തിരുവനന്തപുരം: സ്വർണക്കടത്ത്‌കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കൈരളി ന്യൂസ്. കൈരളി ന്യൂസ് എഡിറ്റർ ജോൺ ബ്രിട്ടാസ് ന്യൂസ് ആൻഡ് വ്യൂസ് പരിപാടിയിലാണ് ഈ നിർണായകവിവരങ്ങൾ പുറത്തുവിട്ടത്. വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നൽകിയ കമ്മീഷൻ വെറും ഒരു കോടിയല്ല എന്നാണ് പുതിയ വിവരം. 4 കോടി 25 ലക്ഷം രൂപയാണ് കൈമാറിയത്. ഇതിൽ 75 ലക്ഷം രൂപ ബിജെപി അനുഭാവി കൂടിയായ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കൈരളി ടിവി റിപ്പോർട്ട്‌ചെയ്യുന്നത്.

എൻഐഎയും എൻഫോഴ്‌സ്‌മെന്റും കണ്ടെത്തിയതാണ് ഈ വിവരങ്ങളെന്ന് കൈരളി ന്യൂസ് എഡിറ്റർ ജോൺ ബ്രിട്ടാസ് ന്യൂസ് ആൻഡ് വ്യൂസ് പറഞ്ഞു. മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ഓഗസ്റ്റ് രണ്ടിന് കൈമാറി. ഈ പണം കൈപറ്റിയത് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദാണ്. ഖാലിദ് കോൺസുലേറ്റിന്റെ സിഡി എന്നെഴുതിയ നയതന്ത്ര പ്രതിനിധിയുടെ ഔദ്യോഗിക വാഹനത്തിലാണ്. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീർ മരിച്ചദിവസം. അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ നൽകാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷൻ നൽകിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷൻ കൈപ്പറ്റിയത്.

റെഡ് ക്രസന്റും യുഎഇ കോൺസുലേറ്റും തമ്മിലും ധാരണാപത്രം എന്ന് കൈരളി ടിവി

കേരള സർക്കാരും യുഎഇ റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രത്തിന് പുറമേ റെഡ് ക്രസന്റും യുഎഇ കോൺസുലേറ്റും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്നും കൈരളി വാർത്തയിൽ പറയുന്നു. ഈ ധാരണാപത്രപ്രകാരം നിർമ്മാണം നടത്താനുള്ള അധികാരം യുഎഇ കോൺസുലേറ്റിനായിരുന്നു. ഇതുപ്രകാരമാണ് യുണിറ്റാക്കിനെ നിർമ്മാണ കരാർ ഏൽപ്പിച്ചതെന്നും കൈരളി റിപ്പോർട്ട് ചെയ്യുന്നു.

നാളിതുവരെ മാധ്യമങ്ങൾ ചമച്ച കള്ളക്കഥകൾ ഇതോടെ പൊളിഞ്ഞുവെന്നും കൈരളി അവകാശപ്പെടുന്നു. സർക്കാരിന് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും കൈരളി റിപ്പോർട്ട് ചെയ്യുന്നു,

ഇരുപത് കോടിരൂപയുടെ ലൈഫ് മിഷൻ പദ്ധതിക്ക് കരാർ നൽകിയതിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു, വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ചരൽപ്പറമ്പിലാണ് യുഎഇ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കർ ഭൂമിയിൽ 145 കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിർമ്മാണക്കരാർ. കരാർ നൽകിയതിന് അവർ കമ്മീഷനായി ഒരുകോടി നൽകിയെന്നും ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റേയും തന്റേയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചത് എന്നുമാണ് സ്വപ്ന എൻഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഈ പണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എമിറേറ്റ്സ് റെഡ് ക്രസന്റ് യുഎഇ കോൺസുലേറ്റ് വഴിയാണ് പണം നൽകിയത്. ഇരുപത് കോടി നൽകിയെന്നാണ് പറഞ്ഞതെങ്കിലും പദ്ധതി രേഖകളിൽ 19 കോടിയേ കാണിച്ചിട്ടുള്ളൂ. പ്രളയാനന്തരമുള്ള മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിലാണ് റെഡ് ക്രസന്റ് വീടുകൾ നിർമ്മിക്കാൻ 20 കോടി വാഗ്ദാനം ചെയ്തത്. ശിവശങ്കറും സ്വപ്നയും ദുബായ് സന്ദർശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദുബായ് കോൺസുലേറ്റ് വഴി ലഭിച്ച പണം ഉപയോഗിച്ച് ഫ്‌ളാറ്റ് നിർമ്മിക്കാൻ ലൈഫ് മിഷനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് യൂണിടാകിന് നിർമ്മാണക്കരാർ ലഭിക്കുന്നത്. ഇതോടെ ലൈഫ് മിഷനും സംശയത്തിന്റെ നിഴലിലായി. എന്നാൽ, സർക്കാരിന് നിർമ്മാണകരാറിൽ ഒരുപങ്കുമില്ലെന്നാണ് മുഖ്യമന്ത്രി അടക്കം ആവർത്തിച്ച് വ്യക്തമാക്കിയത്.