തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം കൊഴുക്കുമ്പോൾ ഒരു പ്രധാനമന്ത്രി നേരിട്ട് കൂടുതലായി പ്രചരണം നടത്തുന്ന കാഴ്‌ച്ച കണ്ടത് ഇത്തവണയാണ്. മൂന്ന് ദിവസങ്ങളിലായാണ് പ്രധനമന്ത്രി നരേന്ദ്ര മോദി ബിജെപിക്ക് വേണ്ടി കേരളത്തിൽ പ്രചരണം നടത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രകണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നകാര്യം എല്ലാവരും ഉറ്റുനോക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയെ നായകനാക്കി തന്നെയായിരുന്നു ബിജെപിയുടെ വോട്ടുപിടുത്തം. ഇതിനായി കേന്ദ്രപദ്ധതികളും ഉയർത്തിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കേ കൈരളി ടിവി പുറത്തുവിട്ട സർവേയിലും ഇടതുമുന്നണിക്ക് തന്നെയാണ് ഭരണം പ്രവചിക്കുന്നത്. 81 മുതൽ 89 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. സിപിഎമ്മിന്റെ ചാനൽ സംഘടനയ്ക്ക് അനുകൂലമായാണോ സർവേ നടത്തിയതെന്ന ചോദ്യമാണ് യുഡിഎഫുകാരും ബിജെപിയും ഉന്നയിക്കുന്നത്. ഇതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഒരു വിലയിരുത്തലാണ്. രണ്ട് മാസം മുമ്പ് നടത്തിയ സർവേയുടെ ഒന്നാം ഘട്ടത്തിൽ മോദിയുടെ ജനപ്രീതി ഉയർന്ന നിലയിലായിരുന്നു. എന്നാൽ, രണ്ടാം ഘട്ടം ആയപ്പോഴേക്കും അതിൽ വലിയ ഇടിവ് സംഭവിച്ചു.

ആദ്യഘട്ടത്തിൽ ഏതാണ്ട് 55 ശതമാനം പേർ മോദിയിൽ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ, ഇത് രണ്ടാം ഘട്ടം ആയപ്പോഴേക്കും 30.5 ശതമാനമായി കുറയുകയാണ് ചെയ്തത്. കൈരളിയുടെ രണ്ടാം ഘട്ട സർവേയില് പ്രധാനമന്ത്രി മോദിയിലുള്ള തൃപ്തി കുറയുകയാണ് ഉണ്ടായത്. അതൃപ്തി രേഖപ്പെടുത്തിയത് 59.5 ശതമാനവും. പത്ത് ശതമാനം പ്രതികരിക്കാനും തയ്യാറായില്ല. മോദിയുടെ ജനപ്രീതിയിൽ ഇടിവു സംഭവിച്ചെന്ന് വ്യക്തമാക്കുന്ന രണ്ട് ചാർട്ടുകൾ കൈരളി പുറത്തുവിട്ടിരുന്നു.

രണ്ട് മാസം മുമ്പെടുത്ത സർവേയിൽ മോദിയിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയത് 41.9 ശതമാനം പേരാണ്. ഏറെക്കുറേ തൃപ്തി 14.1 ശതമാനം പേരും രേഖപ്പെടുത്തി. ഏറെക്കുറേ അതൃപ്തർ വിഭാഗത്തിൽ 26.3 ശതമാനവും പൂർണ്ണ അതൃപ്തരായി 6.6 ശതമാനവുമായി. 11 ശതമാനം പേർ പ്രതികരിച്ചില്ലെന്നും സർവേയിൽ വ്യക്തമാകുന്നു.

എന്നാൽ രണ്ട് മാസം കൊണ്ട് മോദിയുടെ ജനപ്രീതിയിൽ പകുതിയോളം ഇടിവ് വന്നുവെന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന ചോദ്യമാണ് ഉയർത്തുന്നത്. മോദിയുടെ ഭരണത്തെ പൊതുജനം അംഗീകരിക്കുന്നില്ലെന്ന് വരുത്താൻ വേണ്ടി സർവേ കണക്കിൽ മാറ്റം വരുത്തിയോ എന്ന സ്വാഭാവിക സംശയമാണ് പലരും ഉയർത്തിയത്. മോദിക്ക് ഇപ്പോഴും ജനപ്രീതിയുണ്ടെന്ന് പറഞ്ഞാൽ അത് തെരഞ്ഞെടുപ്പിലെ തിരിച്ചടിയാകുമെന്ന് ഭയന്നാണ് രണ്ടാംഘട്ടത്തിലേക്ക് ഇങ്ങനെയൊരു വിധത്തിലേക്ക് സർവേ മാറ്റിയതെന്ന് ആരോപണമാണ് ബിജെപി അനുഭാവികൾക്ക്.

അരുവിക്കര തിരഞ്ഞെടുപ്പിന്റെ വേളയിൽ ശബരിനാഥ് തോൽക്കുമെന്നായിരുന്നു കൈരളി ചാനൽ സർവേ പ്രവചിച്ചത്. എന്നാൽ, സംഭവിച്ചത് നേരെ മറിച്ചുമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈരളിയുടെ ഇപ്പോഴത്തെ സർവേയെ പലരും ചോദ്യം ചെയ്യുന്നത്.