- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മുകാർ ഭരിക്കുന്നിടത്ത് മാത്രമല്ല കോൺഗ്രസുകാരുടെ ബാങ്കിലുമുണ്ട് തട്ടിപ്പ്; കടമ്പനാട് വടക്ക് സഹകരണ ബാങ്കിൽ നിന്ന് മുൻ സെക്രട്ടറിയും അസി. സെക്രട്ടറിയും തിരിമറി നടത്തിയത് 65 ലക്ഷം; 2018 പരാതി നൽകിയതിന് കേസെടുത്ത് 2019 ൽ; അറസ്റ്റ് 2021 ലും
അടൂർ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലേറെയും ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെയെല്ലാം സാമ്പത്തിക ക്രമക്കേടും വെട്ടിപ്പും വ്യാപകമാണ്. എന്നു കരുതി കോൺഗ്രസ് ഭരിക്കുന്നിടത്ത് ഇതൊന്നുമില്ലെന്ന് കരുതരുത്. അത്തരമൊരു കോൺഗ്രസ് ഭരണ സമിതിയുള്ള ബാങ്കിൽ സെക്രട്ടറിയും അസി. സെക്രട്ടറിയും ചേർന്ന് ക്രമക്കേട് നടത്തി വെട്ടിച്ചത് 65 ലക്ഷം രൂപയാണ്. മൂന്നു വർഷം മുൻപ് ഇതേപ്പറ്റി പരാതി നൽകി. രണ്ടു വർഷം മുൻപ് കേസെടുത്തു. ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കടമ്പനാട് വടക്ക് 55-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറി കടമ്പനാട് പീസ് കോട്ടേജിൽ സണ്ണി പി. ശാമുവേൽ (56), മുൻ അസിസ്റ്റന്റ് സെക്രട്ടറി കടമ്പനാട് വയലിറക്കത്ത് പുത്തൻ വീട്ടിൽ നിന്നും മല്ലപ്പള്ളി കീഴ്‌വായ്‌പ്പൂരിൽ താമസിക്കുന്ന ലിൻസി ഐസക്ക് (54) എന്നിവരെയാണ് എനാത്ത് എസ്എച്ച്ഓ സുജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. 2016-17 കാലഘട്ടത്തിൽ കണക്കിൽ കൃത്രിമം കാട്ടിയും വ്യാജ അക്കൗണ്ടുണ്ടാക്കി സ്വർണം പണയം വച്ചും ലോണെടുത്തും നടത്തിയ തട്ടിപ്പിനാണ് കേസ് എടുത്തിരുന്നത്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയർ ഓഡിറ്റർ അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബാങ്കിലെ ജീവനക്കാരനും കടമ്പനാട് പഞ്ചായത്ത് അംഗവുമായിരുന്ന രഞ്ജിത്താണ് തട്ടിപ്പ് സംബന്ധിച്ച് അടൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാാർ സുഭാഷിന് 2018 ൽ പരാതി നൽകിയത്. ഇതിന്റെ പേരിൽ രഞ്ജിത്തിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതി സസ്പെൻഡ് ചെയ്തു. ബാങ്കുമായി കൂടിയാലോചന നടത്താതെ പരാതി നൽകി എന്നതായിരുന്നു കുറ്റം. രഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എആർ ഓഫീസിൽ നിന്ന് അന്വേഷണം നടത്തി. പണാപഹരണം കണ്ടെത്തിയതിനെ തുടർന്ന് നൽകിയ പരാതിയിൽ 2019 ൽ ആണ് കേസെടുത്തത്. തുടർന്ന് അന്വേഷണം നടന്ന് വരികയായിരുന്നു. ഇന്നലെ ഇവരെ ഏനാത്ത് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികൾ ഇരുവരും ചേർന്ന് ശോഭന എന്ന പേരിൽ ഒരു വ്യാജഅക്കൗണ്ട് ബാങ്കിൽ സൃഷ്ടിച്ചിരുന്നു. ഈ അക്കൗണ്ട് വഴിയാണ് സകല തിരിമറികളും നടത്തിയിരുന്നത്. ഇങ്ങനെ കിട്ടുന്ന പണം ശോഭന എന്ന അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇവർ പിൻവലിക്കുകയായിരുന്നു.
ചിട്ടി, കാർഷിക വായ്പ, ഭവന നിർമ്മാണ വായ്പ എന്നിവ ഇവർ വ്യാജ അക്കൗണ്ട് വഴി എടുത്തു. മുക്കുപണ്ടം പണയം വയ്ക്കുകയും ചെയ്തു. സ്വർണ പണയത്തിന് അനുവദിച്ചിരിക്കുന്ന തുകയേക്കാൾ കൂടുതൽ നൽകുകയും ചെയ്തിരുന്നു. വായ്പയുടെ പലിശ കുറച്ച് അടപ്പിച്ച് ബാങ്കിന് നഷ്ടം വരുത്തുകയും ചെയ്തിരുന്നു.
തട്ടിപ്പിന് കുട പിടിച്ചിരുന്നത് കോൺഗ്രസ് ഡയറക്ടർ ബോർഡ് ആയിരുന്നു. ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അറിവോടെയാണ് തട്ടിപ്പ് നടന്നത്. ഇത് ബാങ്കിലെ ജീവനക്കാരനായ രഞ്ജിത്ത് മനസിലാക്കി. ഇയാൾ സിപിഎം പ്രവർത്തകനായിരുന്നു. തട്ടിപ്പിന്റെ ആഴമറിഞ്ഞ രഞ്ജിത്ത് സ്വന്തം നിലയിൽ എആറിന് പരാതി നൽകുകയായിരുന്നു. ആ കാലയളവിൽ രഞ്ജിത്ത് കടമ്പനാട് പഞ്ചായത്തംഗം കൂടിയായിരുന്നു.
പരാതി നൽകിയത് അന്വേഷിക്കുന്നതിന് പകരം അതിന് മുന്നിട്ടിറങ്ങിയ രഞ്ജിത്തിനെ സസ്പെൻഡ് ചെയ്യുകയാണ് ഭരണ സമിതി ചെയ്തത്. കൂടാതെ എആർ ഓഫീസിൽ സ്വാധീനം ചെലുത്തി അന്വേഷണം പരമാവധി വൈകിപ്പിക്കുകയും ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്