ പുതുതായി നിർമ്മിക്കുന്ന ഫ്ളാറ്റിൽ സൗകര്യങ്ങൾ ഒരുക്കി വരികയായിരുന്നുവെന്നും ഇതിനിടയിലാണ് പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിനി ചെങ്ങമനാട് പൊലീസിനു നൽകിയ പരാതിയിൽ ജോൺ പീഡിപ്പിച്ചതായും മറ്റു പലർക്കും കാഴ്ചവച്ചതായും പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ പൊലീസ് കുരുക്കുന്നത്. പ്രതിയെ രക്ഷിക്കാൻ ഇപ്പോഴേ രാഷ്ട്രീയ പൊലീസ് ഉന്നതർ ഇടപെട്ടുതുടങ്ങിയതായ സൂചനകളും പുറത്തുവരുന്നുണ്ട്. പരാതി നൽകിയ യുവതിക്കു നേരെയും ഭീഷണി ഉയർന്നിട്ടുണ്ട്. പരാതി പിൻവലിക്കണമെന്ന് ആവശ്യം ശക്തമായതോടെ തന്റെ ജീവനു ഭീഷണിയുള്ളതായി യുവതി പൊലീസിൽ പരാതിയും നൽകിയിരിക്കുകയാണ്.

അതേസമയം, ജോണിന്റെ കൂടെയുള്ളവരെ പിടികൂടാത്തതിലും ദുരൂഹത ഉയരുന്നുണ്ട്. ജോൺ ഓൺലൈൻ വാണിഭമാണ് നടത്തുന്നതെന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള അന്വേഷണമോ തുടർ നടപടികളോ ഉണ്ടായില്ല. പ്രതിയിൽ നിന്ന് രണ്ട് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇടപാടുകാരുടെ വിവരങ്ങൾ ഇതിലുണ്ടെന്നും എന്നാൽ അവരിൽ ഉന്നതരും ഉൾപ്പെട്ടിട്ടുള്ളതിനാൽ തുടർനടപടിക്ക് പൊലീസ് മടിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഉന്നതർ ഇടപെട്ടതോടെ അന്വേഷണം ഇപ്പോഴത്തെ യുവതിയെ പീഡിപ്പിച്ച കേസ് മാത്രമായി ഒതുക്കാനും മറ്റുള്ളവരെ രക്ഷിക്കാനും പൊലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഒരു വർഷം മുമ്പ് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ചെങ്ങമനാട് ജംഗ്ഷനിൽ മീഡിയാ റിസർച്ച് സെന്റർ ശാഖ തുടങ്ങിയത്. നെടുമ്പാശ്ശേരി കരിയാട്ടെ വാടക വീട്ടിലായിരുന്നു വാണിഭകേന്ദ്രം. സിനിമാ രംഗത്ത് നിരവധി പേരുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാൾ ഇടപാടുകൾ കൊഴുപ്പിച്ചത്. ആലുവ ഡിവൈ.എസ്‌പി കെ.ജി. ബാബുകുമാറിന്റെ നിർദ്ദേശപ്രകാരം അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസ് ആണ് ജോണിനെ അറസ്റ്റ് ചെയ്തത്.

ഗ്‌ളോബൽ മീഡിയ റിസർച്ച് സെന്റർ എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 2015 ജൂൺ മുതൽ നെടുമ്പാശേരി കരിയാട് പൊന്നംപറമ്പ് റോഡിൽ എല്ലുപൊടി കമ്പനിക്കു സമീപം വീട് വാടകയ്‌ക്കെടുത്ത് തന്നെ താമസിപ്പിക്കുകയായിരുന്നുവെന്ന് കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ 26കാരി ചെങ്ങമനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി കൊണ്ടുപോയി ചെന്നൈ വസന്തനഗറിലെ ലോഡ്ജിൽ മുറിയെടുത്ത് ഒരാഴ്ചയോളം പലർക്കായി കാഴ്ചവച്ചു. പിന്നീട് മുംബയിലേക്കു പോകണമെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ പെൺകുട്ടി വീട്ടുകാരുമായി ബന്ധപ്പെട്ട് തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. പീഡിപ്പിച്ചവരിൽ ചിലരുടെ മുഖം ഓർമ്മയുള്ളതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സിനിമയിൽ എക്‌സ്ട്രാ നടിമാരെ നൽകുന്ന ഏർപ്പാടുള്ള ജോൺ കുറച്ചുകാലം മുമ്പ് ഒരു സിനിമാ സെറ്റിൽവച്ച് ഒരു നടിയോട് മോശമായി പെരുമാറിയിരുന്നു. കായംകുളം, തിരുവല്ല, പെരുമ്പാവൂർ, തമിഴ്‌നാട് കാട്ടുപക്കം എന്നിവിടങ്ങളിൽ നിന്നായി ഇയാൾ നാല് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യവിവാഹത്തിൽ രണ്ട് പെൺമക്കളുണ്ട്. പരാതിക്കാരിയുടെ വീടിനു സമീപം ജോണിന്റെ സഹോദരിയുടെ വീടുണ്ട്. ഇവിടെ വച്ചാണ് ഇരുവരും പരിചയത്തിലായത്. 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും പ്രതി കബളിപ്പിച്ചെടുത്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.