- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കുമ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണി; കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോൾ ആഡംബരം ജീവിത ശൈലിയായി; പണം കണ്ടെത്താൻ കണ്ണെറിഞ്ഞത് കുഡ്‌ലു ബാങ്കിൽ; ദുർന്നടപ്പിന്റെ മായികലോകത്തുനിന്നു ജയിലിലെത്തിയ മുജീബിന്റേയും ജോമോന്റേയും കഥ
കാസർഗോഡ്: ആഡംബര ജീവിതവും ദുർന്നടപ്പും കഞ്ചാവ് ലഹരിയോടുള്ള ആർത്തിയും ഒന്നിച്ചപ്പോൾ പണം കണ്ടെത്താനുള്ള വഴിയായി അവർ സ്വീകരിച്ചത് ബാങ്ക് കവർച്ച. കുഡ്‌ലു ബാങ്ക് കവർച്ച ചെയ്ത കേസിലെ പ്രതികളുടെ മുൻകാല ജീവിതം ഇങ്ങനെ. ഫോർട്ട് കൊച്ചി സ്വദേശി ജോമോൻ എന്ന ഫെലിക്‌സ് ആറുമാസം മുമ്പ് നാടുവിട്ട് മംഗലാപുരത്ത് എത്തിയപ്പോഴാണ് ചൗക്കി സ്വദേശിയായ മ
കാസർഗോഡ്: ആഡംബര ജീവിതവും ദുർന്നടപ്പും കഞ്ചാവ് ലഹരിയോടുള്ള ആർത്തിയും ഒന്നിച്ചപ്പോൾ പണം കണ്ടെത്താനുള്ള വഴിയായി അവർ സ്വീകരിച്ചത് ബാങ്ക് കവർച്ച.
കുഡ്‌ലു ബാങ്ക് കവർച്ച ചെയ്ത കേസിലെ പ്രതികളുടെ മുൻകാല ജീവിതം ഇങ്ങനെ. ഫോർട്ട് കൊച്ചി സ്വദേശി ജോമോൻ എന്ന ഫെലിക്‌സ് ആറുമാസം മുമ്പ് നാടുവിട്ട് മംഗലാപുരത്ത് എത്തിയപ്പോഴാണ് ചൗക്കി സ്വദേശിയായ മുജീബുമായി പരിചയത്തിലാവുന്നത്. കഞ്ചാവ് കൈമാറി മുജീബുമായുള്ള ബന്ധം ജോമോൻ അരക്കിട്ടുറപ്പിച്ചു. കുഡ്‌ലു ബാങ്ക് കവർച്ചയുടെ സൂത്രധാരനായ ചൗക്കി സ്വദേശി മുഹമ്മദ് ഹനീഫ് എന്ന ദുൽദുൽ ഹനീഫ് ഇവരുടെ സൗഹൃദം ദൃഢപ്പെടുത്തി. കവർച്ചക്ക് ജോമോന്റെ സഹായം തേടാമെന്ന ആശയം മുജീബുമായി പങ്കുവച്ച് ഹനീഫ് ജോമോനെ കൂട്ടുചേർത്തു. കഞ്ചാവ് ഉപയോഗവും വിൽപ്പനയുമുൾപ്പെടെ എറണാകുളം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ജോമോനെതിരെ നിരവധി കേസുകളുണ്ട്. പൊലീസിനെ വെട്ടിച്ച് മംഗലാപുരത്തെ ബന്തറിൽ താമസമാക്കിയ ജോമോൻ മുജീബിനേയും ഇടുക്കി സ്വദേശി റജിയേയും പരിചയപ്പെടുന്നത് അവിടെവച്ചാണ്.
ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ജോമോൻ പഠിക്കുന്ന കാലത്ത് തോപ്പുംപടിയിലെ നാട്ടുകാരുടെ പ്രശംസക്ക് പാത്രമായിരുന്നു. പഠനത്തിനു പുറമേ കമ്പ്യൂട്ടർ വിദഗ്ധൻ കൂടിയായിരുന്നു ജോമോൻ. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വ്യാമോഹത്തിലാണ് കഞ്ചാവ് വിപണനത്തിലും ഉപയോഗത്തിലും എത്തിച്ചേർന്നത്. കുഡ്‌ലു ബാങ്ക് കവർച്ചയിലെ മറ്റു പ്രതികൾ പൊലീസിനെ വെട്ടിക്കാൻ പ്രത്യേകം പ്രത്യേകം കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞപ്പോൾ മുജീബും ജോമോനും ഒന്നിച്ച് സുഖവാസത്തിലായിരുന്നു. കുടകിൽ ആഡംബര വീടിനു മുൻകൂർ പണം നൽകി അവിടെയായിരുന്നു താമസം. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഒരുക്കിയിരുന്നു. അതിനിടെ മറ്റു പ്രതികളെക്കൂടാതെ കളവുമുതൽ തട്ടിയെടുക്കാനുള്ള ആലോചനയും ഇവർ നടത്തി. മറ്റു പ്രതികൾ പിടിക്കപ്പെട്ടാലും തങ്ങളെ പിടികൂടരുതെന്നതിനാൽ മൊബൈൽ ഫോൺ പോലും ഇവർ ഉപേക്ഷിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണം ബന്തറിലേക്ക് തിരിഞ്ഞപ്പോൾ പിടിച്ചു നിൽക്കാനവർക്കായില്ല.
