താനൂർ: കേരളത്തിൽ ജെസ്‌നയുടെ തിരോധാനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എരുമേലിയിൽ നിന്നും കാണാതായ ജെസ്‌ന വിദേശത്തേക്ക് കടന്നിരിക്കാം എന്നതാണ് നിഗമനം. അതേസമയം ഈ കേസിലെ സിബിഐ അന്വേഷണവും പുരോഗമിക്കയാണ്. അതേസമയം ജെസ്‌ന കേസിനെ പോലെ മലപ്പുറത്തെ ഒരു തിരോധാനവും വർഷങ്ങളായി തുമ്പില്ലാത്ത അവസ്ഥയാണ്. താനൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോയ വീട്ടമ്മയും ഇരട്ടക്കുട്ടികളും കാണാതായിട്ട് എട്ട് വർഷം പിന്നിട്ടിരിക്കയാണ്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഈ കേസിൽ ഇതുവരെ കാര്യമായി പുരോഗതി ഉണ്ടാകാത്ത കേസിൽ വീണ്ടും അന്വേഷണം ഊർജ്ജിതമാക്കുകായണ് ക്രൈംബ്രാഞ്ച്. 2014 ഏപ്രിൽ മാസത്തിൽ താനൂർ ഓമച്ചപുഴയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് 12 വയസ്സുള്ള ഇരട്ടകുട്ടികളായ ഷിഹാബ്, ജീന എന്നിവരുമൊന്നിച്ച് പുറപ്പെട്ടുപോയ കദീജയെയാണ് കാണാതെ പോയത്. ഇവർ കോട്ടയ്ക്കൽ വരെ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് യുവതി എവിടെക്ക് പോയെന്ന് എത്തുംപിടിയും ഇല്ലാത്ത അവസ്ഥയായി.

താനൂർ പൊലീസ് രജിസ്റ്റർ ആദ്യഘട്ടത്തിൽ കാണാതായവർ അന്വേഷണം സ്വയം നടത്തിയ കേസിന്റ പുറപ്പെട്ട് പോയതാണെന്ന വരുത്തിതീർക്കാൻ പല ഭാഗങ്ങളിൽ നിന്നും ശ്രമമുണ്ടാവുകയും താനൂർ പൊലീസിന്റെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനാൽ കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറുകയാണുണ്ടായത്. ഈ കേസിൽ ഊർജ്ജിതമായി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. ക്രൈംബ്രാഞ്ച് നിരവധി സാക്ഷികളെ ചോദ്യം ചെയ്യുകയും സംശയമുള്ള ചില ആളുകളെ നുണപരിശോധനക്ക് വിധേയമാക്കിയും കാണാതായ സ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. കോട്ടക്കൽ വരെ ഇവർ എത്തിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഭർത്താവിന്റ മരണശേഷം ഭർത്താറിന്റെ ബന്ധുക്കളുമായി വലിയ അടുപ്പത്തിലല്ലായിരുന്ന സ്ത്രീ ഭർത്താവിന്റെ കുടുംബവീട്ടിൽ താമസിച്ചു വരവെയാണ് കാണാതായത്. ഭർത്താവിന്റെ പേരിലുള്ള ഒരു ഏക്രയോളം ഭൂമിയും, കാണാതായ സ്ത്രീ ബന്ധുവിനെ താൽക്കാലികമായി ഏൽപിച്ച 20 പവൻ സ്വർണാഭരണങ്ങളും, ബാങ്കിലുള്ള പണവും ഉപേക്ഷിച്ച് അവർ സ്വന്തം ഇഷ്ടപ്രകാരം കുട്ടികളെയും കൊണ്ട് പോകാൻ സാദ്ധ്യതയില്ല എന്നതാണ് കാണാതായ സ്ത്രീയെക്കുറിച്ച് അറിയുന്ന ആളുകളുടെ മൊഴികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇവരുടെ തിരോധാനത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നു തന്നെയാണ് പൊലീസിന്റ നിഗമനം.

അല്ലാതെ മക്കളെയും കൊണ്ട് യുവതിക്ക് ഇത്രയും കാലം മറഞ്ഞിരിക്കാൻ കഴിയില്ലെന്നും അന്വേഷണ സംഘം കണക്കു കൂട്ടുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സുജിത് ദാസിന്റെ മേൽനോട്ടത്തിൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ എസ്‌പിയും സ്‌പെഷൽബ്രാഞ്ച് ഡി വൈ എസ് പിയും പ്രത്യേകം തിരഞ്ഞെടുത്ത അംഗങ്ങളും ഉൾപ്പെടുന്ന അന്വേഷണ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. കേസിൽ എന്തെങ്കിലും തുമ്പു കിട്ടാൻ പൊതുജനങ്ങളുടെയു സഹായം തേടുകയാണ് ക്രൈംബ്രാഞ്ച്.

സ്ത്രീയേയും കുട്ടികളെയും കാണാതായ കാര്യത്തിൽ എന്തെങ്കിലും വിവരങ്ങൾ അറിവുള്ളവർ ഡി.വൈ.എസ്‌പി ജില്ല ക്രൈം ബ്രാഞ്ച് 949799010, എസ്. ഐ 9497975616 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും അറിയിച്ചു. ലുക്ക്ൗട്ട് നോട്ടീസ് അടക്കം പുറത്തിറക്കി വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.