- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി; അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി അന്താരാഷ്ട്ര വിമാനങ്ങൾ; ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തിനും തിരിച്ചടി; ചർച്ച ആരംഭിച്ച് ഇന്ത്യ
കാബൂൾ: താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയതോടെ കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു.അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്.ഇതോടെ ഇന്ത്യൻ ഇദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയായി.
കാബൂൾ വിമാനത്താവളവും അഫ്ഗാൻ വ്യോമമേഖലയും അടച്ച ഗുരുതര സാഹചര്യം നേരിടാനുള്ള വഴികളാലോചിച്ച് ഇന്ത്യ. എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാനിലെ സുഹൃത്തുക്കളെയും എത്തിക്കാൻ അടിയന്തര പദ്ധതി തയ്യാറാക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ഇന്നലെ അടിയന്തരമായി ചേരാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ അടച്ച് നേരത്തെ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ ഇതുവരെ തീരുമാനമില്ല. ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാൻ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയർ ഇന്ത്യ വിമാനം അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ കാബൂൾ വിമാനത്താവളം അടച്ചതോടെ ഈ പദ്ധതി മുടങ്ങി. അഫ്ഗാൻ വ്യോമമേഖല അടച്ചതിനാൽ ഇതുവഴിയുള്ള എയർ ഇന്ത്യ വിമാനങ്ങളും ഗൾഫ് മേഖല വഴി തിരിച്ചുവിടുകയാണ്.
താലിബാൻ ഇത്തവണ കടുത്ത ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. എന്നാൽ താലിബാനെ വിശ്വസിക്കാൻ ഒരുക്കമല്ലെന്നും സർക്കാർ വ്യത്തങ്ങൾ പറയുന്നു.ഡൽഹിയിലെ അഫ്ഗാൻ എംബസി ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. എന്നാൽ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ചിലർ ഹാക്ക് ചെയ്തു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് കരുതലോടെയാണ് ഇന്ത്യയുടെ പ്രതികരണം. തല്ക്കാലം താലിബാനെ തള്ളിയിട്ടില്ലെങ്കിലും രക്തചൊരിച്ചിൽ തുടങ്ങിയാൽ നിലപാട് മാറ്റും എന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
അതേസമയം ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് സൂചന.ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു. പ്രാണഭീതിയിലായ അഫ്ഗാൻകാർ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഒഴുകി. എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം ഇരച്ചെത്തിയായതോടെ അമേരിക്കൻ സേന ഇവർക്ക് നേരെ വെടിയുതിർത്തു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തെ നേരിട്ടു. രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്