- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു പിണറായിയും ബെഹറയുംവരെ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ! മാവോയിസ്റ്റു ചാപ്പയടികളുടെ കാലത്തെ സാംസ്കാരിക പ്രതിരോധം; 'കാടു പൂക്കുന്ന നേരത്തിൽ' സമകാലീന രാഷ്ട്രീയം മുറിച്ചു വച്ചിരിക്കുന്നു; ചലച്ചിത്രകാരൻ എന്നനിലയിൽ കുതിച്ചുചാടി ഡോ. ബിജു
പത്തിരുപത്തഞ്ച് വർഷം മുമ്പത്തെ അനുഭവമാണ്. സഖാവ് നായനാർ കേരളാ മുഖ്യമന്ത്രിയായിരുന്ന കാലം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേരളത്തിൽ പൊതുസ്ഥലത്ത് പുകവലി നിരോധനം വരുന്നു. അതായത് ഇനി ആരെങ്കിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് കണ്ടാൽ പൊലീസിന് കേസെടുക്കാം. എന്നാൽ ആഭ്യന്തരംകൂടി ഭരിക്കുന്ന നായനാർ ഈ നിയമം കർശനമാക്കേണ്ടെന്ന് ഡി.ജി.പിയോട് ഉത്തരവിട്ടു. മാർക്‌സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബീഡിക്കമ്പനികളെ സംരക്ഷിക്കാനാണോ ഈ നീക്കമെന്ന് മനോരമാ ലേഖകന് ഒരു സംശയം. ഒരിക്കൽ കാസർകോട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനം കഴിഞ്ഞിറങ്ങവെ, ടിയാൻ അടക്കമുള്ള ചില പത്രക്കാരെ വിളിച്ച് നായനാർ സത്യം പറഞ്ഞു. 'നിങ്ങള് തട്ടിവിടുന്നതൊന്നുമല്ലെടോ കഥ. നമ്മുടെ പൊലീസിനെ എനക്കറിയില്ലേ. ഓർക്ക് കിട്ടുന്ന അമിത അധികാരമാണ് പ്രശ്‌നം. വിരോധമുള്ള ഏവനെയും പിടിച്ച് ഒരു ബീഡി കത്തിച്ച് കൈയിൽകൊടുത്ത് കേസാക്കാൻ നമ്മുടെ പൊലീസിന് ഇനി എളുപ്പത്തിൽ കഴിയും .എനക്കറിയില്ലേ നമ്മുടെ പൊലീസിനെ'. അമിത അധികാരമല്ല ഒരു ചെറിയ അധികാര പ്രയോഗത്തിന്റെ അവസരം കിട്ടിയാൽ
പത്തിരുപത്തഞ്ച് വർഷം മുമ്പത്തെ അനുഭവമാണ്. സഖാവ് നായനാർ കേരളാ മുഖ്യമന്ത്രിയായിരുന്ന കാലം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേരളത്തിൽ പൊതുസ്ഥലത്ത് പുകവലി നിരോധനം വരുന്നു. അതായത് ഇനി ആരെങ്കിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് കണ്ടാൽ പൊലീസിന് കേസെടുക്കാം. എന്നാൽ ആഭ്യന്തരംകൂടി ഭരിക്കുന്ന നായനാർ ഈ നിയമം കർശനമാക്കേണ്ടെന്ന് ഡി.ജി.പിയോട് ഉത്തരവിട്ടു.
മാർക്‌സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബീഡിക്കമ്പനികളെ സംരക്ഷിക്കാനാണോ ഈ നീക്കമെന്ന് മനോരമാ ലേഖകന് ഒരു സംശയം. ഒരിക്കൽ കാസർകോട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനം കഴിഞ്ഞിറങ്ങവെ, ടിയാൻ അടക്കമുള്ള ചില പത്രക്കാരെ വിളിച്ച് നായനാർ സത്യം പറഞ്ഞു. 'നിങ്ങള് തട്ടിവിടുന്നതൊന്നുമല്ലെടോ കഥ. നമ്മുടെ പൊലീസിനെ എനക്കറിയില്ലേ. ഓർക്ക് കിട്ടുന്ന അമിത അധികാരമാണ് പ്രശ്‌നം. വിരോധമുള്ള ഏവനെയും പിടിച്ച് ഒരു ബീഡി കത്തിച്ച് കൈയിൽകൊടുത്ത് കേസാക്കാൻ നമ്മുടെ പൊലീസിന് ഇനി എളുപ്പത്തിൽ കഴിയും .എനക്കറിയില്ലേ നമ്മുടെ പൊലീസിനെ'.
