- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടവന്ത്ര പള്ളിയിലെ വിവാദ മിശ്രവിവാഹ അസാധുവെന്ന് സീറോ മലബാർ സഭ! മുസ്ലിം യുവാവുമായുള്ള ക്രൈസ്തവ യുവതിയുടെ വിവാഹത്തിൽ വീഴ്ച്ച പള്ളി വികാരിക്കെന്ന് അന്വേഷണ കമ്മീഷൻ; കാനോനിക്കൽ നിയമങ്ങൾ വിവാഹത്തിൽ പാലിച്ചില്ല; രണ്ട് ബിഷപ്പുമാർക്കും അറിവുണ്ടായിരുന്നില്ലെന്നും കണ്ടെത്തൽ; കടവന്ത്ര പള്ളിയിലെ മിശ്ര വിവാഹത്തിന് ക്ലൈമാക്സ്
കൊച്ചി: കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിയിൽ നടന്ന വിവാദ മിശ്ര വിവാഹത്തിന് ക്ലൈമാക്സ്. മിശ്രവിവാഹം സഭാ ചട്ടക്കൂടുകൾ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം ശരിവെച്ചു കൊണ്ട ഈ മതാന്തര വിവാഹം സീറോ മലബാർ സഭ അസാദുവാക്കി. മിശ്രവിവാഹം നടന്നതുമായി ബന്ധപ്പെട്ട വിവാദം മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രിബ്യൂണൽ നിയോഗിച്ച അന്വേഷണ കമ്മീഷൻ അന്വേഷിച്ച ശേഷമാണ് പള്ളിയിലെ വിവാഹം അസാധുവാണെന്ന് കണ്ടെത്തിയത്.
നവംബർ ഒൻപതിനാണ് ഇരിങ്ങാലക്കുട അതിരൂപതയിലെ ഒരു ഇടവകാംഗമായ യുവതിയും ഇതര മതസ്ഥനുമായുള്ള വിവാഹം പള്ളിയിൽ നടന്നത്. ഡോക്ടർമാരായ ഇരുവരും കൊച്ചിയിലെ ആശുപത്രിയിൽ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുൻപ് രജിസ്റ്റർ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താൻ വീട്ടുകാർ തയ്യാറായത്. ഇത് പ്രകാരം കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയിൽ വെച്ച് വിവാഹം നടത്തി.
വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് സംഭവം വിവാദമായതും അന്വേഷണം നടന്നതും. തുടർന്ന് കാനോൻ നിയമ പ്രകാരമുള്ള വിവാഹമാണ് അസാധുവാക്കിയത്. ഇതോടെ കാനോനിക നിയമങ്ങൾ അനുസരിച്ചു മുൻപോട്ടു പോകുകയാണെങ്കിൽ മാത്രമേ ഇനി വിവാഹം സാധുവാക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ പള്ളിയിൽ നിന്നും ഏതെങ്കിലും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ അത് അസാധുവാകുമെന്നും എപ്പിസ്കോപ്പൽ ട്രിബ്യൂണൽ അറിയിച്ചിട്ടുണ്ട്.
കൾട്ടിന്റെ അസമത്വം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കപ്പെടാത്തത് സംബന്ധിച്ച് ബന്ധപ്പെട്ട അഥോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയുടെ പള്ളിയിലെ ഇടവക വികാരിയുടെയും വിവാഹം നടത്തിക്കൊടുത്ത കടവന്ത്രപള്ളി വികാരിയുടെയും അശ്രദ്ധ കണ്ടെത്തിയതായി ആർക്കി എസ്കോപ്പൽ സിനഡൽ ട്രിബ്യൂണൽ രൂപീകരിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഡിസ്പാരിറ്റി ഓഫ് കൾട്ടിന് കീഴിൽ വിവാഹം നടത്താൻ ആവശ്യ മായ കാനോനിക്കൽ നിബന്ധനകൾ പാലിക്കാത്തതിൽ വികാരി ഫാ.ബെന്നി മാരാംപറമ്പിൽ കുറ്റക്കാരനാണെന്ന് കമ്മീഷൻ കണ്ടെത്തി. എന്നാൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചു താക്കീതു നൽകുകയാണ് ഉണ്ടായത്.
