തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന കാവലിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. പഞ്ച് ഡയലോഗുകളും മാസ് സീക്വൻസുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‌ലർ 'തമ്പാൻ' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്.

90കളിലെ സുരേഷ് ഗോപിയുടെ മറ്റൊരു രൂപമാണ് കാവിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തമ്പാന്റെ സുഹൃത്തായി രഞ്ജി പണിക്കരും ചിത്രത്തിലുണ്ട്.



നിതിൻ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷൻ ത്രില്ലറായ കാവലിന്റെ പ്രധാന ലൊക്കേഷൻ ഇടുക്കിയായിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗം ഒക്ടോബറിൽ പാലക്കാടാണ് ചിത്രീകരിച്ചത്. കോവിഡ് മൂലം മാർച്ചിൽ ചിത്രീകരണം നിർത്തിവെച്ചിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കാൻ രണ്ടാഴ്‌ച്ച ബാക്കിയുള്ളപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

കോവിഡ് രണ്ടാം തരംഗം മൂലം പല മലയാള ചിത്രങ്ങളും ഒടിടി റിലീസ് ചെയ്തിരുന്നു. എന്നാൽ കാവൽ തിയറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന നിർമ്മാതാവ് അറിയിച്ചിരുന്നു.

ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശർമ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാൻ അനിൽ, റേയ്ച്ചൽ ഡേവിഡ്, മുത്തുമണി, അഞ്ജലി നായർ, അനിത നായർ, പൗളി വത്സൻ, അംബിക മോഹൻ, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ. ബി കെ ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിങ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം നിസ്സാർ റഹ്‌മത്ത്. സ്റ്റിൽസ് മോഹൻ സുരഭി. പരസ്യകല ഓൾഡ് മങ്ക്‌സ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാർത്താ പ്രചരണം എ എസ് ദിനേശ്.