തിരുവനന്തപുരം: ആചാരങ്ങൾ സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ക്ഷേത്രങ്ങളിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താൽപ്പര്യത്തിനാണ് മുൻഗണന നൽകുകകയെന്നും അദ്ദേഹം പറഞ്ഞു. ബോധപൂർവം സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയാണ് ഏറ്റവും മുകളിൽ' എന്നും കടകംപള്ളി വിശദമാക്കി. ഭരണഘടനയിൽ തൊട്ടു സത്യം ചെയ്ത സർക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരിൽ മന്ത്രിക്കെതിരെ വിമർശനം ഉയരുന്ന ഘട്ടത്തിലാണ് അദ്ദേഹം വീണ്ടും രണ്ടുവള്ളത്തിൽ കാലു വെക്കുന്ന വിധത്തിൽ നിലപാട് അറിയിച്ചത്. ആക്ടിവിസ്റ്റുകൾ മല കയറേണ്ടതില്ലെന്നും യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാറിന് താൽപ്പര്യമില്ലും മന്ത്രി തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന സിപിഎം കേന്ദ്രങ്ങളിൽ എതിർപ്പിനും ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം കെ ചന്ദ്രൻ പിള്ള രംഗത്തുവന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ആക്ടിവിസ്റ്റുകൾക്കും നിരീശ്വരവാദികൾക്കും ശബരിമലയിൽ പോകാൻ പാടില്ലെന്ന് പറയേണ്ട ആവശ്യമില്ലെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. മന്ത്രി സമ്മർദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയിൽ നിന്നുകൊണ്ടാകണമെന്നില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല. അത് ചിലപ്പോൾ തിരുത്തേണ്ടി വരും. ശബരിമലയിലേക്ക് വരേണ്ടെന്ന് പറയാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചന്ദ്രൻ പിള്ള വ്യക്തമാക്കിയിരുന്നു.

''യാതൊരു തെറ്റിദ്ധാരണയും വേണ്ട. ഞാൻ ഒരു പൊളിറ്റിക്കൽ ആക്ടിവിസ്റ്റാണ്. ആക്ടിവിസം പാപമല്ല, തെറ്റുമല്ല. പക്ഷെ അത് ഒരു സന്ദർഭവുമായി ബന്ധപ്പെടുത്തിയെടുക്കണം. ആക്ടിവിസ്റ്റുകൾക്കൊന്നും ശബരിമലയിൽ പോകാൻ പാടില്ലെന്ന് പറയുന്നതിന്റെ കാര്യമെന്തുണ്ട്? അവിടെ നിരീശ്വരവാദികൾക്ക് പോകാൻ കഴിയില്ലെന്ന് ആർക്ക് പറയാൻ കഴിയും? ദേവസ്വം മന്ത്രിയുടെ പ്രസ്താവനകൾ എല്ലാം അങ്ങ് അതേപോലെ ഏറ്റുവാങ്ങാൻ ഇടതുപക്ഷമുന്നണിക്ക് ചിലപ്പോൾ കഴിഞ്ഞില്ലെന്ന് വരും. ഒരു മന്ത്രി സമ്മർദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയിൽ നിന്നുകൊണ്ടാകണമെന്നില്ല.

ഒരു ക്രമസമാധാന പ്രശ്‌നം അവിടെ ഉണ്ടാകാതെ സമാധാനപരമായി പോകണമെന്ന് അഗ്രഹിക്കുന്ന ഒരു മന്ത്രി പറഞ്ഞിട്ടുള്ളതാകാം. അതുകൊണ്ട് അടിസ്ഥാന ഇടതുപക്ഷ നിലപാടുകൾക്ക് മാറ്റം വരില്ല. ചിലപ്പോൾ ദേവസ്വം പ്രസിഡന്റ് പറഞ്ഞതും..അവർക്ക് പറയാം. അവർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത മുന്നണിക്കില്ല. ചിലപ്പോൾ അവർ തിരുത്തേണ്ടിയും വരും.ശബരിമലയിലേക്ക് സ്ത്രീകൾ വരാൻ പാടില്ലെന്ന് പറഞ്ഞാൽ സുപ്രീം കോടതി വിധിക്കെതിരാണത്. അങ്ങനെ പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

സ്ത്രീപുരുഷ തുല്യത ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അബദ്ധമാണ്. അത് മനുസ്മൃതി അവർത്തിക്കണമെന്ന് പറയുന്നതിന് തുല്യമാണ്. ഒരു കാലത്ത് അങ്ങനെയൊക്കെ നടന്നിരുന്നു. നമ്മൾ അതിൽ നിന്ന് പുറത്തേക്ക് വരികയാണ്. ഒരുപാട് മാറ്റങ്ങൾ സ്ത്രീകളുടെ പദവികളുടെ കാര്യത്തിൽ വരേണ്ടി വരും. അതൊക്കെ വലിയ തോതിൽ സമൂഹത്തിൽ വരികയും ചെയ്യും. അതൊക്കെ ആരെങ്കിലും എതിർത്താൽ അവർ തെറ്റായ നിലപാട് സ്വീകരിക്കുകയാണെന്ന് മാത്രമേ അതിന് അർത്ഥമുള്ളൂ.'

അടുത്തിടെ സന്നിധാനം സന്ദർശിച്ചപ്പോഴാണ് യുവതികളെ കയറ്റാൻ സർക്കാറിന് താൽപ്പര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നു പറഞ്ഞത്. ആരെയും കയറ്റണമെന്ന വാശിയോ നിർബന്ധമോ സർക്കാരിന് ഇല്ല. അത് ആദ്യം മനസിലാക്കൂ. അങ്ങനെ ഒരു വാശി ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ കയറിയേനേ. അതിൽ എന്താ സംശയം. നിങ്ങൾക്ക് ഈ സർക്കാരിന്റെ ശക്തിയെക്കുറിച്ച് സംശയം ഉണ്ടോ. അങ്ങനെ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറയുകയൂണ്ടായി.