- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനദണ്ഡം ലംഘിച്ചുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്സിനേഷൻ വാർത്തയായതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; തൊട്ടുപിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ: നാട്ടുകാരെ മഹാമാരിയുടെ പിടിയിലേക്ക് എറിഞ്ഞു കൊടുത്ത് കടമ്പനാട് പഞ്ചായത്തിൽ പകപോക്കൽ
അടൂർ: 22 വയസുള്ള പഞ്ചായത്ത് പ്രസിഡന്റ് മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിനേഷൻ നടത്തിയ സംഭവം വാർത്തയായതിന്റെ പേരിൽ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് കോവിഡ് പ്രതിരോധം പാളി.
കടമ്പനാട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. കടമ്പനാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെയും പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെയും പകപോക്കൽ കാരണം നാട്ടുകാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയ്ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ ആൾക്കാർ ഒത്തുകൂടുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്ക് നടത്തിയ കോവിഡ് വാക്സിനേഷൻ ക്യാമ്പിലാണ് പിൻവാതിലിലൂടെ 22 വയസുള്ള പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് മുൻഗണനാ ക്രമം ലംഘിച്ച് വാക്സിൻ എടുത്തത്. ഇത് മറുനാടൻ ആണ് പുറത്തു കൊണ്ടു വന്നത്. വാർത്ത ചോർത്തിയത് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിയാണെന്ന് ആരോപിച്ചാണ് പ്രതികാര നടപടി തുടങ്ങിയത്. പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ വിളിച്ച് വാക്സിൻ എടുപ്പിക്കുകയായിരുന്നു വെന്ന് പ്രസിഡന്റ് വിശദീകരിച്ചു.
ജനപ്രതിനിധി എന്ന നിലയിലും കോവിഡ് മുൻനിര പോരാളി എന്ന നിലയിലുമായിരുന്നു വാക്സിനേഷൻ എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. പ്രസിഡന്റ് കുത്തിവയ്പ് എടുത്ത സമയത്ത് 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് വാക്സിനേഷൻ ഏർപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയാണ് മുൻനിര പോരാളികളായി പ്രഖ്യാപിച്ചിരുന്നത്.
ജനപ്രതിനിധികളെ ആ സമയത്തൊന്നും മുൻനിര പോരാളികളായി പ്രഖ്യാപിച്ചിരുന്നുമില്ല. പ്രസിഡന്റ് തനിക്ക് വാക്സിൻ വേണമെന്ന് മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അത് വിവാദമായപ്പോൾ എല്ലാ കുറ്റവും മെഡിക്കൽ ഓഫീസറുടെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
തന്നെ വിളിച്ച് വാക്സിൻ എടുപ്പിക്കുകയായിരുന്നുവെന്ന പ്രസിഡന്റിന്റെ വിശദീകരണം കണക്കിലെടുത്ത് വാക്സിനേഷനിൽ വീഴ്ച വരുത്തിയതിന് മെഡിക്കൽ ഓഫീസർക്കെതിരേ ആരോഗ്യ വകുപ്പ് നടപടി എടുക്കേണ്ടതുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, വാർത്ത പുറത്തു വിട്ടുവെന്ന് ആരോപിച്ച് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ നീക്കം നടത്തുകയും ചെയ്തു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മറ്റിയാണ് എച്ച്ഐയെ സസ്പെൻഡ് ചെയ്തത്. ഇത് പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകനെ സസ്പെൻഡ് ചെയ്യുന്നത് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും പ്രസിഡന്റും സംഘവും പക പോക്കലുമായി മുന്നോട്ട് പോവുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഇല്ലാതായതോടെ പഞ്ചായത്തിലെ കോവിഡ് പ്രതിരോധം താളം തെറ്റി. ടിപിആർ കുതിച്ചുയർന്നു. 15 ന് മുകളിൽ ടിപിആർ വന്നതോടെ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തി.
തങ്ങളുടെ വീഴ്ച മറയ്ക്കാനുള്ള തിരക്കിട്ട നീക്കത്തിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്ത് കമ്മറ്റി ഇടപെട്ട് നടത്തിയ ആന്റിജൻ പരിശോധന കോവിഡ് വ്യാപനം വീണ്ടും വർധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കടമ്പനാട് കെആർപിഎച്ച്എംഎച്ച്എസിൽ നടന്ന പരിശോധനയിൽ പങ്കെടുക്കാൻ കൂട്ടത്തോടെ ആൾക്കാരെത്തി.
സാമൂഹിക അകലം പാലിക്കാനോ നിയന്ത്രിക്കാനോ ആരുമില്ലാതിരുന്നതിനാൽ ക്യൂവിൽ അട്ടിയടുക്കിയാണ് എല്ലാവരും നിന്നത്. 400 പേരെ പരിശോധിച്ചതിൽ 10 പേർക്ക് മാത്രമാണ് പോസിറ്റീവ് ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രിപ്പിൾ ലോക്ഡൗൺ മാറ്റിയെടുക്കാനാണ് ഇനി പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്