അമിത അധികാരമല്ല ഒരു ചെറിയ അധികാര പ്രയോഗത്തിന്റെ അവസരം കിട്ടിയാൽ പോലും, കൊളോണിയൽ പൊലീസിന്റെ ഹാങ്ങോവർ ഇനിയും മാറിയിട്ടില്ലാത്ത നമ്മുടെ സേന അത് നന്നായി ദുരുപയോഗം ചെയ്യുമെന്ന് നായനാർക്ക് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അറിയാമായിരുന്നു. അവിടെനിന്ന് പുരോഗമിച്ച് നാം എവിടെയത്തെിയെന്ന് നോക്കുക. ഇപ്പോഴത്തെ ചില യു.എ.പി.എ അറസ്റ്റുകളുടെ രൂപവും ഭാവവും നോക്കുക. ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്, നോവലെഴുതിയതിന്, തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ പോസ്റ്റർ ഒട്ടിച്ചതിന്, വെറുതെയുള്ള രൂപസാദൃശ്യത്തിന്.. അങ്ങനെ എത്ര അനുഭവങ്ങൾ.
ഈ അർധ പൊലീസ് ഭീകരതയുടെ കാലത്ത് പുറത്തിറങ്ങുന്നുവെന്നതുതന്നെയാണ് ഡോ.ബിജു സംവിധാനം ചെയ്ത 'കാടുപൂക്കുന്ന നേരം' എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തിയും. അതിദേശീയതയും, രാജ്യസ്‌നേഹ വൈകാരികയും, ജനഗണമന വിവാദവുമൊക്കെ കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്ത് ഈ പടം സത്യത്തിൽ നമ്മുടെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, പൊലീസിന്റെ പ്രൊഫഷണൽ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹറയുമൊക്കെ ഒന്നു കാണേണ്ടതാണ്. (പലപ്പോഴും കലാസൃഷ്ടികൾ ഒരു വെളിച്ചമാണ്. ലക്ഷം പ്രഭാഷണങ്ങളെക്കാളും , ലക്ഷങ്ങൾ പൊടിച്ച് പൊലീസിനനെ ജനകീയമാക്കാനുള്ള കോൺഫറൻസുകളെക്കാളും അത് ഫലം ചെയ്യും അത്) പൊലീസ് എന്ന സംവിധാനം എങ്ങനെയാണ് ഭരണകൂടത്തെ നിലനിർത്താനെന്നപേരിൽ, ഏറ്റവും നിരാംലബരായവരെ പീഡിപ്പിക്കുന്നതെന്ന് ഈ ചിത്രം കാണിച്ചുതരുന്നു.
വൈരാഗ്യമുള്ളവനൊയൊക്കെ ബീഡിവലിച്ചെന്നപേരിൽ പൊലീസ് പൊക്കുമെന്ന നായനാരുടെ നിരീക്ഷണംപോലെ, പരിസ്ഥിതി പ്രവർത്തകരെയും, നവമാദ്ധ്യമങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും, എതിർശബ്ദം ഉയർത്തുന്നവവെയുമൊക്കെ ഒതുക്കാനുള്ള ഒറ്റമൂലിയുണ്ട് ഇന്ന് നമ്മുടെ പൊലീസിന്. അതാണ് മാവോയിസ്റ്റ്! ഇത് റിമ കല്ലിങ്ങലിന്റെ മവോയിസ്റ്റെന്ന് തെറ്റിദ്ധരിക്കപ്പെട്ട ആക്റ്റീവിസ്റ്റ് കഥാപാത്രത്തിലൂടെ പച്ചക്ക് പറയിക്കുന്നുണ്ട് ഡോ.ബിജു.തലച്ചോറ് തുരന്നുമാറ്റി തീയേറ്ററിൽ കയറിയില്‌ളെങ്കിൽ സാമാന്യബുദ്ധിക്ക് സാരമായി പരിക്കേൽക്കുന്ന ബ്രഹ്മാണ്ഡ സിനിമകൾക്കിടയിൽ ചിന്തിപ്പിക്കുന്ന ചിത്രങ്ങളും ഉണ്ടാവുന്നുവെന്നു എന്നതും ആശ്വാസമാണ്.
