കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ പൊലിസ് ചുമത്തിയ കാപ്പ റദ്ദാക്കി. ഇന്ന് ചേർന്ന കാപ്പ അഡൈ്വസറി ബോർഡിന്റെതാണ് നടപടി. തനിക്കെതിരെ കാപ്പ ചുമത്തിയതിനെതിരെ അർജുൻ ആയങ്കി നൽകിയ ഹർജിയിലാണ് നടപടി. സാധാരണ പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെയാണ് കാപ്പ ചുമത്താറുള്ളതെങ്കിലും രാഷ്ട്രീയ ഇടപെടൽ കാരണം അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുകയായിരുന്നു.

കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡൈ്വസറി ബോർഡിന്റെ നടപടി.സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി മെയ് ആദ്യ വാരമാണ് അർജുൻ ആയങ്കിക്കെതിരെ നടപടിക്ക് പൊലീസ് ശുപാർശ നൽകിയത്. കമ്മീഷണർ ആർ ഇളങ്കോയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറിയത്.

2017-ന് ശേഷം സ്വർണക്കടത്ത് കേസല്ലാതെ മറ്റു കേസുകൾ തനിക്കെതിരെയില്ലെന്ന് അർജുൻ ആയങ്കി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അർജുൻ ആയങ്കി ജയിൽമോചിതനാണ്. ഇതിനിടെയാണ് ഡി.വൈ. എഫ്. ഐ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചു അന്നത്തെ ജില്ലാസെക്രട്ടറി എം.ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്.

ഡി.വൈ. എഫ്. ഐ ജില്ലാപ്രസിഡന്റ് മനുതോമസിനെ പൊതുജനമധ്യത്തിൽ അപമാനിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു പരാതി. ഇതേ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. പാർട്ടിക്ക് നിരന്തരമായ തലവേദനയായതിനെ തുടർന്നാണ് സി.പി. എം ഭരിക്കുന്ന ആഭ്യന്തരവകുപ്പ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം നടത്തിയത്. ഇതേ തുടർന്നാണ് സ്വർണക്കടത്ത് കേസിൽ മാത്രം പ്രതിയായ അർജുൻ ആയങ്കിയെ കാപ്പ ചുമത്തി നാടുകടത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇതു പിൻവലിക്കേണ്ടി വന്നത് ആഭ്യന്തരവകുപ്പിനും പൊലിസിനും തിരിച്ചടിയായിരിക്കുകയാണ്.

.നിരന്തരമായി ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തടയാനും കരുതൽ തടങ്കലിൽ പാർപ്പിക്കാനും വേണ്ടി 2007ൽ കൊണ്ടുവന്നതാണ് കാപ്പ നിയമം. ഏഴ് വർഷത്തിനിടെ ഗുണ്ടാ ആക്രമണ സ്വഭാവമുള്ള മൂന്ന് കേസുകളിൽ പ്രതിയായാൽ അയാൾ ഇനിയും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കാപ്പ ചുമത്താൻ ശുപാർശ ചെയ്യാം. ജില്ലാ പൊലീസ് മേധാവിയാണ് കളക്ടറോട് ശുപാർശ നടത്തേണ്ടത്. കളക്ടർ ഇതിന്മേൽ നിയമോപദേശകരുടെ റിപ്പോർട്ട് തേടും. കളക്ടർ അനുകൂലമായി ഉത്തരവിട്ടാൽ ആറ് മാസം വരെ ആളെ കരുതൽ തടങ്കലിൽ വെയ്ക്കാം. ഗുണ്ടകളുടെ രാഷ്ട്രീയ സ്വാധീനവും നിയമോപദേശകരുടെ കെടുകാര്യസ്ഥതയും കാപ്പ പ്രയോഗിക്കുന്നതിന് തടസമാകുന്നുണ്ടെന്ന് പൊലീസിൽ തന്നെ പരാതിയുണ്ട്.