- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിലെ സ്റ്റാഫിനെ പിരിച്ചു വിട്ടതിൽ പ്രശ്നങ്ങൾ; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് പള്ളിയിൽ പോകുമ്പോൾ; സ്കൂട്ടർ വീണു കിടക്കുന്നതു കണ്ട് സംശയം തോന്നിയത് ക്ഷേത്രത്തിലേക്ക് പോയ പ്രദേശവാസിക്കും; ബസു കൂലിയും കൊടുത്ത് ക്വട്ടേഷൻ സംഘം അഹമ്മദിനെ തിരിച്ചുവിട്ടത് അന്വേഷണം കടുത്തപ്പോൾ; കൈനാട്ടിയിലെ തട്ടിക്കൊണ്ടു പോകലിൽ ദുരൂഹത
കോഴിക്കോട്: ശനിയാഴ്ച പുലർച്ചെ കോഴിക്കോട് നാദാപരും തൂണേരിയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വീട്ടിൽ തിരിച്ചെത്തുമ്പോഴും ദുരൂഹത മാറുന്നില്ല. ഇന്നലെ രാത്രിയിയാണ് തൂണേരി മുടവന്തേരി എംടികെ അഹമ്മദ് വീട്ടിൽ തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയവർ ഇന്നലെ രാമനാട്ടുകരയിൽ ഇറക്കി വിടുകയും ബസ്സിന് പണവും നൽകുകയായിരുന്നു. ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് ഇനിയും വ്യക്തമായില്ല.
രാമനാട്ടുകരയിൽ നിന്നും ബസിൽ വടകരയിലെത്തുകയും വടകര കൈനാട്ടിയിലേക്ക് ബന്ധുക്കൾ എത്തി അവിടെ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രയിൽ മലപ്പുറം ജില്ലയിലെ ഒരു അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് അഹമ്മദ് വീട്ടുകാരോട് പറഞ്ഞിട്ടുള്ളത്. കണ്ണുകൾ കെട്ടിയിരുന്നതിനാൽ എവിടെയാണ് കേന്ദ്രം എന്നത് വ്യക്തമായില്ലെന്നും അഹമ്മദ് പറയുന്നു. ആരാണ് തട്ടിക്കൊണ്ടുപോയതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.തട്ടിക്കൊണ്ടു പോകൽ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ അഹമ്മദ് വ്യക്തമാക്കിയിട്ടില്ല. അഹമ്മദിനെ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അഹമ്മദ് ക്ഷീണിതനായതിനാൽ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും ഇന്ന് മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 5.20നാണ് അഹമ്മദ് പള്ളിയിലേക്ക് പുറപ്പെട്ടത്. പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ തട്ടിക്കൊണ്ടുപോയിരുന്നത്. തൂണേരി എളവള്ളൂർ ജുമമസ്ജിദിലേക്ക് സുബഹി നമസ്കാരത്തിന് പോകു വഴിയാണ് അജ്ഞാതർ അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പ്രദേശവാസി വഴിയരികിൽ അഹമ്മദിന്റെ സ്ക്കൂട്ടർ വീണു കിടക്കുന്നതു കണ്ട് വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാർ അദ്ദേഹത്തെ കാണാതായ വിവരം അറിഞ്ഞതും പൊലീസിൽ പരാതിപ്പെടുന്നതും.
അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്നും ലഭിച്ച അഹമ്മദിന്റെ സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചതിന്റെ അടയാളങ്ങളുണ്ട്. സ്കൂട്ടറിന് കേടുപാടുകൾ സംഭവിക്കുകയും സഥ്ലത്ത് പിടിവലി നടന്നതിന്റെ അടയാളങ്ങളുമുണ്ട്. അഹമ്മദ് ധരിച്ചിരുന്ന തൊപ്പിയും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. അഹമ്മദ് മൊബൈൽ ഫോൺ വീട്ടിൽ വച്ചാണ് പള്ളിയിലേക്ക് പോയത്. രാവിലെ എട്ടരമണിയോടെ അജ്ഞാതസംഘം അഹമ്മദിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. അഹമ്മദിന്റെ ഭാര്യാണ് ഫോണെടുത്തത്. അഹമ്മദിനെ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് അവർ ഫോൺ കട്ടുചെയ്യുകയായിരുന്നു. തുടർന്നുവന്ന ഫോൺ കോൾ വീട്ടുകാർ പൊലീസിന് കൈമാറി. ഖത്തറിലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ നൽകിയാൽ ഉടൻ വിട്ടയക്കാമെന്നാണ് ഫോണിൽ പറഞ്ഞിട്ടുള്ളത്.
ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരൻ അഷറഫിന്റെ മൊബൈലിൽ അഹമ്മദിന്റെ സന്ദേശം വന്നതായും ബന്ധുക്കൾ ബന്ധുക്കൾ പറഞ്ഞു. ഒരു കോടി രൂപ നൽകിയാൽ സംഘം തന്നെ വിട്ടയക്കുമെന്നാണ് അസീസിന് ലഭിച്ച ശബ്ദസന്ദേശം. വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സൾഫർ കെമിക്കൽ എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ് അഹമ്മദ്. ഖത്തറിൽ കമ്പനിയിലെ സ്റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അഹമ്മദിനെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് വടകരയിൽ ഇറക്കി വിട്ടതായി വിവരം ലഭിക്കുന്നത്. അഹമ്മദ് വീട്ടിലെത്തി എല്ലാവർക്കും നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. എല്ലാ വിവരങ്ങളും ഇന്ത്യൻ എമ്പസിയെ അറിയിച്ചതായാണ് വിവരം.
തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾക്കുള്ള പങ്ക് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. റൂറൽ എസ്പി ഡോ. ബി ശ്രീനിവാസിന്റെ മേൽനോട്ടത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിനിടയിലാണ് അഹമ്മദ് തിരിച്ചത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതകൾ നിലനിൽക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