ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം കബഡിയിലും ഇന്ത്യക്ക് സ്വർണം. നാടകീയമായിരുന്നു ഇറാനെതിരായ ഫൈനലിൽ ഇന്ത്യയുടെ ജയം. ഇതോടെ ഇഞ്ചിയോൺ ഏഷ്യാഡിൽ ഇന്ത്യക്ക് 11 സ്വർണമായി. നേരത്തെ വനിതാ വിഭാഗത്തിലും ഇറാനെ തോൽപ്പിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു.

കഴിഞ്ഞ തവണയും ഇന്ത്യക്കായിരുന്നു ഈയിനത്തിൽ സ്വർണം. ആദ്യ പകുതിയിൽ എതിരാളികൾ മുൻതൂക്കം നേടിയെങ്കിലും ഇഞ്ചോടിഞ്ച് പൊരുതിയ ഇന്ത്യ ഒടുവിൽ ഇറാനെ പരാജയപ്പെടുത്തുകയായിരുന്നു. ഏഷ്യാഡ് കബഡിയിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം സ്വർണമാണിത്. സ്വർണനേട്ടത്തോടെ മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി.

ഏഷ്യൻ ഗെയിംസ് കബഡി ഫൈനലിൽ ഇന്ത്യ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. 2725നാണ് ഇന്ത്യ ഇറാനെ തോൽപ്പിച്ചത്. നേരത്തെ വനിതകളുടെ കബഡി ഫൈനലിൽ ഇന്ത്യ ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം. ഇഞ്ചിയോണിൽ ഇന്ത്യയുടെ പത്താം സ്വർണമാണ് വനിതകളിലൂടെ നേടിയത്. 3121 എന്ന സ്‌കോറിനാണ് ഇന്ത്യ ഇറാനെ തോല്പിച്ചത്.

കബഡിയോടെ ഇന്ത്യയുടെ മെഡൽ മത്സരങ്ങൾ അവസാനിച്ചു. അതിന് ശേഷവും വെള്ളി മെഡൽ വിശേഷം ഇന്ത്യയെ തേടിയെത്തി. വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല നേടിയ വെങ്കലമെഡലാണ് വെള്ളിയായത്. സ്വർണം നേടിയ ചൈനയുടെ ഷാങ് വെയ്‌സ്യു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടതോടെയാണ് മഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചത്. രാജസ്ഥാൻ സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരിയായ മഞ്ജു.

77.33 മീറ്റർ എറിഞ്ഞ് ഗെയിംസ് റെക്കാഡോടെയാണ് ഷാങ് സ്വർണം നേടിയിരുന്നത്. ഷാങ് അയോഗ്യയാക്കപ്പെട്ടതോടെ 74.16 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയ ചൈനയുടെ തന്നെ വാങ് ഷെങ്ങിനാണ് ഇനി സ്വർണം. 59.84 മീറ്റർ എറിഞ്ഞ് മഞ്ജുവിന് പിറകിൽ നാലാം സ്ഥാനത്തെത്തിയിരുന്ന ജപ്പാന്റെ മസുമി അയക്ക് വെങ്കലം ലഭിക്കും. 60.47 മീറ്ററാണ് മഞ്ജു എറിഞ്ഞത്. ആദ്യ ശ്രമത്തിൽ തന്നെ 60.47 മീറ്റർ എറിഞ്ഞ മഞ്ജുവിന് പിന്നീടുള്ള ശ്രമങ്ങളിൽ ഇത് മെച്ചപ്പെടുത്താനായില്ല.

ഇതോടെ 11 സ്വർണവും 10 വെള്ളിയും 36 വെങ്കലവും ഉൾപ്പെടെ ആകെ 57 മെഡലുകളാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ഗെയിംസിൽ 14 സ്വർണമടക്കം 65 മെഡലുകൾ നേടിയിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ എട്ടു മെഡലുകൾ കുറവാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സിൽ ഒട്ടും മുന്നേറാനായില്ല. വനിതാ റിലേയിലെ സ്വർണ്ണവും എണ്ണൂറു മീറ്ററിലെ ടിന്റു ലൂക്കയുടേയും വെള്ളിയുമാണ് ട്രാക്കിലെ ഇന്ത്യൻ ആശ്വാസം.

ഹോക്കിയിലും കബഡിയിലും സ്വർണം നേടിയതായിരുന്നു അവസാന ദിവസങ്ങളിൽ ഇന്ത്യക്ക് അഭിമാനിക്കാൻ വക നൽകിയത്. കബഡിയിൽ പുരുഷ വനിതാ ഇനങ്ങളിലും ഇന്ത്യക്കായിരുന്നു സ്വർണം. എന്നാൽ അതിലേറെ പ്രധാന്യം അർഹിക്കുന്നത് ഹോക്കിയിലെ സ്വർണമാണ്. നീണ്ട പതിനാറ് വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇന്ത്യയുടെ സുവർണ നേട്ടം. ഇതിലൂടെ 2016ലെ റിയോ ഒളിംപിക്‌സിനും ഇന്ത്യ യോഗ്യത നേടി.

149 സ്വർണവും 107 വെള്ളിയും 81 വെങ്കലവുമടക്കം 337 മെഡലുകളുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്. 77 സ്വർണവും 71 വെള്ളിയും 80 വെങ്കലവുമടക്കം 214 മെഡലുകളുമായി ആതിഥേയരായ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്. മെഡൽപ്പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ.