- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പുന്തലയിലെ പ്ലസ്ടുക്കാരിക്ക് പ്രണയം ചങ്ങനാശ്ശേരിക്കാരൻ യുവാവുമായി; പിന്മാറണമെന്ന് മുൻകാമുകിയുടെ ഭീഷണി; കാര്യം പറയാൻ ഏൽപ്പിച്ച സഹപാഠി പെൺകുട്ടിക്ക് 'പണി കൊടുക്കാൻ' കാമുകൻ എത്തിയത് മൂന്ന് യുവാക്കളുമായി; ഒടുവിൽ പടക്കമേറും കത്തിക്കുത്തും; കടുത്തുരുത്തിയിലെ ത്രികോണ പ്രണയകഥയിൽ സംഭവിച്ചത്
കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിലിൽ സിപിഎം. പ്രവർത്തകനെ മാരകമായി കുത്തിപരിക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ പ്ലസ്ടൂ വിദ്യാർത്ഥികളുടെ ത്രികോണപ്രണയമാണെന്ന് സൂചന. കഴിഞ്ഞദിവസം രാത്രിയാണ് കടുത്തുരുത്തി മങ്ങാട്ടിലിൽ പ്ലസ്ടു വിദ്യാർത്ഥിനിയും ഒപ്പമെത്തിയ നാല് ആൺസുഹൃത്തുക്കളും ചേർന്ന് ആക്രമണം അഴിച്ചുവിട്ടത്. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ പ്രശ്നം പരിഹരിക്കാനെത്തിയ സിപിഎം പ്രവർത്തകനായ പരിഷത്ത് ഭവനിൽ അശോകനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
കാപ്പുന്തല താമസിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച മങ്ങാട്ടിൽ സ്വദേശിയും സഹപാഠിയുമായ മറ്റൊരു പെൺകുട്ടിയൊടുള്ള വൈരാഗ്യമാണ് നാടകീയ സംഭവങ്ങൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കാപ്പുന്തല സ്വദേശിയായ പെൺകുട്ടി ചങ്ങനാശ്ശേരി സ്വദേശിയായ യുവാവുമായി പ്രണയത്തിലാണ്. എന്നാൽ ഈ പ്രണയത്തിൽനിന്ന് പിന്മാറണമെന്ന് യുവാവിന്റെ മുൻകാമുകി ആവശ്യപ്പെട്ടു. ഇക്കാര്യം തനിക്ക് പരിചയമുള്ള മങ്ങാട്ടിലിലെ പെൺകുട്ടിയെ മുൻകാമുകി അറിയിച്ചു. സഹപാഠിയായ പെൺകുട്ടിയോട് പ്രണയത്തിൽനിന്ന് പിന്മാറാൻ പറയണമെന്നായിരുന്നു യുവാവിന്റെ മുൻകാമുകി മങ്ങാട്ടിലിലെ പെൺകുട്ടിയോട് പറഞ്ഞത്.
ഇതനുസരിച്ച് മാങ്ങാട്ടിലിലെ പെൺകുട്ടി സഹപാഠിയോട് കാര്യം പറഞ്ഞു. ഇതോടെ കാപ്പുന്തലയിലെ പെൺകുട്ടി യുവാവിനോട് കാര്യം തിരക്കി. എന്നാൽ തനിക്ക് അങ്ങനെയൊരു ബന്ധമുണ്ടായിരുന്നില്ലെന്നും പ്രണയബന്ധം തകർക്കാനാണ് ഇങ്ങനെ പറയുന്നതെന്നുമായിരുന്നു ചങ്ങനാശ്ശേരിക്കാരനായ കാമുകന്റെ മറുപടി. ഇതേച്ചൊല്ലി മങ്ങാട്ടിലിലെ പെൺകുട്ടിയും കാപ്പുന്തലയിലെ പെൺകുട്ടിയും തമ്മിൽ ഫോണിലൂടെ വാക്കുതർക്കമായി. സംഭവം ശ്രദ്ധയിൽപ്പെട്ട മങ്ങാട്ടിലിലെ പെൺകുട്ടിയുടെ സഹോദരനും പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് പ്രശ്നം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് കാപ്പുന്തലയിലെ പെൺകുട്ടിയും കാമുകൻ അടക്കമുള്ള നാല് യുവാക്കളും ഞായറാഴ്ച രാത്രി മങ്ങാട്ടിലിൽ എത്തിയത്.
എന്നാൽ, മങ്ങാട്ടിലിൽ എത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. മങ്ങാട്ടിൽ സ്വദേശിയായ പെൺകുട്ടിയുടെ പിതാവുമായി ഇവർ തർക്കത്തിലേർപ്പെട്ടു. പിന്നാലെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് കണ്ടാണ് സമീപവാസിയായ അശോകൻ പ്രശ്നം പരിഹരിക്കാനെത്തിയത്. എന്നാൽ സംഘത്തിലെ യുവാക്കൾ അശോകനെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ് നിലത്തുവീണിട്ടും അശോകനെ യുവാക്കൾ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. സമീപവാസികളായ കൂടുതൽ പേർ എത്തിയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിൽ രണ്ട് സെന്റിമീറ്ററിലേറെ ആഴത്തിലാണ് അശോകന് കുത്തേറ്റിട്ടുള്ളത്. ശ്വാസകോശത്തിലും മുറിവുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമിസംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെയും രണ്ട് യുവാക്കളെയും നാട്ടുകാർ തന്നെ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. ഇതിനിടെ രണ്ടുപേർ സ്ഥലത്തുണ്ടായിരുന്ന ബൈക്ക് എടുത്ത് കടന്നുകളഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്റെ ബൈക്കുമായാണ് യുവാക്കൾ രക്ഷപ്പെട്ടത്. പിന്നീട് വഴിയരികിൽ ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു.സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേരിൽ ഒരാളെയാണ് പൊലീസ് തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ കസ്റ്റഡിയിലായി. ഒരാളെ കൂടി കേസിൽ പിടികൂടാനുണ്ട്. യുവാക്കൾ വന്ന കാറിൽനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ടെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