തിരുവനന്തപുരം: ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ ഡൗൺ സിൻഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള രംഗത്തിൽ മാറ്റം വരുത്താൻ അണിയറപ്രവർത്തകർ. പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലാണ് ഷാജി കൈലാസ് ഇത്തരമൊരു ശ്രമത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. സീൻ കട്ട് ചെയ്യാതെ ഡയലോഗിൽ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്.

അതേസമയം സിനിമയുടെ പല ഭാഗങ്ങളിലും സെൻസർ ബോർഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തിൽ സെൻസർ ബോർഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവർത്തകരുടെ പ്രതികരിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മാതാപിതാക്കൾ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമർശത്തിൽ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിൽ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്. ക്ഷമിക്കണം. അത് ഒരു തെറ്റായിരുന്നു. ഞങ്ങൾ അത് അംഗീകരിക്കുന്നു എന്നാണ് ഷാജി കൈലാസിന്റെ ഈ ക്ഷമാപണ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ എഴുതിയത്.

അതേസമയം ഷാജി കൈലാസിന്റെ മറുപടിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകരും സമൂഹമാധ്യമങ്ങളും സ്വീകരിക്കുന്നത്. ഇങ്ങനെയാവണം കലാകാരൻ എന്നും തെറ്റ് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്താനോ ക്ഷമചോദിക്കാനോ ഉള്ള മനസാണ് ഒരു യഥാർത്ഥ കലാകാരന് ഉണ്ടാവേണ്ടതെന്നും നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. സംഭാഷണം എഴുതിച്ചേർത്തവരെ പോലെ തന്നെ ഈ സംഭാഷണം ശ്രദ്ധിക്കാതെ ഒഴിവാക്കിയ സെൻസർ ബോർഡും കുറ്റക്കാരല്ലെ എ്ന്നും ഒരു വിഭാഗം ചോദിക്കുന്നു

വില്ലന്റെ ക്രൂരത അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് ആ ഡയലോഗിലുള്ളതെന്നും ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെ്ന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നും ഷാജികൈലാസ് അപേക്ഷിച്ചത്. സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്തോ ചിത്രികരിക്കുമ്പോൾ ഞാനോ പൃഥ്വിരാജോ ഇങ്ങനെ ഒരു വശം ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഞാൻ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്.

നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകൾ കാലങ്ങളായി നാം കേൾക്കുന്നതാണ്. ('പിതാക്കന്മാർ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിൾവചനം ഓർമിക്കുക) മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിൽ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും.

'കടുവ'യിലെ വാക്കുകൾ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്....നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം..