ദോഹ: രാജ്യത്തെ പുതിയ തൊഴിൽ നിയമ പ്രകാരം തൊഴിൽ കരാറിലെ കാലാവധിക്കുമുമ്പ് ജോലിമതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസിക്ക് കരാറിലെ കാലാവധി കഴിയാതെ തിരികെ രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല.ഡിസംബർ 13 ന് നിലവിൽ നടപ്പിലാക്കിയ പുതിയ തൊഴിൽ നിയമം അനുസരിച്ചാണ് പുതിയ നിയമം നടപ്പിലാകുക. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പർ തൊഴിൽ നിയമത്തിന്റെ വകുപ്പുകളിലെ വ്യവസ്ഥകളാണ് ഇപ്പോൾ നടപ്പാക്കിയത്.

2009ലെ നാലാം നമ്പർ നിയമത്തിലെ ഉപാധികൾ ഭേദഗതി ചെയ്ത് 2015 ഒക്ടോബർ 27ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഈനിയമം ഒപ്പുവച്ചത്. ഇതുസംബന്ധിച്ച് നിയമത്തിലെ വിശദാശംങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ചേക്കും. തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കുന്ന പ്രവാസിക്ക് എപ്പോൾ വേണമെങ്കിലും തിരികെയെത്താം. അതേസമയം പുതിയ നിയമത്തിലെ വ്യവസ്ഥപ്രകാരം നിക്ഷേപകർക്ക് രാജ്യത്തേക്ക് വരാനും താമസിക്കാനും തൊഴിൽ കരാറിന്റെ ആവശ്യമില്ല.

രാജ്യത്തേക്കുള്ള പ്രവേശന വിസയും പ്രവാസിയുടെ യാത്രാ രേഖകൾ കൈവശം വെക്കുന്നത് സംബന്ധിച്ചും നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്. പ്രവാസിയുടെ പാസ്പോർട്ട് കൈവശം വെക്കാനുള്ള അനുമതി തൊഴിലുടമയ്ക്ക് നൽകുന്നുണ്ട്. എക്സിക്യൂട്ടീവ് റെഗുലേഷൻ സംബന്ധിച്ചുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ നിയമത്തിലെ എല്ലാ വ്യവസ്ഥകളുടെയും വിശദാംശങ്ങളാണ്
എക്സിക്യൂട്ടീവ് റെഗുലേഷനിൽ ഉൾപ്പെടുന്നത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഇതിൽ ഉൾപ്പെടും.

ശിക്ഷാ നടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഒരു തൊഴിലാളിക്ക് താൻ നിരപരാധിയെങ്കിൽ അപ്പീൽ കോടതിയെ സമീപിക്കാം. എന്നാൽ അപ്പീൽ കോടതി അപേക്ഷ നിരസിച്ചാൽ നാല് വർഷത്തേക്ക് തിരികെ ഖത്തറിലേക്ക് പ്രവേശിക്കാനാകില്ലെന്നും പുതിയ
നിയമം വ്യവസ്ഥ ചെയ്യുന്നു. കോടതിയിൽ അപ്പീൽ നൽകാതിരിക്കുക, അപ്പീൽ കോടതി നിരസിക്കുക, കോടതി വിധി തൊഴിലാളിക്ക് എതിരായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് നാലുവർഷത്തെ വിലക്ക്.

ഈമാസം അവസാനത്തോടെ മന്ത്രിസഭ ഇതുസംബന്ധിച്ച കൂടുതൽ ചട്ടങ്ങൾ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതനെ ഉദ്ധരിച്ചു പ്രാദേശിക അറബിക് പത്രമായ അൽ വത്താൻ റിപ്പോർട്ട് ചെയ്തു. നിയമം പ്രാബല്യത്തിലായി ഒരാഴ്ച പിന്നിടുമ്പോഴും ഒട്ടേറെക്കാര്യങ്ങളിൽ പൊതുസമൂഹത്തിനു വ്യക്തതവരാനുണ്ട്. നിയമം നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്ന നടപ്പാക്കൽ ചട്ടങ്ങൾക്ക് അന്തിമരൂപമായാലേ ഇക്കാര്യങ്ങളിൽ വ്യക്തത കൈവരൂ. നിലവിലുണ്ടായിരുന്ന കഫാല നിയമത്തിനു പകരമായി തൊഴിലുടമ, തൊഴിലാളി ബന്ധങ്ങളെ തൊഴിൽകരാറിന്റെ അടിസ്ഥാനത്തിൽ നിർവചിക്കുന്നു എന്നതാണു പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.