തിരുവനന്തപുരം: കടുവ സിനിമയിലെ വ്യാപക വിമർശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവർത്തകർ. പ്രസ്തുത സംഭാഷണം മാറ്റിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചുവെന്നും സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചാൽ ഇന്ന് രാത്രി തന്നെ പ്രിന്റ് മാറ്റുമെന്നും പൃഥ്വിരാജ് അറിയിച്ചു. സംവിധായകൻ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവർക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ അറിയിച്ചത്.

വിവാദത്തെക്കുറിച്ച് ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല. പക്ഷേ സാഹചര്യം വിശദീകരിക്കാം. പറയാൻ പാടില്ലാത്ത കാര്യം നായകൻ പറയുന്നതായിട്ട് തന്നെയാണ് കടുവയിലെ ആ രംഗം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇനി ഭാഗഭാക്കാവുന്ന സിനിമകളിലും ശരിയായ കാഴ്ചപ്പാടുകൾ തന്നെ ഉൾപ്പെടുത്താൻ ഇനിയും ശ്രമിക്കും, ചോദ്യങ്ങൾക്ക് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ പ്രതികരണം

ഈ ഡയലോഗ് മൂലം വേദനിച്ച എല്ലാവർക്കും ഉള്ളിൽ നിന്നും തന്നെ ക്ഷമ ചോദിക്കുന്നു.ഇനി പറയുന്ന കാര്യങ്ങളെ ഞങ്ങളിലേക്ക് ഉന്നയിക്കപ്പെട്ട തെറ്റുകൾ ന്യായീകരിക്കുന്നതായോ വാദങ്ങൾ ഉന്നയിക്കുനതയോ കാണരുത്. ഈ സംഭവം നടന്ന സമയത്ത് എന്തായിരുന്നു ഞങ്ങളുടെ കാഴ്‌ച്ചപ്പാട് എന്നാണ് പറയുന്നത്. ചിലപ്പോൾ ആ കാഴ്‌ച്ചപ്പാട് കൊണ്ടായിരിക്കാം അത് ഞങ്ങൾക്ക് മിസ്സ് ചെയ്തത്. പറയാൻ പാടില്ലാത്ത ഒരു കാര്യം കുര്യച്ചൻ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ ഡയലോഗ് കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് അതിന് ശേഷം കുര്യച്ചൻ അത് പറയേണ്ടായിരുന്നു എന്ന തരം എക്സ്‌പ്രഷൻ ഇടുന്നതും.

എന്നാൽ സിനിമയുടെ നായക സ്ഥാനത്ത് നിൽക്കുന്നയാൾ അങ്ങനെ പറയുമ്പോൾ സിനിമ അത്തരം ഒരു കാഴ്‌ച്ചപ്പാടിനെ അംഗീകരിക്കുന്നു എന്ന് ഒരു പ്രേക്ഷകന് തോന്നിയാൽ അതിനെ നമുക്ക് തെറ്റ് പറയാൻ സാധിക്കുകയില്ല. എന്തുകൊണ്ട് അഭിനയിച്ചപ്പോഴോ ഡബ്ബ് ചെയ്തപ്പോഴോ തോന്നിയില്ലെ എന്ന് ചോദിച്ചാൽ അങ്ങനെ തോന്നിയില്ല എന്നതുകൊണ്ടാണ് മാപ്പ് ചോദിച്ചത്. മാപ്പ് ചോദിച്ചതിന് ശേഷം എന്ത് ചെയ്തു എന്ന ചോദ്യത്തിനും ഉത്തരം നൽകേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകുന്നേരം ആണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടെന്ന് ഞങ്ങൾ അറിയുന്നത്. അപ്പോൾ തന്നെ മാപ്പ് അപേക്ഷിക്കണം എന്നും ആ ഡയലോഗ് സിനിമയിൽ നിന്നും എടുത്ത് കളയണം എന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു.

ഇന്നത്തെ നിയമങ്ങൾ പ്രകാരം ഒരു സിനിമയിൽ നിന്നും ഒരു സംഭാഷണം എടുത്തു കളയണം എങ്കിൽ വീണ്ടും അത് സെൻസർ ബോർഡിന് അയക്കണം, സെൻസർ ബോർഡിന്റെ അനുമതി ലഭിക്കണം. എന്നിട്ട് മാത്രമേ നമുക്ക് അത് ക്യൂബിനും യുഎഫ്ഓയ്ക്കും അപ്ലോഡിനും അയക്കണം പറ്റുകയുള്ളു. ഇന്നലെ ഞായറാഴ്‌ച്ച ആയിരുന്നു.സിബിഎഫ്‌സിക്ക് അവധിയായിരുന്നു. ഇന്ന് പുതിയ പതിപ്പ് സെൻസർ ബോർഡിന് അയച്ചിട്ടുണ്ട്. അത് അപ്രൂവ് ചെയ്തു കിട്ടിയാൽ ഉടൻ തന്നെ അത് ഞങ്ങൾ അയക്കും.

അതാണ് ഈ പ്രശനത്തിലെ സ്റ്റാറ്റസ്. എന്നാൽ ഇതൊന്നും ഒരിക്കലും ന്യായീകരണമായി പറയുന്നതല്ല. ഞങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്ന, എന്നാൽ ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്. അതിൽ ഞങ്ങൾ ക്ഷമ പറയുന്നു.

സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയതിനൊപ്പം ചിത്രത്തിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ നിർമ്മാതാക്കൾക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വിമർശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനനവും വിളിച്ചുചേർത്തത്.

അതേസമയം ചിത്രം മികച്ച ബോക്‌സ് ഓഫീസ് പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാല് ദിനങ്ങളിൽ നിന്ന് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിങ് കളക്ഷൻ ആണിത്. സമീപകാലത്ത് തിയറ്ററുകളിൽ വിജയിച്ച പൃഥ്വിരാജിന്റെ തന്നെ ജനഗണമന എട്ട് ദിവസം കൊണ്ടാണ് ഈ കളക്ഷൻ നേടിയത്.