കാതലുള്ള രാഷ്ട്രീയ പ്രമേയം
നമ്മുടെ സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത'പേരറിയാത്തവർ' എന്ന ചലച്ചിത്രം ഒഴിച്ചാൽ, അർധബുജി മോഡലിലുള്ള ഉഡായിപ്പ് സിനിമകൾ എടുത്ത് ഗീർവാണമടിക്കുന്ന സംവിധായകനായാണ് ഈ ലേഖകനൊക്കെ ഡോ.ബിജുവിനെ വിലയിരുത്തിയിരുന്നത്. സിനിമയാണോ നാടകമാണോയെന്ന് പറയാൻ കഴിയാത്ത 'ആകാശത്തിന്റെ നിറവും', 'വലിയ ചിറകുള്ള പക്ഷികളുമൊക്കെ'യാണ് ബിജുവിന് ഈ ചീത്തപ്പേര് ചാർത്തിക്കൊടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'കാട്പൂക്കുന്ന നേരം' കണ്ടപ്പോൾ അമ്പരന്ന് ഇരുന്നുപോയി. സമകാലീന കേരള രാഷ്ട്രീയത്തിൽ, ഭരണകൂടവും പൊലീസും നിരാലംബരാക്കപ്പെടവരും തമ്മിലുള്ള അംശബന്ധം ഇത്ര കൃത്യമായി പറയുന്ന രാഷ്ട്രീയ ചിത്രം വേറെ ഇറങ്ങിയിട്ടില്ല എന്ന് നിസ്സംശയം പറയാം.
[BLURB#1-VL]സാധാരണ ഡോ.ബിജുവിന്റെ സിനിമകളിലെ ഏറ്റവും വലിയ പ്രതിസന്ധിയായി തോന്നിയിട്ടുള്ളത് അനാവശ്യമായ സങ്കീർണ്ണതകളും അടുർ ഗോപാലകൃഷ്ണൻ മോഡലിലുള്ള ഇഴച്ചിലും മൗനങ്ങളുമായിരുന്നു. എന്നാൽ ഇവയൊക്കെ അതിവിദഗ്ധമായി ഈ ചിത്രം തരണം ചെയ്തിട്ടുണ്ട്.ഇത്തവണ ഒറ്റ ഫ്രെയിം കണ്ടുകഴിഞ്ഞാൽ ചിത്രത്തിൽനിന്ന് കണ്ണെടുക്കാൻ കഴിയാത്ത ചടുലതയോടെയാണ് ഡോ.ബിജു ചിത്രമൊരുക്കിയത്. ഒരു ചലച്ചിത്രകാരനെനിലയിൽ ബിജുവിന്റെ കരിയറിലെയും കുതിച്ചുചാട്ടമാണ്, നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്കുകൂടി ക്ഷണം കിട്ടിയ ഈ പടം.
എന്നുവച്ച് ആദിവാസി ചൂഷണത്തെക്കുറിച്ചോ, ഭരണകൂട ഭീകരതയെക്കുറിച്ചോ ഉള്ള ഒരു ഡോക്യുമെന്റി സ്വഭാവമുള്ള ചിത്രവുമല്ല അത്.( ഡോ.ബിജുവിന്റെ ഏറ്റവും നല്ല ചിത്രമായി വിലയിരുത്തപ്പെട്ട 'പേരറിയാത്തവരിൽ' പോലും ഈ ന്യൂനത ഉണ്ടായിരുന്നു)
പേരില്ലാത്ത മാവോയിസ്റ്റും പൊലീസും
ഗോഡൗണിൽ പുഴുവരിച്ച് നശിക്കാനൊരുങ്ങുന്ന എതാന് ചാക്ക് അരിയെടുത്ത് ആദിവാസി ഊരുകളിലേക്ക് കൊണ്ടുപോയി എന്ന 'കൊടിയ കുറ്റത്തിന്' മാവോയിസ്റ്റ് സ്വാധീന മേഖലയായ ഒരു വനയോരമേഖലയിലേക്ക് എത്തുന്ന ഒരു സംഘം പൊലീസുകാരെ ചിത്രീകരിച്ചുകൊണ്ടാണ് 'കാടുപൂക്കുന്ന നേരം' തുടങ്ങുന്നത്. ഓലമേഞ്ഞ ഷെഡ്ഡിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ രണ്ടുമുറികൾ പൊലീസിന്റെ ക്യാമ്പ് ഓഫീസ് ആയതോടെ അമ്പരന്നിരിക്കയാണ് ആദിവാസിക്കുട്ടികളും രണ്ട് അദ്ധ്യാപകരും. ഫലത്തിൽ അവരുടെ സ്‌കൂൾ ഭാഗികമായ പൊലീസ് പിടിച്ചെടുത്തിരിക്കയാണ്.