ബാൾട്ടിമോർ: കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി മറ്റു സംഘടനകൾക്ക് മാറ്റുരയ്ക്കാൻ കഴിയാതെപോയ നിസ്തുല സേവനത്തിന്റെ കർരകാണ്ഡങ്ങൾ രചിച്ച ബാൾട്ടിമോർ കൈരളി പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സാജു മർക്കോസ് (പ്രസിഡന്റ്), ഷീബാ അലോഷ്യസ് (വൈസ് പ്രസിഡന്റ്), അൽഫോൻസ റഹ്മാൻ (സെക്രട്ടറി), ജില്ലറ്റ് കൂരൻ (ജോ. സെക്രട്ടറി), ജോസഫ് സക്കറിയ (ട്രഷറർ), ജയിൻ മാത്യു (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

2015 വർഷം കൈരളിക്ക് അനേക തിലകക്കുറികൾ ചാർത്തപ്പെട്ട വർഷമായിരുന്നു. റഹ്മാൻ കടാബ (പ്രസിഡന്റ്) സാമൂഹിക പ്രതിബദ്ധതയുടേയും സാമൂഹിക സേവനത്തിന്റേയും ഒരു നീണ്ട കർമ്മപഥമാണ് സമൂഹത്തിനു സമർപ്പിച്ചത്. കർമോത്സുകതയുടെ ഒരു ഘോഷയാത്രയായിരുന്നു കൈരളിക്ക് 2015 ക്രിസ്മത്-നവവത്സരം, ഓണം, വേനൽക്കാല മത്സരങ്ങൾ എന്നിവയ്ക്കു പുറമെ കുട്ടികൾക്കായി മലയാളം പള്ളിക്കൂടം, മലയാളി വനിതകൾക്കായി പാചക പരിശീലന പരിപാടികൾ, ഹൃദയാഘാതം വരുമ്പോൾ സത്വരമായി കൈക്കൊള്ളേണ്ട പ്രഥമശുശ്രൂഷകളുടെ പരിശീലനം, വൈവിധ്യമാർന്ന പാചക മത്സരം, അമേരിക്കൻ റെഡ്‌ക്രോസുമായി ചേർന്നു രക്തദാനം, മതസൗഹാർദ്ദത്തിന് ഊന്നൽ നൽകി എല്ലാ മതപണ്ഡിതന്മാരേയും ഉൾപ്പെടുത്തി സംവാദം, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രസംഗ മത്സരം, ദത്തെടുത്ത ഒരു രാജവീഥി ശുചീകരിക്കൽ, മദർ തെരേസാ സന്യാസ സമൂഹവുമായി ചേർന്ന് സൗജന്യ അന്നദാനം, ഡീഫ് ക്രീക്ക് എന്ന സുന്ദരഭൂമിയിലേക്ക് രണ്ടുനാൾ നീണ്ട ബസ് യാത്ര, ഏകദേശം ആറുലക്ഷം രൂപ മുടക്കി ഒരു രോഗിയും നിർധനനുമായ വ്യക്തിക്ക് ഭവനദാനം എന്നിവ വിപുലമായ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.

2015-ലെ കർമ പരിപാടികൾക്കുപരിയായി 2016-ൽ ഒരു മാസത്തിൽ ഒരു കുടുംബ സംഗമം, വിവിധ തലങ്ങളിൽ സംഗീത-നാടക മത്സരങ്ങൾ, വിദ്യാഭ്യാസത്തിലും കലയിലും മുൻനിരയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, കലാ-സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്കായി പരിശീലന കളരികൾ, അശരണർക്ക് ഭവന ഭക്ഷ്യസുരക്ഷാ കേന്ദ്രങ്ങൾ, പെൻസിൽവേനിയയിലെ പൊക്കണോസ് മലനിരകളിലേക്ക് മൂന്നുദിവസത്തെ ഉല്ലാസ യാത്ര തുടങ്ങിയ സംരംഭങ്ങളുടെ ഒരു ശൃംഖലയുമായി കൈരളി പ്രവർത്തന മികവിൽ തന്നെ.

2016 ജൂലൈയിൽ നടക്കുന്ന ഫോമ, ഫൊക്കാന സംഗമങ്ങളിൽ കൈരളിയുടെ ശക്തമായ സാന്നിധ്യമുണ്ടാകും. തലസ്ഥാന നഗരിയിൽ നിന്നും കേരളത്തനിമയാർന്ന മയാമിയിലേക്ക് ഒന്നില്പരം ബസുകളിൽ അംഗങ്ങളെ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കൈരളി സാരഥികൾ.

വിവരങ്ങൾക്ക്: kairaliofbaltimore.com