കൊച്ചി: ഇരുകരയിലും നിലംതൊടാതെ ഒരു കൂറ്റൻ പാലം. പാലത്തിന്റെ ബീമുകൾക്കിടയിലൂടെ കൂറ്റൻ അരയാൽ വളർന്ന് പന്തലിച്ചു നിൽക്കുന്നു. കമ്പികൾ തുരുമ്പെടുത്തു നശിക്കുന്നു. 9 വർഷം മുൻപ് നിർമ്മാണം തുടങ്ങിയ കടമക്കുടി ചാത്തനാട് പാലത്തിന്റെ നിലവിലെ അവസ്ഥ കണ്ടാൽ കെറെയിൽ നിർമ്മാണവും ഇങ്ങനെയാകുമോ എന്ന് സംശയിച്ചാൽ കുറ്റം പറയാതിരിക്കാൻ കഴിയില്ല.

കടമക്കുടി ദ്വീപുകളുടെ വികസനം ലക്ഷ്യമാക്കി വിഭാവനം ചെയ്ത മൂലമ്പിള്ളി-കടമക്കുടി-ചാത്തനാട് പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച കടമക്കുടി-ചാത്തനാട് പാലം നിർമ്മാണം പാതി വഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. പുഴയ്ക്ക കുറുകെ നിർമ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ കഴിയാതിരുന്നതാണ് നിർമ്മാണം നിലക്കാൻ കാരണം. ദേശീയപാത 17ലെ തിരക്കു കുറയ്ക്കാൻ കൂടി ലക്ഷ്യമിട്ടു ജിഡ (ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അഥോറിറ്റി) വിഭാവനം ചെയ്ത മൂലമ്പിള്ളി-കടമക്കുടി-ചാത്തനാട് പാത പദ്ധതി എങ്ങുമെത്തിയില്ല. രണ്ടു പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത് 9 വർഷം മുൻപാണ്.

സ്ഥലം ഏറ്റെടുക്കാൻ കാലതാമസമെടുക്കുന്നതാണ് പദ്ധതി പാതിവഴിയിൽ നിലക്കാൻ കാരണമായത്. കൃത്യമായ നഷ്ടപരിഹാരം നൽകാത്തതിനാൽ പലരും സ്ഥലം വിട്ടു നൽകാൻ വിസമ്മതിച്ചു. ചില തൽപര കക്ഷികൾക്ക് ഉയർന്ന വിലയും മറ്റുള്ളവർക്ക് കുറഞ്ഞ വിലയും കണക്കാക്കിയതാണ് ഭൂമി വിട്ടു നൽകാൻ നാട്ടുകാർ വിസമ്മതിച്ചത്. ഇതോടെയാണ് പാലം പുഴയ്ക്ക് നടുവിൽ നിർമ്മാണം പൂർത്തിയായി നിലം തൊടാതെ നിൽക്കുന്നത്. പാലം നിർമ്മാണം അനന്തമായി നീളുന്നതിൽ നാട്ടുകാർ ഇടക്കിടെ പ്രതിഷേധം നടത്തുന്നുണ്ട്.

കണ്ടെയ്നർ റോഡിൽ മൂലമ്പിള്ളിയിൽ നിന്നാരംഭിക്കുന്ന പദ്ധതിയിൽ 3 പ്രധാന പാലങ്ങളുണ്ട്. മൂലമ്പിള്ളി-പിഴല, പിഴല-കടമക്കുടി, കടമക്കുടി-ചാത്തനാട്. ഇതിൽ മൂലമ്പിള്ളി-പിഴല പാലം നിർമ്മാണം പൂർത്തിയാക്കി. പദ്ധതിയിലെ അവസാനത്തേതായ കടമക്കുടി-ചാത്തനാട് പാലത്തിന്റെ നിർമ്മാണം 4 വർഷങ്ങൾക്കു മുൻപ് പൂർത്തിയായെങ്കിലും പുഴയിൽ ഉയർന്നു നിൽക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം, തുടർ റോഡ് നിർമ്മാണം ഉൾപ്പെടെ ജോലികൾ മരവിച്ചിരിക്കുകയാണ്. ഈ 2 പാലങ്ങളുടെ മധ്യഭാഗത്തുള്ള പിഴല-കടമക്കുടി പാലത്തിന്റെ നിർമ്മാണം സംബന്ധിച്ചു തീരുമാനം ആയിട്ടില്ല.

പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തിയായെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മധ്യഭാഗത്തുള്ള ഈ പാലം നിർമ്മിച്ചില്ലെങ്കിൽ പദ്ധതി കൊണ്ടു ലക്ഷ്യമിട്ട പ്രയോജനവും ലഭിക്കില്ല. ഗുരുവായൂരിൽ നിന്നു പറവൂർ വഴി വരുന്ന വാഹനങ്ങൾ ദേശീയപാത 17 ഒഴിവാക്കി ചാത്തനാട് പാലത്തിലൂടെ മൂലമ്പിള്ളിയിൽ കണ്ടെയ്നർ റോഡിൽ എത്തുന്നതോടെ 7 കിലോമീറ്റർ ലാഭത്തിനു പുറമേ ഗതാഗതക്കുരുക്കും ഒഴിവാക്കാം. മാത്രമല്ല, കടമക്കുടി പഞ്ചായത്തിലും വികസനം വരും.

അതേസമയം മുഖ്യമന്ത്രി ചെയർമാനായ ജിഡയുടെ അനാസ്ഥമൂലമാണു മൂലമ്പിള്ളി-ചാത്തനാട് പാത പദ്ധതി അപ്രോച്ച് റോഡ് നിർമ്മാണം വൈകാൻ കാരണമെന്നു വി.ഡി.സതീശൻ എംഎൽഎ പറഞ്ഞു. ഇതിനിടെ സ്ഥലം ഏറ്റെടുപ്പിനു ഹൈക്കോടതിയുടെ സ്റ്റേ വന്നതും കാലതാമസം നേരിടാൻ കാരണമായി. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണെന്നും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.