അർഥപൂർണമായ ഇമേജുകളിലൂടെ ഇവിടെയൊക്കെ കഥ മുന്നോട്ടുപോവുന്നു.ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകുന്ന അവകാശങ്ങളെക്കുറിച്ചും, ദലിത്- ആദിവാസി ക്ഷേമത്തെക്കുറിച്ചുള്ള ഭാഗങ്ങളുമൊക്കെ അദ്ധ്യാപകനായ ഇന്ദ്രൻസ് വായിക്കുമ്പോൾ കാണിക്കുന്ന പൊലീസിന്റെ കവാത്തുകളിൽ നിന്നൊക്കെ കാര്യം വ്യക്തമാണ്. ഒരു കൗതുകത്തിന് പൊലീസിന്റെ തോക്ക് ഒന്ന് തൊടാൻപോയ കുട്ടിക്ക് കിട്ടുന്നത് തല്ലാണ്.ഇതിനു പ്രതികാരമായ അവൻ രാത്രി പൊലീസ് ക്യാമ്പിലേക്ക് കല്ലറിയുന്നത് ചിത്രീകരിക്കപ്പെടുന്നതാവട്ടെ മാവോയിസ്റ്റ് ആക്രമണമായും! ഒരുത്തനെയും കിട്ടാതായപ്പോൾ പൊലീസ് ആദിവാസി ഊരുകളിൽ കയറി കിട്ടിയവനെ പിടികൂടുന്നതും ചിത്രത്തിലുണ്ട്.
അതിനിടെയാണ് പൊലീസ് ഇവിടം വിട്ടപോവുകയെന്ന ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഒരു രാത്രി അത് ഒട്ടിച്ചയാളെ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പൊലീസുകാരൻ കാട്ടിൽ ഓടിച്ചിട്ട് പിടിക്കുന്നു. അപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് ( സിനിമയിൽ റിമ കല്ലിങ്കൽ) അയാൾ അറിയുന്നത്.കാട്ടിൽ വഴിതെറ്റിയ പൊലീസുകാരന് പുറത്തുകടക്കാൻ മാവോയിസ്റ്റിന്റെ സഹായം വേണം.പക്ഷേ പുറത്തത്തെിയാൽ പൊലീസ് പിടിയിലാവുമെന്നതിനാൽ അവൾ വഴിപറഞ്ഞുകൊടുക്കുന്നമില്ല.അയാളുടെ മർദനവും തോക്കുചൂണ്ടിയുള്ള ഭീഷണിയും, ഒരു വേള ബലാൽസംഗം ചെയ്യുമെന്ന ഭീഷണിയും അവളുടെ നിശ്ചയദാർഡ്യത്തിന് മുന്നിൽ ചൂളിപ്പോവുന്നു. ഇവർ തമ്മിലുള്ള മോസ് ആൻഡ് ക്യാറ്റ് ഗെയിം മോദിലിലൂടെ തനിക്ക് പറയേണ്ട രാഷ്ട്രീയം കൃത്യമായി പറയുന്നുണ്ട് ഡോ.ബിജു.
അങ്ങനെ വനത്തിലൂടെയുള്ള ആ യാത്രയിലാണ് അവർ മാവോയിസ്റ്റ് അല്ലെന്നു പൊലീസുകാരൻ അറിയുന്നത്.പരിസ്ഥിതി പ്രവർത്തകരെയും എതിർശബ്ദം പുറപ്പെടുവിക്കുന്നവരുമെല്ലാം നിങ്ങൾക്ക് മാവോയിസ്റ്റാണല്ലോ എന്ന് അവർ ചോദിക്കുന്നുണ്ട്.കഥാവസാനം പിരിഞ്ഞുപോകലിന്റെ സമയത്ത്, പൊലീസുകാരൻ പേര് ചോദിക്കുമ്പോളും അവൾ പറയുന്നത് 'മാവോയിസ്റ്റ്' എന്നാണ്. നിങ്ങൾ പൊലീസുകാർക്ക് അങ്ങനെ ചുരുക്കി പറയുന്നതാണ് ഇഷ്ടമെന്നും കൂട്ടിച്ചേർക്കുന്നു. ഈ യൂണിഫോമിൽ കയറിയാൽ പിന്നെ നിങ്ങളുടെ പേര് പൊലീസ് എന്ന് മാത്രമാണെന്നും അവൾ ഓർമ്മപ്പെടുത്തുന്നു.
