തിരുവനന്തപുരം. ഇടത് സർക്കാർ ഒന്നര വർഷം പിന്നിടുന്നതിനിടെ മന്ത്രി കടകം പള്ളി സുരേന്ദ്രന് തന്റെ ഓഫീസിൽ നിന്നും കൈ വിടേണ്ടി വന്നത് മൂന്ന് ഉന്നത തസ്തികൾ കൈകാര്യം ചെയ്തിരുന്നവരെ. ഏറ്റവും ഒടുവിൽ അതായത് രണ്ടാഴ്ച മുൻപ് മന്ത്രി ഓഫീസിൽനിന്നും പടി ഇറങ്ങിയ രമേശൻ മന്ത്രിക്ക് മാത്രമല്ല സർക്കാരിന് കൂടി നാണക്കേട് ഉണ്ടാക്കി കൊണ്ടാണ് പുറത്തായത്. രമേശിനും സഹകരണവകുപ്പ് ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രനും എതിരെ അഴിമതി ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി കിട്ടിയത്. രമേശിനെ പുറത്താക്കുകയും ചന്ദ്രനെ സ്ഥലം മാറ്റുകയും ചെയ്തുകൊണ്ട്് പ്രശ്നം അവസാനിപ്പിച്ച മുഖ്യമന്ത്രി സത്യത്തിൽ പുലിവാല് പിടിക്കാതിരുന്നാൽ നന്ന്.

തന്റെ മുന്നിൽ തെളിവു സഹിതം വന്ന അഴിമതി കേസ് വിജിലൻസിന് കൈമാറാതെ നിസാര നടപടിയിൽ അവസാനിപ്പിച്ചതാണ് ചർച്ചയായിരിക്കുന്നത്. പരാതി വിജലൻസിന് കൈമാറാത്ത മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണന്നാണ് വിമർശനം ഉയരുന്നത്. പാരിതോഷികങ്ങൾ ചോദിക്കുന്നതും നൽകുന്നതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഈ പരാതിയും ചട്ട പ്രകാരം മുഖ്യമന്ത്രി വിജിലൻസി കൈമാറണമായിരുന്നു. മറുനാടൻ ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയതും ടി ചന്ദ്രൻ എന്ന് ജോയിന്റ് രജിസ്റ്റാറെ സ്ഥലം മാറ്റിയതും മന്ത്രി കടകം പള്ളി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഉണ്ടായത് അഴിമതിയല്ലന്നും നോട്ടപിശകണാന്നുമായിരുന്നു മന്ത്രിയുടെ വാദം. തന്റെ ഓഫിസിന് ചേരാത്ത ചില നടപടികൾ ഉണ്ടായതായും മന്ത്രി സമ്മതിച്ചു. ഒപ്പം മുഖ്യമന്ത്രിയല്ല താൻ തന്നെയാണ് പേഴസ്ണൽ സ്റ്റാഫിനെ പുറത്താക്കിയതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ മന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതു കൊണ്ട് പരാതിക്കാരൻ മുഖ്യമന്ത്രി സമീപിച്ചപ്പോഴാണ് ഇടപെടലും നടപടിയും ഉണ്ടയതെന്നാണ് സൂചന.പ്രശ്നം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ കണ്ണൂരിലെ സി പി എം ജില്ലാ നേതൃത്വവുമായി അടുത്തു ബന്ധമുള്ള രമേശനെ രക്ഷിക്കാൻ സി പി എം ന്റെ ഒരു കേന്ദ്ര കമ്മിറ്റി അംഗം തന്നെ രംഗത്തിറങ്ങിയെന്നാണ് വിവരം. ഈ നേതാവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മറ്റു നടപടികളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നീങ്ങാത്തത്.

സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് എന്ന് പറഞ്ഞ് മന്ത്രിയുടെ അസിസ്റ്റന്റ് പി എസ് രമേശും ജോയിന്റ് രജിസ്റ്റാറും ചേർന്ന് കമ്പ്യൂട്ടർ പ്രിന്റർ ഉപഹാരമായി ചോദിച്ചുവെന്നാണ് എൻ ജി ഒ യൂണിയന്റെ മുൻ നേതാവു കൂടിയായ പാർട്ടിക്കാരൻ നല്കിയരിക്കുന്ന പരാതി, കൂടെ രണ്ട് പ്രഷർകുക്കറും സമ്മാനമായി വേണമെന്ന് ഫോണിൽ നിർദ്ദേശിച്ചു. നെടുമങ്ങാടിന് അടുത്തുള്ള ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റിനോടാണ് ഉപഹാരം ചോദിച്ചത്. ഉപഹാരം ജോയിന്റ് രജിസ്റ്റാറുടെ വീട്ടിൽ എത്തിക്കാനാണ് നിർദ്ദേശിച്ചത്. മന്ത്രിയുട ഓഫീസിലേക്കുള്ളത് എന്തിന് രജിസ്റ്റാറുടെ വീട്ടിൽ എത്തിക്കണം എന്ന ബാങ്ക് പ്രസിഡന്റിന്റെ ചോദ്യം ജോയിന്റ് രജിസ്റ്റാർക്ക് ഇഷ്ടപ്പെട്ടില്ലന്ന് മാത്രമല്ല പറയുന്നത് അനുസരിക്കാനായിരുന്നു നിർദ്ദേശം.