ദുൽദുൽ ഹനീഫ് കുഡ്‌ലു ബാങ്ക് കവർച്ച ആസൂത്രണം ചെയ്തപ്പോൾ സംഘാംഗങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിന് മുജീബാണ് രംഗത്തിറങ്ങിയത്. ആസൂത്രണത്തിൽ പങ്കാളിയായ അബ്ദുൾ മഷ്ഹൂക്കിനെ കൂട്ടി ബന്തറിലെത്തി ജൊമോനോട് കഞ്ചാവ് ചോദിച്ചു. തുടർന്ന് കാസർഗോഡ് കുഡ്‌ലു ബാങ്ക് കവർച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അറിയിച്ചപ്പോൾ ഉടൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് താൻ തയ്യാറെന്ന് ജോമോൻ അറിയിച്ചു. സംഘാംഗങ്ങളുടെ എണ്ണം പോരെന്ന് മുജീബ് അറിയിച്ചപ്പോൾ അതും താൻ ഏറ്റെന്ന് ജോമോൻ പറഞ്ഞു. കേസുകളിൽ പിടിയിലാകാനുള്ള കുറേപേർ തന്റെ കസ്റ്റഡിയിലുണ്ടെന്നും അവരെ ചേർക്കാമെന്നും ജൊമോൻ അറിയിച്ചു. ഇടുക്കി സ്വദേശിയായ റെജിയെ സംഘത്തിൽ ചേർത്തത് അങ്ങനെയാണ്. ജോമോനും മുജീബും റജിയും ചേർന്നാണ് കവർച്ചയുടെ രൂപ രേഖ തയ്യാറാക്കിയത്.
നിരവധി തവണ രാത്രിയും പകലുമായി കുഡ്‌ലു ബാങ്ക് സ്ഥിതിചെയ്യുന്ന ഏറിയാൽ പ്രദേശം ഇവർ നിരീക്ഷണവിധേയമാക്കി. അതിനു ശേഷമാണ് കവർച്ച നടത്തിയത്. കവർച്ചക്ക് ശേഷം ജോമോനും മുജീബും ഒന്നിച്ച് കുടകിലെത്തിയാണ് ആഡംബര വീട് വാങ്ങിയത്. കവർച്ചാ പണം ഉപയോഗിച്ചായിരുന്നു ഇത്. ഇതിനിടെ ഒരു കാറും വാങ്ങി. സുഖവാസകേന്ദ്രങ്ങൾ ചുറ്റിയടിച്ചു. എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി കഴിയവെയാണ് പൊലീസ് അന്വേഷണം ശക്തമായത്. മുജീബ് കാസർഗോഡേക്കും ജോമോൻ കോയമ്പത്തൂരേക്കും കടന്നു. കോയമ്പത്തൂരിൽ കാമുകിയുമായി സല്ലപിക്കവേ ജോമോൻ മലമ്പനി ബാധിച്ച് ആശുപത്രിയിലുമായി. മുജീബിനെ മുള്ളേരിയിൽ നിന്ന് പൊലീസ് പിടികൂടി. ഉടൻ തന്നെ ഉദുമൽപേട്ട് ആശുപത്രിയിലെത്തി ജോമോനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകിയുടെ പേരിൽ സ്വർണം പണയം വച്ച തുക കൊണ്ടാണ് ചികിത്സ നടത്തിയത്. പൊലീസ് കാസർഗോഡ് കൊണ്ടുവന്ന ജോമോൻ കാസർഗോഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കുഡ്‌ലു ബാങ്ക് കവർച്ചയിൽ നേരിട്ടു പങ്കാളികളാണ് മുജീബ് റഹ്മാനും ജോമോനും. കാസർഗോഡ് നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കുഡ്‌ലു ബാങ്കിൽ നിന്നും 21 കിലോ ഗ്രാം സ്വർണ്ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ സ്വർണ്ണവും പണവുമാണ് കൊള്ളയടിച്ചത്. കവർന്ന സ്വർണ്ണത്തിൽ നിന്നും കണ്ടെത്താൻ ബാക്കിയുള്ള 10 കിലോ ്രഗാമിൽ 9 കിലോഗ്രാമും പിടികൂടി. ഒരു കിലോഗ്രാം സ്വർണം കോയമ്പത്തൂരിൽ വിൽപ്പന നടത്തി ലഭിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കർണ്ണാടകയിൽ സ്ഥലവും കാറും വാങ്ങിയത്.