തിരുവനന്തപുരം : ഓട്ടത്തിനിടെ സ്‌കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ എൽകെജി വിദ്യാർത്ഥിനി പുറത്തേക്ക് വീണ സംഭവത്തിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം. എൽ.കെ.ജി. വിദ്യാർത്ഥിക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ, പ്രതിയുടെ പേരില്ലാതെയാണ് പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയത്.

മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ സ്‌കൂളധികൃതരുടെയും ഡ്രൈവറുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലുണ്ടായിട്ടും എഫ്.ഐ.ആറിൽ ഡ്രൈവറുടെയോ ബസ് അധികൃതരുടെയോ പേരില്ലാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

ഈമാസം അഞ്ചിന് ചൊവ്വാഴ്ച വൈകീട്ട് 3.45ന് കടുത്തുരുത്തി-പെരുവ റോഡിൽ മങ്ങാട് ഷാപ്പുംപടി ഭാഗത്താണ് അപകടമുണ്ടായത്. എന്നാൽ കടുത്തുരുത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ഏഴാം തീയതി നാല് മണിക്ക് മാത്രമാണ്. കടുത്തുരുത്തി കൈയാലയ്ക്കൽ അനിൽ അരവിന്ദാക്ഷന്റെ മകൻ അദ്വൈത് (നാല്) ആണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.പുരത്ത് പ്രവർത്തിക്കുന്ന സ്വകാര്യസ്‌കൂളിലെ വിദ്യാർത്ഥിയാണ് അദ്വൈത്.

ബസിന്റെ എമർജൻസി വാതിലിന്റെ സുരക്ഷയ്ക്കായുള്ള കവചം പൊട്ടിയ നിലയിലായിരുന്നുവെന്ന് മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതാകാം, വാതിൽ തുറന്ന് കുട്ടി പുറത്തേക്ക് തെറിച്ചുവീഴാനിടയാക്കിയതെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എമർജൻസി വാതിലിന്റെ കവർ പൊട്ടിയ നിലയിലായിട്ടും വിദ്യാർത്ഥികളുമായി ബസ് സർവീസ് നടത്തിയത് വീഴ്ചയാണ്. വാഹനമോടിച്ച ഡ്രൈവറോട് അപകടം സംബന്ധിച്ച് വിശദീകരണം നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.