തിരുവനന്തപുരം: മാതാവ് 13 കാരനെ പീഡിപ്പിച്ചു എന്ന കേസിൽ പൊലീസ് ഒത്തു കളിച്ചതായി ആരോപണം. 13 കാരന്റെ പിതാവിന്റെ പക്കൽ നിന്നും പൊലീസ് കൈക്കൂലി വാങ്ങി കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ആറ്റിങ്ങൽ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിരിക്കുകയാണ്. 

തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകൻ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സിഐക്ക് മേൽ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സിഐ ഇത് വിസമ്മതിക്കുകയും അവധിയിൽ പോകുകയും ചെയ്തു. തുടർന്ന് കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ ഡി.വൈ.എസ്‌പിയുടെ നിർദ്ദേശം അനുസരിച്ച് ഡിസംബർ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുൻ ഭർത്താവ് കൈമാറി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസി.കമ്മീഷ്ണർ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂർവ്വം കുടുക്കി ജയിലിലടക്കാൻ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. അതേസമയംയുവതിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. മകൾക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം.

അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

യുവതി ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അതിനിടെ കടയ്ക്കാവൂരിൽ അമ്മയ്ക്ക് എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുകയാണ്. കേസ് കെട്ടിച്ചമച്ചതാണോ എന്ന സംശയമാണ് പലയിടത്തുനിന്നും ഉയരുന്നത്.

കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ പറഞ്ഞു. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കുന്നു. 'പൊലീസ് കുട്ടിക്ക് കൗൺസിലിങ് നൽകി റിപ്പോർട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗൺസിലിംഗിനായി കൊണ്ടുവന്നത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. അപ്പോൾ ആ വിവരം നൽകിയത് ആരാണോ അവരുടെ പേരാണ്, വിവരം നൽകിയ ആൾ എന്ന കോളത്തിൽ വരേണ്ടത്. അല്ലാതെ ശിശുക്ഷേമസമിതി വിവരം നൽകി എന്നെഴുതുന്നത് തെറ്റാണ്', എന്ന് അഡ്വ. സുനന്ദ പറയുന്നു.

ഇടയ്ക്ക് മാത്രമേ കുട്ടിക്ക് കൗൺസിലിങ് നൽകാനായിട്ടുള്ളൂ എന്ന് ശിശുക്ഷേമസമിതി അധ്യക്ഷ പറയുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ കാര്യക്ഷമമായ കൗൺസിലിങ് റിപ്പോർട്ട് നൽകാനാകും. പൊലീസ് നിലവിലെ എഫ്ഐആറിലെ പിഴവ് തിരുത്തണമെന്നും അഡ്വ. സുനന്ദ ആവശ്യപ്പെടുന്നു.