നോക്കുക, ഇത്ര ശക്തമായി ഫാസിസ്റ്റ് വിരുദ്ധ-ഭരണകൂട വിരുദ്ധ രാഷ്ട്രീയം ഇഴകിച്ചേർത്ത സിനിമ അടുത്തകാലത്തൊന്നും ഉണ്ടായിട്ടുണ്ടോ? പക്ഷേ കല്ലുകടിയായി തോന്നിയത് ചില സംഭാഷണങ്ങളിലാണ്.പ്രത്യേകിച്ചും ഇന്ദ്രജിത്തിന്റെ പൊലീസ് കഥാപാത്രവും റിമയുടെ ആക്റ്റീവിസ്റ്റും തമ്മിലുള്ള സംഭാഷണങ്ങൾ.പൊലീസുകാരന്റെ തോക്ക് ഒരുവേള ആക്റ്റീവിസ്റ്റിന്റെ കൈയിലത്തെുമ്പോൾ അതുയർത്തി'അധികാരം തോക്കിൽ കുഴലിലൂടെയാണെന്ന് പറഞ്ഞത് മാവോയാണ്; ഇവിടെ ഭരണകൂടത്തിന് അധികാരം നിലനിർത്താനാണ് തോക്ക്' എന്നൊക്കെപ്പറഞ്ഞ് തുടങ്ങുന്ന ഡയലോഗ് അധികപ്പറ്റും ചിത്രത്തിന്റെ പൊതുഘടനയെ ബാധിക്കുന്നതുമായി. രണ്ടുകഥാപാത്രങ്ങൾ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് തങ്ങളുടെ ആശയഗതികൾ അവതരിപ്പിക്കുന്നത് ചിലപ്പോൾ ചലച്ചിത്രത്തെ നാടകം പോലെയാക്കുന്നു.ചിത്രത്തിലൂടെ താൻ ഉദ്ദേശിച്ച രാഷ്ട്രീയം ഉറക്കെ പറയണമെന്ന നിർബന്ധബുദ്ധി സംവിധായകനിൽ പ്രകടമാണ്.ഈ സംഭാഷണങ്ങളിൽ ഒരു മിതത്വവും ചില ചത്തെിക്കളയലും നടത്തിയിരുന്നെങ്കിൽ ഈ പടം കൂടുതൽ ആസ്വാദ്യകരമാവുമായിരുന്നു.
രസച്ചരട് മുറിയാതെ റിമ- ഇന്ദ്രജിത്ത് രസതന്ത്രം
സംവിധായകൻ കുത്തിത്തിരുകിയ ചില സംഭാഷണങ്ങളിലെ അമച്വർ സ്വഭാവം ഒഴിവാക്കിയാൽ റിമാ കല്ലിങ്കലിന്റെ അഭിനയജീവതത്തിൽ, '22 ഫീമെയിൽ കോട്ടയത്തിനു'ശേഷമുള്ള നാഴികക്കല്ലാണ് ഈ പടം. പ്രശസ്ത ചലച്ചിത്ര നിരൂപകൻ പ്രേംചന്ദ് ചൂണ്ടിക്കാട്ടിയപോലെ, 'നായകന്റെ ഒറ്റചുംബനംകൊണ്ട് വികാരവിവശയായിപ്പോവുന്ന തൻേറടികളെ കണ്ട് ശീലിച്ച മലയാള സിനിമക്ക്', റിമയുടെ മാവോയിസ്റ്റെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ആക്റ്റീവിസ്റ്റ് ഉയർത്തുന്ന ലിംഗ-സ്വത്വ രാഷ്ട്രീയ ചോദ്യങ്ങൾ വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ്.ചിത്രാന്ത്യത്തിൽ പൊലീസുകാരൻ പേരുചോദിക്കുന്ന സമയത്തൊക്കെയുള്ള റിമയുടെ പ്രകടനം അവിസ്മരണീയമാണ്.
