- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനരോഷം ഇരമ്പിയപ്പോൾ രക്ഷകരെല്ലാം കൈവിട്ടു; ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമിനെതിരെ മനസില്ലാ മനസോടെയെങ്കിലും കാപ്പ ചുമത്തി അധികൃതർ: വിവാദ വ്യവസായിക്കെതിരായ പതിമൂന്ന് കേസുകളിൽ അഞ്ചെണ്ണം കാപ്പ നിയമത്തിന്റെ പരിധിയിൽ
തൃശ്ശൂർ: കാശുള്ളവന് മുന്നിൽ നിയമം നടപ്പാക്കേണ്ടവർ ഓച്ഛാനിച്ച് നിന്നിട്ടും ജനങ്ങളുടെ രോഷം ശക്തമായതോടെ ഗതികെട്ട് ഒടുവിൽ ഒരു നടപടി. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മർദ്ദിച്ചും ഹമ്മർ കൊണ്ട് ഇടിപ്പിച്ചു മൃഗീയമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെതിരെ ഒടുവിൽ കാപ്പ നിയമം ചുമത്തി. രാഷ്ട്രീയ-പൊല
തൃശ്ശൂർ: കാശുള്ളവന് മുന്നിൽ നിയമം നടപ്പാക്കേണ്ടവർ ഓച്ഛാനിച്ച് നിന്നിട്ടും ജനങ്ങളുടെ രോഷം ശക്തമായതോടെ ഗതികെട്ട് ഒടുവിൽ ഒരു നടപടി. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മർദ്ദിച്ചും ഹമ്മർ കൊണ്ട് ഇടിപ്പിച്ചു മൃഗീയമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെതിരെ ഒടുവിൽ കാപ്പ നിയമം ചുമത്തി. രാഷ്ട്രീയ-പൊലീസ് അധികാരികൾക്ക് പണം വാരിയെറിഞ്ഞ് രക്ഷപെടാമെന്ന് നിസാമിന്റെ മോഹത്തിന് മേൽ ഇതോടെ കരിനിഴൽ വീണു. ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസും മുൻകാല കേസുകളും പരിഗണിച്ചാണ് കാപ്പ (കേരളാ ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്)നിയമം നിസാമിന് മേൽ ചുമത്തിയത്. കാപ്പ നിയമം ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനി കലക്ടർ എം.എസ്. ജയയ്ക്കാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പ്രകാരം തൃശ്ശൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പൊലീസ് കമ്മീഷണർക്ക് കൈമാറി.
നിസാമിനെതിരെ കാപ്പാ നിയമം ചുമത്താൻ കാലതാമസമുണ്ടാകുന്നെന്ന് മുമ്പ് വിമർശനങ്ങൾ ഉയർന്നിരുന്നു.ഇതിനൊടുവിലാണ് തീരുമാനം വന്നത്.സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമമാണ് കാപ്പ. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ ബംഗളൂരുവിലടക്കം രജിസ്റ്റർ ചെയ്ത കേസുകൾ കാട്ടിയാണ് കാപ്പ നിയമം ചുമത്തുന്നതിനുള്ള റിപ്പോർട്ട് തയാറാക്കിയത്. ഇവിടെയുള്ള കേസുകൾ കാപ്പ ചുമത്താൻ പര്യാപ്തമല്ല എന്നതിനാലാണ് സംസ്ഥാനത്തിനു പുറത്തുള്ള കേസുകൾകൂടി പരിഗണിച്ചത്.
വധശ്രമക്കേസ്, സാമ്പത്തിക തിരിമറി, ബംഗളൂരുവിലെ മുൻ കാമുകി നൽകിയ മാനഭംഗക്കേസ്, ബംഗളൂരു സ്വദേശിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത് എന്നിവയടക്കം പതിമൂന്നോളം കേസുകൾ നിസാമിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചു കേസുകൾ കാപ്പ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.
നിഷാമിനെതിരെ രണ്ടുവർഷം മുമ്പ് കാപ്പ ചുമത്താൻ ശ്രമിച്ചിരുന്നുവെങ്കിലും കേസുകൾ ഒത്തുതീർന്നതുമൂലം ഇതിനു സാധിച്ചിരുന്നില്ല. കാപ്പയിൽ ഉൾപ്പെടുത്തണമെങ്കിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഏഴു വർഷത്തിനുള്ളിൽ ഉള്ള കേസാണ് ഇതിനു പരിഗണിക്കുക. അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം.
പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ച കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. വനിതാ എസ്.ഐ.യെ കാറിൽ പൂട്ടിയിട്ട കേസും ഇങ്ങനെതന്നെ. ഇതുരണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ എസ്.ഐ. യെ പൂട്ടിയിട്ട സംഭവത്തിൽ സ്ത്രീത്വത്തെ അവഹേളിച്ചു എന്നതാണ് കാപ്പക്ക് സഹായമാകുക. 2013 ഏപ്രിൽ 26നാണ് കാപ്പ ചുമത്തുന്നതിന്റെ ആദ്യപടിയായി നിഷാമിന്റെ പേരിൽ ഗുണ്ടാ ഹിസ്റ്ററി ഫയൽ പേരാമംഗലം സ്‌റ്റേഷനിൽ തുറന്നത്. 2013 ജൂണിൽ നല്ലനടപ്പിനായി ആർ.ഡി.ഒ. 107 ാം വകുപ്പുപ്രകാരം കേസ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. എന്നാൽ ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഉന്നത സ്വാധീനത്താൽ രക്ഷപെടാൻ നിസാം ശ്രമിച്ചിരുന്നു. എന്നാൽ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയതോടെ ഉയർന്ന വൻ ജനരോഷമാണ് നിസാമിന് മേൽ കാപ്പ ചുമത്താൻ അധികൃതരെ നിർബന്ധിതരാക്കിയത്.
ചന്ദ്രബോസ് കേസിൽ അറസ്റ്റിലായ നിസാമിന് അന്വേഷണ ഉദ്യോഗസ്ഥർ അത്യാഢംബര സൗകര്യങ്ങളാണ് ഒരുക്കി നൽകിയത്. കസ്റ്റഡിയിലുള്ള നിസാമിനെ രക്ഷിക്കാൻ മന്ത്രിമാർ അടക്കമുള്ള നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ നിസാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി പൊളിയുകയായിരുന്നു. ഇതിനിടെ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയ കമ്മീഷണർ ജേക്കബ് ജോബിന് സസ്‌പെൻഷൻ നൽകുകയുമുണ്ടായി.
ഇതിനിടെ ഡിജിപി ബാലസുബ്രഹ്മണ്യം നേരിട്ട് നിസാമിനെ രക്ഷിക്കാൻ രംഗത്തെത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. കസ്റ്റഡിയിരുന്ന നിസാമിനെ കൊണ്ട് അന്വേഷണ സംഘം ബാംഗ്ലൂരിൽ ഉല്ലാസയാത്ര നടത്തിയതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. അതിനിടെ നിസാം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം ദുരൂഹ സാഹചര്യത്തിൽ കാണാതായതും ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാൻ ശ്രമിക്കാതിരുന്നതും പൊലീസിന്റെ അനാസ്ഥ വെളിവാക്കുന്ന സംഭവങ്ങളായി.
ജനുവരി 29നാണ് ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാം സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചും മർദിച്ചും അപായപ്പെടുത്തിയത്. കഴിഞ്ഞ 16ന് ചന്ദ്രബോസ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.