- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് കള്ളക്കഥയാണ്.. എന്റെ ഉമ്മച്ചിയെ കുടുക്കാൻ വേണ്ടി ചെയ്തതാണ്..അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഇളയകുട്ടി; വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തതും ജീവനാംശം ആവശ്യപ്പെട്ടതും വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മാതാപിതാക്കളും; പ്രണയ വിവാഹത്തിലെ തകർച്ച പകയായി; അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റുകൾ തുടരുന്നു
തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിനുള്ളിൽ കഴിയുന്ന വാർത്തയുടെ മറുഭാഗം അന്വേഷിച്ചു വിവരം പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. പൊലീസും പരാതിക്കാരനായ യുവതിയുടെ ഭർത്താവും അമിത താൽപ്പര്യം പ്രകടിപ്പിച്ച ഈ കേസിന് പിന്നിൽ ചില പകപോക്കലുകൾ ഉണ്ടെന്നാണ് മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത്. ബോധപൂർവമായി യുവതിയെ കുടുക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഈ ആരോപണം ബന്ധുക്കളും യുവതിയുടെ സുഹൃത്തുക്കളും ആവർത്തിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി ഇളയകുട്ടി വെളിപ്പെടുത്തി. യുവതിയെ കേസിൽ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകരോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഉമ്മച്ചിയെ കുടുക്കാൻ വേണ്ടി ഉണ്ടാക്കിയ കള്ളക്കേസാണ് ഇതെന്നാണ് ഇളയ കുഞ്ഞ് ആരോപിക്കുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ തെറ്റായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബുദ്ധിമുട്ടിച്ചെന്നും ഇളയ കുട്ടി പറഞ്ഞു. മാതാവിനെതിരെ മൊഴി കൊടുക്കാൻ തയ്യാറാകാതിരുന്നതു കൊണ്ടാണ് സഹോദരനെ കൊണ്ട് നിർബന്ധിച്ചു മൊഴി കൊടുപ്പിച്ചതെന്നും ഇളയകുട്ടി പ്രതികരിച്ചു.
കുട്ടികളെ പിതാവ് മർദ്ദിക്കുന്ന പതിവുണ്ടായിരുന്നു എന്നുമാണ് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കളും പറയുന്നത്. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്ന് ഇവർ പറയുന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചത്. പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആൺകുട്ടികളും 6 വയസുള്ള പെൺകുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്.
ഇപ്പോൾ കുടുംബ കലഹത്തിലേക്കും പോക്സോ കേസിലേക്കും നീണ്ട ഈ ബന്ധം ഒരു പ്രണയവിവാഹമായിരുന്നു എന്നതും ശ്രദ്ധമായിരുന്നു. ഭർത്താവിന്റെ നിരന്തര പീഡനമായതോടെ മൂന്ന് വർഷമായി ഭർത്താവുമായി വേർപെട്ടാണ് താമസം. ഇതോടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭർത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും. എന്നാൽ മകനെ കൊണ്ട് ഭർത്താവ് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് യുവതിക്കൊപ്പമുള്ള കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.
നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നൽകിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. മകളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രായമായ ഈ മാതാപിതാക്കളും അവർക്കൊപ്പമുള്ള നാട്ടുകാരും. യുവതിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവർക്ക് ഏതുവിധേനയും നീതി നേടിക്കൊടുക്കാൻ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്.
ഇളയകുട്ടിയുടെ വെളിപ്പെടുത്തലോടെ ഈ കേസ് കൂടുതൽ സമൂഹത്തിൽ ചർച്ചയാകുകയാണ്. ഈ വാർത്ത പുറത്തുവന്നപ്പോൾ വലിയ ഞെട്ടലാണ് കേരളത്തിൽ ഉണ്ടായത്. എന്നാൽ, പോക്സോ കേസ് എന്ന നിലയിൽ തീർത്തും അസ്വഭാവിക സംഭവം എന്ന നിലയിലാണ് ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ മറുനാടൻ അന്വേഷിച്ചത്. ഏതെങ്കിലും ഒരു അമ്മയ്ക്ക് തന്റെ മകനോട് അങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് തീർത്തും അവിശ്വസനീയ കാര്യം ആയതു കൊണ്ടാണ് അത്തരമൊരു പരിശോധനക്ക് മറുനാടൻ മുതിർന്നത്. ഈ ഭാഗങ്ങൾ ശക്തമാകുന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്.
പരാതിയും അറസ്റ്റും
13 വയസുകാരനായ കുട്ടി ചൈൽഡ് ലൈനിൽ നല്കി മൊഴിയോടെയാണ് മാതാവ് അറസ്റ്റിലായത്. ഇതേക്കുറിച്ച് മലയാളം മാധ്യമങ്ങളിലെല്ലാം വാർത്തകൾ എത്തുകയും ചെയ്തു. ആ വാർത്തയുടെ സാരംശം ഇങ്ങനെയായിരുന്നു: കുറച്ചു നാളുകൾക്കു മുൻപ് പതിനേഴര വയസ്സുള്ള മൂത്ത മകൻ അമ്മയുടെ ഫോണിൽ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഉടനെ അദ്ദേഹം നാട്ടിലെത്തി ചർച്ച നടത്തുകയും ഒടുവിൽ വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്തു. തുടർന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് കാര്യങ്ങൾ അന്വേഷിച്ചപോഴാണ് മകൻ അമ്മയുടെ സ്വഭാവം പറയുന്നത്.
ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകൻ പറയുന്നതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗൺസിലിങ് നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രാത്രി കാലങ്ങളിൽ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ചൈൽഡ് ലൈൻ പൊലീസിനെ അറിയിക്കുകയും പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു. ഒരു ജിമ്മിൽ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേരളത്തിൽ തന്നെ ആദ്യമാണ് ഈ സംഭവം.
മറുനാടന് മലയാളി ബ്യൂറോ