പത്തനംതിട്ട: അപക്വമായ കൗമാരത്തിന്റെ വഴിവിട്ട ചിന്തകളാണ് കടമ്മനിട്ട കുരീചെറ്റ കോളനിയിൽ പൊന്നമ്മ-ശശി ദമ്പതികളുടെ മകൾ ശാരികയു(17)ടെ ജീവനെടുക്കാൻ കാരണമായത്. കാമുകനും അകന്ന ബന്ധുവുമായ തെക്കുംപറമ്പിൽ സജിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു പച്ചയ്ക്ക് കത്തിച്ചതിന്റെ കാരണമാകട്ടെ നിസാരവും. ഏറെ നാളായി പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു സജിലിന്.

വീട്ടുകാർക്കും നാട്ടുകാർക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ, അടുത്തിടെയായി പെൺകുട്ടി തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നൽ സജിലിന് ശക്തമായിരുന്നു. തന്നെ വഞ്ചിച്ച് അവൾ ജീവിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്. അതിന് വേണ്ടിയാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. രണ്ടു ദിവസമായി മാനസികമായി അതിനുള്ള തയ്യാറെടുപ്പും നടത്തി. അവസാന വട്ടം ഒന്നു കൂടി വിളിച്ചു നോക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. ആ വിളിയിലും ഇറങ്ങി വരാതായതോടെ പദ്ധതി നടപ്പാക്കാൻ തന്നെ സജിൽ തീരുമാനിച്ചു.

കഴിഞ്ഞ 14 ന് വൈകിട്ട് ആറരയ്ക്കാണ് ഇയാൾ കൃത്യം നടത്തിയത്. അഞ്ചരയ്ക്ക് സജിൽ പെൺകുട്ടിയെ വിളിച്ച് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു. തെങ്ങുകയറ്റത്തൊഴിലാളിയായ പിതാവ് ശശിയും അടുത്ത വീടുകളിൽ ജോലിക്ക് പോകുന്ന മാതാവ് പൊന്നമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സജിലിന്റെ വിളി എത്തിയത്. പെൺകുട്ടി ഇറങ്ങിച്ചെല്ലാൻ മടിച്ചു. തിരിച്ചു പോയ സജിൽ കരുതിക്കൂട്ടി തന്നെയാണ് വന്നത്. കത്തി, കയർ, കമ്പിവടി, പിന്നെ ഒരു കുപ്പിയിൽ പെട്രോളും.

ഇയാളുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് സംഭവം നടന്ന വീട്. പെൺകുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു വീടിനപ്പുറമാണ് പെൺകുട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിക്കുന്നത്. ഇവിടെയായിരുന്ന പെൺകുട്ടിയെ സജിൽ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വന്ന പെൺകുട്ടിയെ വീട്ടിനുള്ളിൽ വച്ചാണ് ദേഹത്ത് പെട്രോൾ കുടഞ്ഞൊഴിച്ചത്. ഇതിനിടെ സജിലിന്റെ ദേഹത്തും പെട്രോൾ വീണു.

തീ കൊളുത്തിയതോടെ പെൺകുട്ടി അലറി വിളിച്ച് മുറിക്കുള്ളിലൂടെ പിന്നിലേക്കോടി. ഈ സമയം സജിലിന്റെ ദേഹത്തും തീപിടിച്ചു. ഇയാൾ വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ കിടന്നുരുണ്ട് തീയണച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

പിറ്റേന്ന് നാട്ടുകാർ സംഘം തിരിഞ്ഞ് നടത്തിയ തെരച്ചിലിൽ കൃത്യം നടന്ന വീടിന് ഏറെ അകലെയല്ലാതെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് സജിലിനെ പിടികൂടി പൊലീസിന് കൈമാറി. പൂർണ നഗ്നനും അവശനുമായാണ് ഇയാളെ കണ്ടെത്തിയത്. പൊള്ളലേറ്റ് ഓടുന്നതിനിടെ തീപിടിച്ച വസ്ത്രങ്ങൾ ഇയാൾ നീക്കം ചെയ്തിരുന്നു. നെഞ്ചിലും പുറത്തു 48 ശതമാനത്തോളം പൊള്ളലുണ്ട് ഇയാൾക്ക്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പൊലിസ് സെല്ലിൽ ചികിൽസയിൽ കഴിയുന്നു. പെൺകുട്ടിയുമായി പ്രണയമായിരുന്നുവെന്നും ഭയപ്പെടുത്താൻ വേണ്ടിയാണ് പെട്രോളൊഴിച്ചതെന്നുമാണ് സജിൽ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.