- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയുടെ റിപ്പോർട്ടും വേണ്ടത്ര രേഖകളുമില്ലാതെ വായ്പ നൽകി കടനാട് സർവീസ് സഹകരണ ബാങ്ക്; ഓഡിറ്റിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചിട്ടും നടപടിയില്ല; നിയമവിരുദ്ധ വായ്പകൾക്ക് തിരിച്ചടവുമില്ല; ജപ്തി ഇഴഞ്ഞു നീങ്ങുന്നു; ആരോപണങ്ങൾ നിഷേധിച്ച് ബാങ്ക് അധികൃതരും
കോട്ടയം: കടനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി കണ്ടെത്തി മൂന്ന് വർഷമായിട്ടും കുറ്റക്കാരുടെ പേരിൽ നടപടികളില്ലെന്ന് പരാതി.
ഒരേ സർവേ നമ്പറിലുള്ള സ്ഥലത്തിന്റെ ആധാരമുപയോഗിച്ച് പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും ബാങ്ക് ബോർഡ് അംഗങ്ങളുടെ വേണ്ടപ്പെട്ടവർക്കും വേണ്ടത്ര രേഖകളോ പരിശോധനയോ ഇല്ലാതെ കോടികൾ ലോണായി നൽകി എന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ യൂണിറ്റ് ഇൻസ്പെക്ടർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിൽ നൽകിയ ലോണുകളൊക്കെ തിരിച്ചടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിലെ വായ്പാകുടിശിക മുതലിനത്തിൽ 26.5%വും പലിശ ഇനത്തിൽ 50.35% വും കുടിശികയാണ്. ഇതിൽ പാർട്ടി നേതാക്കളും അന്നത്തെ ബോർഡ് അംഗങ്ങളും സ്വന്തക്കാർക്ക് അനധികൃതമായി തരപ്പെടുത്തികൊടുത്ത വായ്പകളും ഉൾപ്പെടുന്നുണ്ട്. അഞ്ച് ആധാരങ്ങൾക്കുമേൽ ഒരേ സർവേ നമ്പരിൽ ഒന്നിലധികംപേർക്ക് വായ്പകൾ അനുവദിച്ചിട്ടുണ്ടെന്നാണ് അന്നത്തെ ആഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്ന ക്രമക്കേടുകളിലൊന്ന്.
സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറിയായിരുന്ന ജെറി ജോസ് തുമ്പമറ്റത്തിന്റെ അമ്മ റെയ്സമ്മ ജോസി (ഗ്രേസമ്മ ജോസ്) ന്റെ പേരിലുള്ള സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഉടമസ്ഥ അടക്കം ഏഴുപേരുടെ പേരിലാണ് 20 ലക്ഷം വീതം ഒരു കോടി 40 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. അക്കാലത്ത് ബാങ്ക് ഭരണസമിതി വൈസ് പ്രസിഡന്റും നിലവിൽ ബോർഡ് അംഗവുമായ വിപിൻ ശശിയുടെ അമ്മയുമായ പി. സതിദേവിയുടെ പേരിലുള്ള ഭൂമിയിൽ സതീദേവി അടക്കം 11 പേരുടെ പേരിൽ 20 ലക്ഷം രൂപ വീതം രണ്ട് കോടി 20 ലക്ഷം രൂപയാണ് വായ്പയായി നൽകിയിരിക്കുന്നത്.
സിപിഎമ്മിന്റെ പ്രാദേശിക നേതാവായ മനു മാത്യുവിന്റെ പേരിലുള്ള ഭൂമിയിൽ നാല് പേർക്കായി 70 ലക്ഷം രൂപയും അദ്ദേഹത്തിന്റെ മുത്തച്ഛൻ വിഡി ദേവസ്യയുടെ പേരിലുള്ള ഭൂമിയിൽ 11 പേർക്കായി രണ്ട് കോടി 20 ലക്ഷം രൂപയും ഡിവൈഎഫ്ഐ നേതാവായ ബോസ് അഗസ്റ്റിന്റെ പേരിലുള്ള ഭൂമിയിൽ അദ്ദേഹത്തിനടക്കം 10 പേർക്കായി രണ്ട് കോടി രൂപയാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
ഈ വായ്പകളുടെ അപേക്ഷകളൊന്നും പൂർണമല്ലെന്നും അപേക്ഷകളിൽ സെക്രട്ടറി റിപ്പോർട്ട് രേഖപ്പെടുത്തുകയോ ഒപ്പ് വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചിരുന്ന രേഖകളും പൂർണമല്ല. എന്നിട്ടും വായ്പകൾ അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബാങ്ക് നിയമാവലി വകുപ്പ് 44 (2)ന് വിരുദ്ധമായി ഐഎംബിപി യിൽ അധികരിച്ച് തുക കൈപ്പറ്റിയിരിക്കുന്നു.
ഓരോ വസ്തുവും പ്ലാനിൽ പലതായി തിരിച്ച് തുക കൈപ്പറ്റുന്ന ഈ നടപടി നിയമാനുസൃതമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മാത്രമ്മല്ല വായ്പ നൽകുന്നതിനായി ചട്ടപ്പടിപ്രകാരം അയച്ച ലോൺ കൺഫർമേഷനുകൾ അവകാശി കൈപറ്റാതെ തിരികെ വരുകയും ചെയ്തിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ നിരവധി മറ്റ് സാമ്പത്തികക്രമക്കേടുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇത്രയും ഗൗരവകരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും ക്രമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയ ബാങ്ക് അധികൃതരുടെ പേരിൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. റിപ്പോർട്ട് സമർപ്പിച്ച് നാല് വർഷം കഴിഞ്ഞിട്ടും വായ്പ തിരിച്ചടവിൽ ഗുരുതരമായ വീഴ്‌ച്ചകൾ വരുത്തിയവർക്കെതിരെ ജപ്തിക്കായുള്ള നടപടിക്രമങ്ങൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
ക്രമക്കേടിന് കൂട്ടുനിന്ന ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഇപ്പോഴും ബാങ്കിൽ തന്നെ ഉണ്ട്. ബാങ്കിലെ നിയമപ്രകാരം ഒരേ സർവേനമ്പറിൽ ഒന്നിലധികം വായ്പകൾ നൽകുന്നതിന് തടസമില്ലെന്നാണ് ബാങ്ക് സെക്രട്ടറി മറുനാടനോട് അറിയിച്ചത്. അതുകൊണ്ടുതന്നെ വായ്പകൾ അനുവദിച്ച ജീവനക്കാർക്കെതിരെ നടപടിയുടെ ആവശ്യമില്ലെന്നാണ് ബാങ്കിന്റെ നിലപാട്.