ഉപഹാരം കിട്ടാത്തതിനാൽ പിന്നീട് ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രൻ ബാങ്ക് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു. സംസാരത്തിന് ഭീക്ഷണിയുടെ സ്വരമുണ്ടായിരുന്നു. ബാങ്കിന്റെ രജിസ്ട്രഷൻ തന്നെ ഇല്ലാതാക്കുമെന്നും പറഞ്ഞു. . ഇതോടയാണ് ബാങ്ക് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും നേരിട്ടു മുഖ്യമന്ത്രിയെ കണ്ടത്. പരാതി വായിച്ച മുഖ്യമന്ത്രി രഹസ്യ അന്വേഷണത്തിന് തന്റെ ഓഫീസിലെ തന്നെ ഒരു വിശ്വസ്തനെ എൽപ്പിച്ചു. രണ്ടു ദിവസത്തിനകം പരാതി പരിശോധിച്ച് മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ടു എത്തി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഇരുവരെയും പുറത്താക്കിയത്. സഹകരണ വകുപ്പിൽ ജോയിന്റ് രജിസ്റ്റാറായി വിരമിച്ച രമേശിന് സഹകരണ മേഖലയിൽ ഉള്ള പരിഞ്ജാനം പ്രയോജനപ്പെടുത്താൻ കണ്ണൂരിലെ പാർട്ടി പ്രത്യേക താൽപര്യം എടുത്താണ് ഇദ്ദേഹത്തെ മന്ത്രി കടകം പള്ളിയുടെ ഓഫീസിൽ നിയമിച്ചത്.

രമേശിന് മുൻപ് മന്ത്രി ഓഫീസിൽ നിന്നും പുറത്തായത് കടകംപള്ളിയുടെ പ്രൈവറ്റ്് സെക്രട്ടറി ആയിരുന്ന ബി. പ്രദീപ് ആയിരുന്നു. പാർട്ടിക്ക് നിരക്കാത്ത ചില ഇടപാടുകൾ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്ന് ഉണ്ടായപ്പോൾ മന്ത്രി കടകംപള്ളി തന്നെ ആവിശ്യപ്പെട്ടതിനെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാണ് പ്രദീപിനെ നീക്കിയത്. കെ എസ് ബി യിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ തസ്തികയിൽ ജോലി ചെയ്യുന്ന പ്രദീപ് ബോർഡിലെ സി പി എം അനുകൂല സംഘടനയുടെ ഭാരവാഹി കൂടിയാണ്. കടകംപള്ളി വൈദ്യുതി വകുപ്പ് കൈകാര്യം ചെയതപ്പോഴാണ് പ്രദീപ് സെക്രട്ടറി ആയി എത്തുന്നത്. കെ എസ് ഇ ബി യിലെ ചില കരാറുകളുമായി ബന്ധപ്പെട്ട് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് പ്രദീപ് മന്ത്രിക്ക് അനഭിമതനാവുന്നത്. പിന്നീട് മന്ത്രി നേരിട്ട് മുഖ്യമന്ത്രിയേയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിഷയം ധരിപ്പിച്ചശേഷമാണ് സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു നടപടി സ്വീകരിച്ചത്.

മന്ത്രി ഓഫീസിൽ നിന്നും ആദ്യം പുറത്തായത് അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീവൽസകുമാറായിരുന്നു. ജില്ലയിലെ ഒരു പ്രമുഖ സി പി എം നേതാവിന്റെ സമ്മർദ്ദത്താൽ ശ്രീവൽസകുമാർ കെ എസ് ബി ക്ക് നഷ്ടം വരത്തക്കവിധം 50 കോടി നഷ്പരിഹാരം ചോദിച്ച സ്വകാര്യവ്യക്തിക്ക് അനുകൂലമായി ഇടപെട്ടുവെന്നായിരുന്നു ആരോപണം. നേമം മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന ഇയാളെ പ്രത്യേക ശിപാർശയോടെയാണ് കടകംപള്ളിയുടെ പഴ്സണൽ സ്റ്റാഫംഗമായി നിയമിച്ചത്. ഫാം ഇൻഫർമോഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണ് ശ്രീവൽസ കുമാർ. ബന്ധു നിയമനത്തിന്റെ പേരിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ രാജിവച്ചൊഴിഞ്ഞ സമയത്തു തന്നെയാണ് ഇദ്ദേഹത്തിനെതിരായ പരാതിയും പാർട്ടി പരിശോധിച്ചത്.

പുറത്താക്കപ്പെട്ട ശ്രീവൽസ കുമാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനം മന്ത്രിയുടെ ശ്രദ്ധയിൽ നേരത്തെ പെട്ടിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ നേതാവും അഭിഭാഷകനുമായ ആൾ പറഞ്ഞതനുസരിച്ച് ഹൈക്കോടതിയിലെ കെ എസ് ഇ ബി സ്റ്റാൻഡിങ് കൗൺസിലിനോടു സ്വകാര്യ വ്യക്തിക്ക് അനുകൂലമായി നിലപാട് എടുക്കാൻ പറഞ്ഞു . ഇക്കാര്യം അഭിഭാഷകൻ തന്നെ മന്ത്രിയെ അറിയിച്ചു. ഇതാണ് ശ്രീവൽസകുമാറിന്റെ സ്ഥാനം തെറിപ്പിച്ചത്. കടകംപള്ളി വൈദ്യുതി മന്ത്രിയായിരിക്കെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ചില ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതും ശ്രീവൽസകുമാറിന്റെയും പ്രദീപിന്റെയും സ്ഥാനങ്ങൾ തെറിക്കാൻ വഴി വെച്ചു.

ശ്രീവൽസകുമാറിനെ പുറത്താക്കിയതിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയത ഉണ്ടെന്ന് ആക്ഷേപവും അന്ന് ഉയർന്നിരുന്നു. കടകംപള്ളിക്ക് പുറമെ മന്ത്രി മേഴ്സികുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിനെ കൊലപാതക കേസിൽ അറസ്റ്റു ചെയ്തതും എൽ ഡി എഫ് സർക്കാരിനെ വെട്ടിലാക്കിയിരുന്നു.