- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാറണ്ടു കേസിൽ കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു; അമ്പതിനായിരം രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലും ജാമ്യം
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ അറസ്റ്റ് വാറണ്ട് നിലവിലിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ എംഎൽഎ വി. ശിവൻകുട്ടിയും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് ഇരുവരും കീഴടങ്ങി ജാമ്യാപേക്ഷ സമർപ്പിച്ചത്. അമ്പതിനായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് പ്രതികൾക്ക് മജിസ്‌ട്രേട്ട് രവീന്ദ്രൻ ജാമ്യം അനുവദിച്ചത്. വിചാരണകളിൽ കൃത്യമായി ഹാജരാകണമെന്ന കർശന നിർദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.
ശിശുക്ഷേമ സമിതിയിലെ അന്തേവാസിയായ ഒരു ബാലൻ വെള്ളത്തിൽ വീണു മരിച്ചതുമായി ബന്ധപ്പെട്ട് പൂജപ്പുര പൊതുറോഡ് ഉപരോധിച്ചതാണ് ഒരു കേസ്. കേസിൽ പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2014 ജൂലൈ 27 ന് നടന്ന ഉള്ളൂർ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ അതിക്രമിച്ച് കടന്ന് അന്യായ തടങ്കലിൽ വച്ചതാണ് മറ്റൊരു കേസ്.
ഈ കേസിൽ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കോടതി അറസ്റ്റ്. വാറണ്ടും വില്ലേജാഫീസർക്ക് ജപ്തി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് നിലവിലുള്ളവരും വായ്പാ കുടിശ്ശികയുള്ളവരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ളതിനാലാണ് സ്ഥാനാർത്ഥികളാകാൻ ഉദ്ദേശിക്കുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കുന്നത്.