തിരുവനന്തപുരം: മതപ്രഭാഷണം കലയാണ്. കേൾവിക്കാരെ ആകർഷിക്കാൻ ചില നേരമ്പോക്കുകളൊക്കെ പറയുന്നതും പതിവാണ്. ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൈർഘ്യമേറിയ സമുദായ പ്രബോധന പ്രസംഗങ്ങൾക്കിടയിൽ അതൊരു തെറ്റെന്ന് ആരും പറയുകയുമില്ല.മുസ്ലിം സമുദായത്തിലെ പേരുകേട്ട മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ ആദരവോടെ കരുതുകയും മാനിക്കുകയും ചെയ്യുന്നു പൊതുസമൂഹം. എന്നാൽ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ 'അതിരുകടക്കുന്ന മതപ്രഭാഷകർ' എന്ന വിഷയത്തിൽ ചില വിമർശനങ്ങൾ മലബാർ മാന്വൽ എന്ന പരിപാടിയിൽ ഷാജഹാൻ കാളിയത്ത് പരമ്പരയായി അവതരിപ്പിച്ചിരുന്നു.നൗഷാദ് ബാഖവി, കബീർ ബാഖവി,നവാസ് മന്നാനി, മുജാഹിദ് ബാലുശേരി, ഹാഫിസ് ഇ.പി.അബൂബക്കർ ഖാസിമി തുടങ്ങിയ ഇസ്ലാം മത പണ്ഡിതരുടെ പ്രഭാഷണങ്ങളിലെ ശകലങ്ങളാണ് വിമർശനവിധേയമാക്കിയത്.

മതപ്രഭാഷണങ്ങളിലെ പുരോഗമനവിരുദ്ധമായ ആശയങ്ങൾ തുറന്നുകാട്ടുന്ന തരത്തിലായിരുന്നു മലബാർ മാന്വലിലെ അവതരണം. എന്നാൽ, അവതരണത്തിൽ മിതത്വം പാലിച്ചില്ലെന്നും, പണ്ഡിതരോട് ആദരവ് പുലർത്താതെ വിനോദത്തിന് വേണ്ടി കോമഡ് മ്യൂസിക്കും, ട്രോൾ സമ്പ്രദായത്തിലുള്ള പരിഹാസവും പ്രയോഗിച്ചുവെന്നുമാണ് പരിപാടിക്കെതിരെയുള്ള വിമർശനം. എന്നാൽ, താൻ മുസ്ലിം മതപ്രഭാഷകരെ മാത്രമല്ല വിമർശിച്ചതെന്നും സംഘപരിവാർ പ്രഭാഷകരുടെ പുരോഗമന വിരുദ്ധ ആശയങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഷാജഹാൻ മലബാർ മാന്വലിൽ തന്നെ വിശദീകരിക്കുന്നുണ്ട്.

മലബാർ മാന്വൽ മുന്നോട്ട് വയ്ക്കുന്ന മുഖ്യവിമർശനം ചില മതപ്രഭാഷണങ്ങൾ അന്ധവിശ്വാസത്തെ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നുവെന്നാണ്. എന്നാൽ അവതാരകൻ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയാണ് പ്രഭാഷണ ശകലങ്ങൾ നർമരൂപത്തിൽ അവതരിപ്പിക്കുന്നതെന്നും അത് ഔചിത്യമില്ലായ്മയാണെന്നും പണ്ഡിതർ ആരോപിക്കുന്നു.'സ്ത്രീകളുടെ സൽവാർ ഷോട്ട് കട്ട് ഫാഷൻ നരകത്തിലേക്കുള്ള ഷോട്ട് കട്ടാണ്, പർദ്ദയുടെ അരക്കെട്ടിന്റെ ഭാഗം ടൈറ്റാക്കുന്ന ഫാഷൻ ഇബിലീസ് ചെയ്യിക്കുന്നതാണ്, നിങ്ങൾ തല മറയ്ക്കാതെയാണ് പുറത്തേക്ക് ഇറങ്ങുന്നതെങ്കിൽ, എന്റെ പെങ്ങളെ നിങ്ങളുടെ ഹൃദയത്തിൽ തുരുമ്പാണ്' 'തുടങ്ങിയ സംഭാഷണ ശകലങ്ങൾ ഉദാഹരണങ്ങൾ മാത്രം.ഇത്തരം ശകലങ്ങൾ കോമഡി മ്യൂസിക്കിന്റെ അകമ്പടിയോടെ, ട്രോൾ രൂപത്തിൽ അവതരിപ്പിക്കുന്നത് പണ്ഡിതന്മാരെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപണം.