മെട്രോപൊളിറ്റൻ വികാരിമാർ ആന്റണി കരിയിലിനേയും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനേയും വിവാഹത്തിന്റെ അസാധുതയേക്കുറിച്ച് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ രണ്ട് ബിഷ പ്പുമാർക്കും ഈ വിവാഹത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് കണ്ടെത്തിൽ. അതിനാൽ അതിനാൽ അതത് ഇടവക വികാരിമാർക്ക് കർശന മുന്നറിയിപ്പ് നൽകാൻ ട്രിബ്യൂണലിൽ നിന്ന് കർശന ഉത്തരവ് നൽകിയിട്ടുണ്ട്.
മിശ്രവിവാഹങ്ങൾ നടത്തുമ്പോൾ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയിൽനിന്ന് രൂപതമെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറിനൽകണം. പെൺകുട്ടിയുടെ ഇടവകയിൽനിന്ന് നൽകിയ കുറിയിൽ വിവാഹം ആശിർവദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികൾ അവിടെ പൂർത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്. വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങൾ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പിൽ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനു നൽകിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞിരുന്നത്. തടസ്സങ്ങൾ ഇല്ലാതാക്കാനുള്ള ചുമതല കത്തോലിക്ക വിശ്വാസിയായ പങ്കാളിയുടെ വികാരിക്കും രൂപത മെത്രാനുമാണെന്നും സിറോ മലബാർ സഭ കാനോനിക നിയമം ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവാഹം സഭാവൃത്തങ്ങൾക്കിടയിൽ വൻ വിവാദമായതിനെത്തുടർന്ന് എറണാകുളം, ഇരിങ്ങാലക്കുട മെത്രാന്മാർ പരസ്പരം സംസാരിച്ചു പെൺകുട്ടിയെ കടവന്ത്ര ഇടവകയിൽച്ചേർത്ത് പുതിയ അപേക്ഷവാങ്ങി വിവാഹം സാധുവാക്കാൻ ആലോചനയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണു വിഷയം മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കാൻ തീരുമാനിച്ചത്. വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദങ്ങളിലേക്കു നയിച്ചതെന്നു ഒരുവിഭാഗവും കടവന്ത്ര വികാരിയുടെ നടപടിയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് എതിർവിഭാഗവും വാദിക്കുകയുണ്ടായി.
അതേസമയം സിറോ മലബാർ സഭയിൽ വർദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങൾ തടയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികൾ രംഗത്തുവന്നിരുന്നു. കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ച് നിൽക്കുമെന്നും തങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികളെ ഇതേ വിശ്വാസത്തിൽ വളർത്തുമെന്നും ഉറപ്പു നൽകിയാണ് ഇത്തരം വിവാഹങ്ങൾ പള്ളിയിൽ വെച്ച് നടത്തുന്നത്. സഭ നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ സമൂഹത്തിലെ ചില ഉന്നതർക്കുവേണ്ടിയാണെന്നും ഇത് യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസികൾ ആരോപിക്കുയുണ്ടായി.
സത്ന രൂപതയുടെ മുൻ ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് അനുമതി നൽകിയ ഫാ ബെന്നി മാരാംപറമ്പിലിനെതിരെ വിശ്വാസികൾ രൂക്ഷ പ്രതികരണമാണ് നടത്തുന്നത്. കർദ്ദിനാൾ ആലഞ്ചേരിക്കെതിരെയുള്ള ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്റെ കൺവീനറാണ് അദ്ദേഹം. വേണ്ടത്ര രേഖകൾ ഇല്ലാതെയാണ് വിവാഹം നടന്നത് എന്നാണ് വിശ്വാസികളുടെ പ്രധാന ആരോപണം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.