അതുപോലെ തന്നെയാണ് ഇന്ദ്രജിത്തിന്റെ പൊലീസുകാരനും. ചിത്രത്തിന്റെ അറുപതുശതമാനത്തിലേറെ സമയം ഇവർ മാത്രമുള്ള കോമ്പിനേഷൻ സീനുകളാണ്.ഈ രസതന്ത്രം അൽപ്പം പാളിയുരുന്നെങ്കിൽ കൈവിട്ട് പോവുമായിരുന്നു.'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ' കണ്ണിൽ സദാവിഷാദമെരിയുന്ന ഇന്ദ്രജിത്തിന്റെ പൊലീസ് വേഷവും ഇതുമായി തട്ടിച്ചുനോക്കിയാൽ മനസ്സിലാവും ഈ നടന്റെ റേഞ്ച്.[BLURB#2-H]
സ്വാഭാവികവേഷങ്ങളിൽ തന്നെ വെല്ലാൻ മലയാളത്തിൽ മറ്റൊരാളില്ലെന്ന് 'മൺറോതുരത്തിനു'ശേഷം ഒരിക്കൽകൂടി നടൻ ഇന്ദ്രൻസ് തെളിയിച്ചിരിക്കുന്നു.ഈ ചിത്രത്തിന്റെ ആദിവാസിക്കുട്ടികുടെ അദ്ധ്യാപകന്റെ വേഷം ഇന്ദ്രൻസിൽ അത്രമേൽ ഭദ്രമാണ്.സാധാരണ ആദിവാസി കഥാപാത്രങ്ങളെ എടുക്കുമ്പോൾ ബ്‌ളാക്കടിപ്പിച്ച് വെളുത്തമനുഷ്യരെ പ്രഛന്നവേഷം കെട്ടിക്കേണ്ട ഗതികേട് ഡോ.ബിജുവിന് വന്നിട്ടില്ല. ( 'പുലിമുരുകനിലെ' ആദിവാസി മൂപ്പനെയൊക്കെ ഓർത്തുനോക്കുക!) ഒരു സീനിൽ വന്നുപോവുന്നവർപോലും തനിമ നിലനിർത്തുന്നു. പൊലീസ് ഓഫീസർമാരായി വേഷമിട്ടവരിൽ പ്രകാശ്ബാരെ വിജയിച്ചപ്പോൾ, ഇർഷാദിന്റെ സംഭാഷണങ്ങളിലെ കൃത്രിമത്വം കാണാതെവയ്യ.കാടിന്റെ വന്യതയും മനോഹാരിതയും ഒരുപോലെ കാട്ടിത്തരുന്ന എം.ജെ രാധാകൃഷ്ണന്റെ ക്യാമറ ചിത്രത്തിന് മറ്റൊരു മുതൽക്കുട്ടാണ്.പശ്ചാത്തലവും ശബ്ദമിശ്രണവുമെല്ലാം സിനിമയുടെ മൂഡ് അനുസരിച്ചുതന്നെയാണ്.
വാൽക്കഷണം: ഒരുകണക്കിന് നോക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് ഈ സിനിമയുടെ റിലീസിങ്ങും.ഭരണകൂടവും അത് ഉയർത്തുന്ന കരിനിയമങ്ങളെയും ഒരുപോലെ വിമർശിക്കുന്ന ഈ പടം, ഭരണകൂടത്തിന്റെ സഹായത്തോടെതന്നെ ഐ.എഫ്.എഫ്.കെയിലും സർക്കാർ തീയേറ്റിലുമൊക്കെ പ്രദർശിപ്പിക്കാൻ കഴിയുന്നു! ഭരണകൂടത്തെ അതിനിശിതമായി വിമർശിക്കുന്ന ഒന്നിനുപോലും സർക്കാറിന്റെ എല്ലാവിധ സൗകര്യങ്ങളും വാങ്ങിക്കൊടുക്കാൻ കഴിയുന്നിടത്താണ് നമ്മുടെ ജനാധിപത്യം പുഷ്ടിപ്പെടുന്നതും. അല്ലാതെ സംവാദങ്ങളെ നിഷേധിച്ചുകൊണ്ടും സങ്കുചിത ദേശീയത അടിച്ചേൽപ്പിച്ചുകൊണ്ടുമല്ലല്ലോ.