തിരുവനന്തപുരം: ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റിൽ വനിതാ മതിൽ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നുവെന്ന പ്രചാരണത്തിനെതിരെ പ്രതികരിച്ചതിനു തനിക്കെതിരെ ഒരു കോടി രൂപയുടെ നോട്ടിസ് അയച്ചിരിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മതത്തിന്റെയും ജാതിയുടേയും പേരുപറഞ്ഞ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കേരളത്തിലെന്നല്ല ലോകത്തൊരു ക്ഷേത്രത്തിലും ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നല്ല ഒരു ദേവസ്വം ബോർഡിനു കീഴിലും ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ഹിന്ദുഐക്യവേദി തേതാവ് ശശികലടീച്ചർ ഉൾപ്പെടെയുള്ളവർ ഇക്കാര്യം വ്യാപകമായി പ്രചരിപ്പിരുന്നു. പട്ടിക ജാതിക്കാരനായി പിൻക്കലത്ത് ക്രിസ്തുമതത്തിലേക്ക് മാറിയ ഒരു ദേവസ്വം ഉദ്യോഗസ്ഥനെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. എന്നാൽ ഇയാൾ ജോലിചെയ്ത സമയത്ത് ഹിന്ദു സമുദായത്തിൽ തന്നെയാണെന്നാണ് രേഖകൾ തെളിയുക്കുന്നത്. എന്നാൽ ഇപ്പോഴും ദേവസ്വംബോർഡിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നതായി കാട്ടി സംഘപരിവാർ ഗ്രൂപ്പുകളിലൊക്കെ വ്യാപക പ്രചാരണം നടന്നിരുന്നു.

ദേവസ്വം ബോർഡിനെതിരെ വൻതോതിലുള്ള കുപ്രചാരണങ്ങളാണ് സംഘപരിവാർ അഴിച്ചുവിട്ടത്. സർക്കാർ ദേവസ്വംബോർഡുകളുടെ പണം എടുക്കയാണെന്ന സംഘപരിവർ വാദവും കടകംപള്ളി സുരേന്ദ്രൻ നിഷേധിച്ചിരുന്നു. ദേവസ്വം ബോർഡിന്റെ ഒരുരൂപപോലും സർക്കാർ എടുക്കുന്നില്ലെന്നും പകരം ലക്ഷങ്ങൾ അങ്ങോട്ടുകൊടുക്കുകയുമാണെന്നായിരുന്നു അദ്ദേഹം കണക്കു സഹിതം സമർഥിച്ചത്.