തൃശൂർ: പ്രമുഖ വേദപണ്ഡിതനും ജ്യോതിർഗണിതാചാര്യനുമായ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു. 67 വയസായിരുന്നു. ന്യുമോണിയ ബാധിതനായ അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഗുരുവായൂരും ചോറ്റാനിക്കരയിലുമുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്‌നം വെച്ച് നിർണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

2006 ൽ സോമയാഗവും 2012 ൽ അതിരാത്രവും നടത്തി വൈദികജ്ഞാനം പകർന്ന ജ്യോതിഷപണ്ഡിതനാണ്. 112 വർഷങ്ങൾക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തിൽ നടത്തിയ അതിരാത്ര മഹായാഗം കൈമുക്ക് മനയിലായിരുന്നു.

രാമൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ഇത്. വേദം, സംസ്‌കൃതം ,ജ്യോതിഷം എന്നീ മേഖലകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്.