മലബാർ മാന്വലിന് മറുപടി പറയുന്ന കബീർ ബാഖവിയുടെ പ്രഭാഷണം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പരിപാടിയിലും ഈ ഭാഗം ചേർത്ത എപിസോഡ് സംപ്രേഷണം ചെയ്തുകഴിഞ്ഞു. ഈണത്തിലുള്ള കബീർ ബാഖവിയുടെ പ്രഭാഷണം കേൾവിക്കാരെ രസിപ്പിക്കുന്ന തരത്തിലാണ്.

' ചാനലുകൾ ഓരോ മതപ്രഭാഷണവേദികളിൽ ഒരു സംഭാവന നൽകിയതുപോലുമെടുത്തുകാണിച്ചിട്ടുണ്ട്....ഞാനിവിടെ നോട്ടുനിരോധനം ലോകാവസാനത്തിന് അടയാളമാണെന്ന് പറഞ്ഞപ്പോ...നോട്ട് നിരോധനം ലോകാവസാനത്തിന് അടയാളമെന്ന് തിരിഞ്ഞത് കബീർ ബാഖവിക്ക് മാത്രമാണെന്ന് എന്റെ പേരെടുത്തു പറഞ്ഞിട്ട് ഏഷ്യാനെറ്റിലെ ഷാജഹാൻ പറയുന്നു...ഷാജഹാനെ...എനിക്കതിൽ സംശയമില്ല.....യുക്തിവാദത്തിന്റെ വാക്ക് പിടിച്ചുപറയുമ്പോ..ഷാജഹാനേ...വാർത്തകൾ സത്യസന്ധമാണെങ്കിൽ, നേരോടെ നിർഭയം നിരന്തരമായിട്ടാണ് വാർത്ത പ്രക്ഷേപണം ചെയ്യുന്നതെങ്കിൽ, നിന്റെ ക്യാമറയുമായിട്ട് പോകേണ്ടത് ...ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ് ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി ദുർഗയാണെന്ന് പറഞ്ഞത്...ആദ്യത്തെ ധനകാര്യമന്ത്രി ലക്ഷ്മിയാണെന്ന് പറഞ്ഞത്...ധൈര്യമുണ്ടോ..ക്യാമറക്കണ്ണ് തിരിക്കാൻ...മലബാർ മാന്വൽ അവതരിപ്പച്ച ഏഷ്യാനെറ്റിന്റെ ഷാജഹാനോട് എനിക്ക് പറയാനുള്ളത് ..ഈ മുസലിയാക്കന്മാരും,മതപണ്ഡിതന്മാരും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ..നിന്റെ ക്യാമറയുമായിട്ട് പോകേണ്ടത്...ഇന്ത്യാ രാജ്യത്തിന്റെ കേന്ദ്രസർക്കാരിന്റെ കീഴിൽ ഡൽഹിയിൽ നടന്ന ശാസ്ത്ര സെമിനാറിലേക്കാണ്...അവിടെയാണ് പുഷ്പക വിമാനം ആദ്യമായിട്ട് ഉണ്ടാക്കിയത് മഹർഷിയാണെന്ന് പറഞ്ഞത്'.........ഇങ്ങനെ ഈണത്തിൽ കത്തിക്കയറുന്നു കബീർ ബാഖവി.

കബീർ ബാഖവി മാത്രമല്ല മറ്റു ചില പണ്ഡിതരും തങ്ങളുടെ അതൃപ്തി പ്രഭാഷണങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇതുകൂടാതെ യൂട്യൂബിലും മറ്റും മലബാർ മാന്വലിലെ അവതരണത്തിനെതിരെ വിമർശനങ്ങളും കാണാം. ആക്ഷേപ ഹാസ്യത്തോടുള്ള അസഹിഷ്ണുതയാണ് പലയിടത്തും പ്രകടമാകുന്നത്. ഏതായാലും വിമർശനത്തിന്റെ പൊതുതത്വമറിയുന്നവർ ഇങ്ങനെ പറയാറുണ്ട്: When you strike, strike hard എന്ന്.അടിക്കുമ്പോൾ നന്നായി അടിക്കുക എന്നർഥം. എന്നാൽ ആ അടി ഒരു വിഷയത്തിൻ മേലുള്ള സാധുവായ വിലയിരുത്തലാകണം. പരസ്പരം കരുതലോടെയും സ്‌നേഹത്തോടെയും കാണാനുള്ള സ്‌പേസ്..ഇടമുണ്ടാകണം. അവിടെയാണ് നല്ല വിമർശനം ജനിക്കുന്നത്. അത് സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് കുതിപ്പ് നൽകുകയും വേണം.