പത്തനംതിട്ട: ഭരണത്തിലേറി മാസങ്ങൾ കഴിയും മുൻപ് അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ് കടമ്പനാട് പഞ്ചായത്ത്. വ്യക്തി സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് കൈയേറി നിർമ്മിച്ച ബാഡ്മിന്റൺ കോർട്ടിന് വേണ്ടി ബിൽ മാറി നൽകാനുള്ള നീക്കം, ചട്ട വിരുദ്ധമായി പുതിയ കുടുംബശ്രീ യൂണിറ്റുകൾ രൂപീകരിച്ചത്, 22 വയസുള്ള പഞ്ചായത്ത് പ്രസിഡന്റ് മാനദണ്ഡം ലംഘിച്ച് വാക്സിൻ സ്വീകരിച്ചത് തുടങ്ങി ഒന്നിന് പിറകേ ഒന്നായി ഈ പഞ്ചായത്തിൽ വിവാദം കൊടുമ്പിരിക്കൊള്ളുകയാണ്. മുതിർന്നവരായ നിരവധി മെമ്പർമാർ ഉണ്ടായിരുന്നിട്ടു പോലും വെറും 22 വയസ് മാത്രമുള്ള പ്രിയങ്ക പ്രതാപിനെ പ്രസിഡന്റ് കസേരയിൽ അവരോധിച്ചതിന് ശേഷം സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പിൻസീറ്റ് ഡ്രൈവിങ് ആണ് ഇവിടെ നടക്കുന്നത്.

ഏറ്റവുമൊടുവിലായി പുറത്തു വന്നിരിക്കുന്നത് കേരഗ്രാമം പദ്ധതിയിലെ അഴിമതിയാണ്. പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് തെങ്ങിൻ തൈയ്ക്ക് സർക്കാരിന്റെ ഗവേഷണ കേന്ദ്രത്തിലേക്ക് തെങ്ങിൻ തൈകൾക്കായി നൽകിയ ഉത്തരവ് റദ്ദാക്കി സ്വകാര്യ ഏജൻസിക്ക് നൽകാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചതും സിപിഎം ഏരിയാ നേതാവ് തന്നെയാണെന്ന വിവരവും പുറത്തു വരുന്നു.

പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് വികസന സ്റ്റാൻഡിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപീകരിച്ചത്. കടമ്പനാട് കൃഷി ഓഫീസർ ആണ് നിർവഹണ ഉദ്യോഗസ്ഥൻ. 7200 തെങ്ങിൻ തൈകളാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് നൽകുക. ഇടനിലക്കാരെയും ഏജൻസികളെലും ഒഴിവാക്കി നേരിട്ട് തൈകൾ വാങ്ങണമെന്നും തീരുമാനം എടുത്തു. ഇതിനായി സർക്കാരിന്റെ കാസർകോടുള്ള തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് തൈകൾ ലഭ്യമാക്കാൻ തീരുമാനിച്ചു.

തൈ ഒന്നിന് 250 രൂപയാകും. 190 രൂപ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് നൽകും. 60 രൂപ ഗുണഭോക്തൃ വിഹിതമാണ്. മൂന്നാം വർഷം കായ്ക്കുന്ന കുള്ളൻ ഇനമാണ് വാങ്ങാൻ തീരുമാനിച്ചത്. അൽപം സ്ഥലത്ത് ഇത് അധികം ഉയരത്തിൽ അല്ലാതെ വളരുകയും മികച്ച കായ്ഫലം തരികയും ചെയ്യും. പഞ്ചായത്ത് കമ്മറ്റി പദ്ധതി അംഗീകരിച്ചതിനാൽ കൃഷി ഓഫീസർ ആദ്യഘട്ടമായി 2000 തെകൾക്ക് ഓർഡർ നൽകി. 18 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് 13 ലക്ഷമാണ് പഞ്ചായത്ത് വകയിരുത്തിയത്. അഞ്ചു ലക്ഷം ഗുണഭോക്തൃ വിഹിതമായി ലഭ്യമാക്കും.

തൈകൾക്ക് ഓർഡർ നൽകിയതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഇടപെടൽ ഉണ്ടായത്. സർക്കാർ ഗവേഷണ കേന്ദ്രത്തിന് നൽകിയ ഓർഡർ റദ്ദാക്കാൻ കൃഷി ഓഫീസർക്ക് മേൽ സമ്മർദം ചെലുത്തി. മണ്ണടി കേന്ദ്രീകരിച്ചുള്ള ഫാംകോസ് എന്ന സ്വകാര്യ ഏജൻസിക്ക് തൈ എത്തിക്കാൻ കരാർ കൊടുക്കാനാണ് നീക്കം. അവർ തൈ ഒന്നിന് 200 രൂപയ്ക്ക് നൽകുമത്രേ. പഞ്ചായത്ത് ഫണ്ടിൽ ലാഭമുണ്ടാകുമെന്നാണ് ഇതിന് കാരണമായി പറയുന്നത്. ഫാംകോസ് സ്വന്തമായി തെങ്ങിൻ തൈ ഉൽപാദിപ്പിക്കുന്നില്ല.

വേറെ വാങ്ങി നൽകാനോ തേങ്ങ വാങ്ങി മുളപ്പിച്ചു നൽകാനോ ആണ് നീക്കം. സിപിഎം ഉന്നത നേതാക്കൾക്ക് പങ്കുള്ള ഏജൻസിയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പദ്ധതിയിൽ ഉദ്ദേശിച്ചത് കുള്ളൻ തെങ്ങിൻ തൈകളാണ്. ഫാം കോസ് നൽകുന്നത് ഏതു തരമാണെന്ന് പറഞ്ഞിട്ടില്ല. നേതാക്കൾക്ക് വൻതുക കമ്മിഷൻ അടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സിപിഎമ്മിന്റെ നേതാക്കളുടെ താൽപര്യം പഞ്ചായത്ത് പ്രസിഡന്റിലൂടെ അടിച്ചേൽപ്പിച്ച് കൊള്ള നടത്താനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.