കൊച്ചി: രാഹുൽ ഈശ്വറിനെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുൽ ഈശ്വർ നേതൃത്വം നൽകിയത് കലാപത്തിനുള്ള ഗൂഢാലോചന ആണെന്ന് കടകംപള്ളി വിമർശിച്ചു. രാഹുൽ ഈശ്വർ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രങ്ങൾ ആവിഷ്‌കരിച്ച് ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പൊലീസ് പരാജയപ്പെടുത്തിയത്. പൊലീസിന്റെ ഉചിതമായ ഇടപെടലാണ് അപകടകരമായ സ്ഥിതിയിൽനിന്ന് ശബരിമലയെ രക്ഷപ്പെടുത്തിയത്. രാഹുൽ ഈശ്വറിന്റെ കൈയിൽ പ്ലാൻ സിയും ഡിയും എല്ലാമുണ്ടാകും. അതെന്തൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. ഇപ്പോൾ പരാജയപ്പെട്ടത് നാളെ ആവർത്തിച്ചേക്കാനിടയുണ്ട്. ഇത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും ചിലരുടെ സങ്കുചിത താൽപര്യങ്ങളാണ് ഇതിനുപിന്നിലുള്ളതെന്നും കടകംപള്ളി പറഞ്ഞു.

വലിയൊരു ഗൂഢാലോചനയ്ക്കാണ് നേതൃത്വം നൽകിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. കലാപത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതായുള്ള സംശയങ്ങൾ സത്യമായിരുന്നെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർക്ക് അവിടെനിന്ന് മാറേണ്ടിവന്നത് കലാപശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ്. എന്തിനാണ് ഇവർ കോപ്പുകൂട്ടിയിരുന്നതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

രാഹുൽ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവർക്ക് അന്യായ പ്രവൃത്തികൾക്ക് അനുകൂലമായ സാഹചര്യം അനുവദിക്കാനാകില്ല. പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ ദിവസങ്ങളോളം തമ്പടിച്ചാൽ മറ്റു ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാകും. എല്ലാവർക്കും ഈശ്വരനെ തൊഴാനുള്ള ക്രമീകരണങ്ങളുണ്ടാക്കുന്നതിനാണ് സന്നിധാനത്ത് തങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എന്തു വിലകൊടുത്തും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്ന് രാഹുൽ ഈശ്വർ ഇന്നലെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ആചാരം ലംഘിക്കാൻ ഏതെങ്കിലും യുവതി ഇറങ്ങി പുറപ്പെട്ടാൽ തന്ത്രശാസ്ത്ര പ്രകാരം നടയടക്കാൻ ആവശ്യമായ രക്തമോ മൂത്രമോ പോലെയുള്ള അശുദ്ധ വസ്തുക്കൾ അത് വീഴാൻ പാടില്ലാത്തിടത്ത് വീഴും. പിന്നെ നടയടയ്ക്കരുതെന്ന് ആർക്കും പറയാനാവില്ലെന്നും രാഹുൽ എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെയുണ്ടായ വിവേചനപരമായ പൊലീസ് നടപടിയിൽ കോടതിയെയും മനുഷ്യവകാശ കമീഷനെയും സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

കള്ളക്കേസിൽ തന്നെ കുടുക്കുകയായിരുന്നു. സന്നിധാനത്ത് ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ ടാർപോളിൻ മൂടിയ വാഹനത്തിൽ നിർത്തിയാണ് മലയിൽ നിന്നിറക്കിയത്. ഇതേത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റുവെന്നും രാഹുൽ പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ബ്രഹ്മചാരിയായ കർമിവേണം എന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വസ്തുതകളെ കുറിച്ച് അറിയാതെയാണ്. സ്വാമി അയ്യപ്പന്റെ മുന്നിൽ മുഖ്യമന്ത്രി തോൽക്കുന്നതാണ് നടതുറന്ന അഞ്ചുദിവസങ്ങളിൽ കണ്ടത്. പുനപരിശോധന ഹർജി തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് നിലപാടിലേക്ക് സുപ്രീം കോടതി നീങ്ങുന്നത് തന്നെ ശുഭസൂചകമാണ്.

നവംബർ അഞ്ചിന് വീണ്ടും നടതുറക്കുമ്പോൾ സമരപരിപാടികൾ പുനരാരംഭിക്കും. മുൻപ് നട തുറന്ന സമയത്ത് സ്വീകരിച്ച ഗാന്ധിയൻ സമരരീതിയാണ് തുടരുക. അവിശ്വാസികളായ സ്ത്രീകളാണ് മലകയറാൻ ശ്രമിച്ചതെന്നും ആചാരം ലംഘിച്ച് വരുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയാൻ എട്ടോളം വിശ്വാസികളുടെ സംഘം സന്നിധാനത്തുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ക്ഷേത്രത്തിലേക്ക് ഇവർ പ്രവേശിക്കുമെന്ന് ഉറപ്പായാൽ സന്നിധാനത്ത് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതി. രക്തം വീണ് അശുദ്ധമായാൽ ആചാരപ്രകാരം മൂന്ന് ദിവസം ക്ഷേത്രമടച്ചിടാൻ അധികൃതർ നിർബന്ധിതരാകുമായിരുന്നു. നവംബർ 13ന് വിഷയത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ക്ഷമ കാണിക്കണമെന്നും രാഹുൽ പറഞ്ഞു.