- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു; ഗ്രാമീണ ടൂറിസത്തിന് പ്രധാന്യം നൽകി ടൂറിസം വകുപ്പ് 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കുന്നു; ആദ്യ ഘട്ടത്തിൽ ഏഴു ജില്ലകളിൽ
കൊച്ചി: പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസം വകുപ്പ് 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കുന്നു. ടൂറിസത്തിന്റെ വൈവിധ്യങ്ങൾ സഞ്ചാരികൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതായിരിക്കും ഈ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവൻതുരുത്ത്, മാഞ്ചിറ, കാസർകോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണ്ടറിയാനും അനുഭവിക്കാനും സാധിക്കുന്ന തെരുവുകൾ സജ്ജീകരിക്കുകയാണ് സ്ട്രീറ്റിന്റെ ലക്ഷ്യം. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യുസീൻ / ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്/ എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെയുള്ള തെരുവുകൾ പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിന്റെ ഓരോ പ്രദേശങ്ങളും ഓരോ ടൂറിസം സ്ട്രീറ്റായി മാറുന്ന പദ്ധതി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ നാടിന്റെ തനിമ സഞ്ചാരികൾക്ക് പകർന്നു നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. പുതിയ ടൂറിസം സംസ്കാരത്തിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായിരിക്കും ഈ പദ്ധതി.
മറുനാടന് മലയാളി ബ്യൂറോ