കാസർഗോഡ്: ദേശീയ വനിതാ കബഡി താരവും 2009 മുതൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി ടൂർണ്ണമെന്റിൽ പങ്കെടുത്ത ബേഡകം ചേരിപ്പാടിയിലെ പ്രീതിയുടെ മരണത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. ഭർതൃവീട്ടിലെ ക്രൂരമായ പീഡനത്തിനിരയായ പ്രീതി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബെള്ളൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിലെ കായികാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു പ്രീതി. വീട്ടിൽ ആരും ഇല്ലാതിരുന്ന നേരം ഗോവണിയുടെ കൈവരിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ ഇതുകൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ മാസം 18 ാം തീയ്യതിയാണ് പ്രീതിയെ വീട്ടിനകത്തെ രണ്ടാം നിലയിൽ കയറുന്ന ഗോവണിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് പുറത്ത് പോയി തിരിച്ച് വരുന്നതിനിടയിലാണ് പ്രീതി മരിച്ചതെന്നാണ് സംശയം. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമെന്നാണ് ബന്ധുക്കളും മാതാപിതാക്കളും ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രീതിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ചേരിപ്പാടിയിലെ തമ്പാന്റേയും അനിതയുടേയും മകളാണ് പ്രീതി.

പ്രീതിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഭർത്താവ് ഭീമനടി സ്വദേശിയായ രാഗേഷ് ചേരിപ്പടിയിലെ വീട്ടിലെത്തി പ്രീതിയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനിടയിൽ കുട്ടികളില്ലാത്ത രാഗേഷിന്റെ സഹോദരിക്ക് പ്രീതി പ്രസവിച്ച കുഞ്ഞിനെ നൽകണമെന്ന് രാഗേഷും ബന്ധുക്കളും നിർബന്ധം പിടിച്ചതായ വിവരവും പുറത്ത് വന്നിട്ടുണ്ട്. അവരുടെ സമ്മർദ്ദത്തിൽ കുഞ്ഞിനെ കൊടുക്കേണ്ടി വരുമോ എന്ന ഭയം പ്രീതിയെ ഗ്രസിച്ചിരുന്നു. പ്രീതി കുഞ്ഞിനെ നൽകില്ലെന്ന നിലപാടെടുത്തതോടെ ഭർതൃവീട്ടിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നതായും ബന്ധുക്കൾ പറയുന്നു.

കുഞ്ഞിന്റെ പ്രശ്നത്തിൽ കഴിഞ്ഞ മൂന്ന് മാസമായി പ്രീതി ഭർതൃവീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിലായിരുന്നു താമസം. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന രാഗേഷ് എഞ്ചിനീയറാണെന്ന് തെറ്റിധരിപ്പിച്ചാണ് പ്രീതിയെ വിവാഹം ചെയ്തതെന്നും പറയുന്നു. ചില രാഷ്ട്രീയ നേതാക്കളുമായി ഉറ്റ ബന്ധമുള്ള രാഗേഷ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതായും പ്രീതിയുടെ ബന്ധുക്കൾ പറയുന്നു. കാസർഗോഡ് ഡി.വൈ. എസ്‌പി, എംപി. സുകുമാരന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.