മയാമി, ഫ്‌ളോറിഡ: കൈരളി ആർട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പതിനാലാമത് പ്രവർത്തനോദ്ഘാടനം  ടമറാക് സിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ കലാപരിപാടികളോടെ നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഡിന്നറിനുശേഷം അഡൈ്വസറി ബോർഡ് ചെയർപേഴ്‌സൺ മേരി ജോർജ് സദസിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തോടുകൂടി പരിപാടികൾക്ക് തുടക്കംകുറിച്ചു. സീറോ മലബാർ ഫൊറോനാ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ പ്രാർത്ഥനയ്ക്കുശേഷം കാനഡ കാത്തലിക് മിഷൻ ഡയറക്ടർ ഡോ. ജോസ് ആദോപ്പള്ളി നിലവിളക്ക് കത്തിച്ചുകൊണ്ട് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ലിയാ ജോൺ അമേരിക്കൻ ദേശീയ ഗാനവും,  സാന്ത്രാ ഷാജിയും, നിഷേൽ എബിയും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.

തുടർന്ന് പ്രസിഡന്റ് രാജൻ പടവത്തിൽ സമയപരിധി പരിഗണിച്ചുകൊണ്ട് സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും ക്രോഢീകരിച്ചുകൊണ്ട് സംസാരിച്ചു. കൈരളിയുടെ ഭാവി പരിപാടികളെപ്പറ്റിയും ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റിയും സദസിന് വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. കാരുണ്യവും, സഹകരണവും, സാഹോദര്യവുമാണ് കൈരളിയുടെ ലക്ഷ്യമെന്ന് അദ്ദേഹം അടിവരയിട്ടുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സംഘടനയുടെ നെടുംതൂണായി പ്രവർത്തിച്ച സെക്രട്ടറി തോമസ് ജോർജ് പ്രസംഗത്തിലല്ല മറിച്ച് പ്രവർത്തനത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് തെളിയിച്ചുകൊണ്ട് എല്ലാവർക്കും മാതൃകയായി. കലാപരിപാടികൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ടെമ്പിൾ ഓഫ് ഡാൻസ് സ്‌കൂൾ പ്രിൻസിപ്പൽ രശ്മി സുനിലിന്റെ നേതൃത്വത്തിലുള്ള കുട്ടികൾ നൃത്തപരിപാടികൾകൊണ്ട് അരങ്ങുതകർത്തു. 2006-ലെ മാസ്റ്റർ ഫൊക്കാനയായിരുന്ന നിഖിൽ സണ്ണിയുടേയും കലാപ്രതിഭയായിരുന്ന ദിവ്യാ സണ്ണിയുടേയും ഗാനങ്ങൾ സദസിനെ ഹരംപിടിപ്പിച്ചു.  ശ്യാമാ കളത്തിലിന്റേയും, ഡോ. ഷീലാ വർഗീസിന്റേയും ഇമ്പമേറിയ ഗാനങ്ങൾ ശ്രോതാക്കളെ ആനന്ദസാഗരത്തിൽ ആറാടിച്ചു.

ഫ്‌ളോറിഡയിലെ എല്ലാ സഹോദര സംഘടനകളുടേയും നിറഞ്ഞ സാന്നിധ്യം കൈരളിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നു എന്നത് ഏറെ പ്രശംസനീയമായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ പ്രസിഡന്റ് ജോമോൻ തെക്കേതൊട്ടിൽ, മുൻ ഫൊക്കാനാ ആർ.വി.പി ജേക്കബ്, നവകേരളാ അസോസിയേഷൻ മുൻ പ്രസിഡന്റ് രജി പോൾ, കേരള സമാജം പ്രസിഡന്റ് സജി സക്കറിയ, ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ദേവസി, കെ.സി.എസ് പ്രസിഡന്റ് ജൂബിൻ കുളങ്ങര, ഫൊക്കാനാ റീജിയൻ നമ്പർ- 5 ആർ.വി.പി സണ്ണി മറ്റമന എന്നിവർ കൈരളി ആർട്‌സ് ക്ലബിന് ആശംസകൾ അർപ്പിച്ചു.

മുഖ്യ പ്രഭാഷകനായ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ.ഡോ. ജോസ് ആദോപ്പള്ളി തന്റെ പ്രസംഗത്തിൽ കൈരളിയുടെ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റി പ്രശംസിച്ച് സംസാരിച്ചു. കൈരളിയുടെ പ്രവർത്തന മേഖലകൾ നന്മനിറഞ്ഞതാണ്. ഇത് മറ്റ് സംഘടനകൾ മാതൃകയാക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. മുൻ ഫൊക്കാനാ പ്രസിഡന്റ് കമാൻഡർ ജോർജ് കോരത് തന്റെ പ്രസംഗത്തിൽ കൈരളിയുടെ മഹത്തായ സേവനങ്ങൾ ഫൊക്കാനയ്ക്കും പാവപ്പെട്ടവർക്കും, നിരാലംബരായവർക്കും എന്നും ഒരുപോലെ അത്താണിയാണെന്നും കൂട്ടിച്ചേർത്തു. ഫൊക്കാനാ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോർജി വർഗീസ് ഫൊക്കാനയുടെ പ്രവർത്തനങ്ങളെപ്പറ്റി സദസിന് വിശദീകരിച്ചു. കൈരളിയുടെ പ്രവർത്തനങ്ങളിൽ സന്തോഷവാനായതിനാലാണ് താൻ ഈ കമ്മിറ്റിയിലേക്ക് വന്നതെന്ന് ജോബി സെബാസ്റ്റ്യൻ തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.

മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ച ലിബി ഇടിക്കുളയും, ബിനു ചിലമ്പത്തും അവസരോചിതമായ ഫലിതങ്ങളിലൂടെയും ജ•സിദ്ധമായ വാചാലതയോടെയും തിളങ്ങി.പരിപാടികൾക്ക് ചുക്കാൻ പിടിച്ചത് ട്രഷറർ ജോസഫ് ചാക്കോ, കമ്മിറ്റി അംഗങ്ങളായ ഡോ. മാമ്മൻ സി. ജേക്കബ്, രജിത് ജോർജ്, ഡോ. വിനൂപ് വിശ്വനാഥൻ, ജോ സ്റ്റാൻലി, വർഗീസ് സഖറിയ, വൈസ് പ്രസിഡന്റ് രാജു ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഒമ്പതുമണിയോടെ പരിപാടികൾക്ക് തിരശീലവീണു.   രാജൻ പടവത്തിൽ ഒരു വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.