തിരുവനന്തപുരം: സഹോദരിയുടെ വീട് പണിയുടെ കരാർ നൽകാത്തതിൽ രോഷാകുലനായ കരാറുകാരൻ വാർത്താ ചാനൽ അവതാരകനെയും ഭാര്യയെയും മർദ്ദിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി പീപ്പിൾ ചാനലിലെ വാർത്താ അവതാരകനായ പ്രജീഷ് കൈപ്പള്ളിയേയും ഭാര്യ ഷൈനിയേയുമാണ് പ്രദേശത്തെ കെട്ടിട നിർമ്മാണ കരാറുകാരനായ കെ പി രാജുവെന്നയാൾ കമ്പി കൊണ്ട് മർദ്ദിച്ചത്. കൊല്ലം അഞ്ചൽ ആലഞ്ചേരി പണ്ടാരക്കോണത്തെ പ്രജീഷിന്റെ സഹോദരിയുടെ വീട് പണിയുടെ കരാർ നൽകാത്തതിലെ പ്രതികാരമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.

ഇന്നലെ വൈകുന്നേരം ഏഴര മണിയോടെയാണ് സംഭവം നടന്നത്. രാജുവിന്റെ വീട്ടിൽ നാല് നായ്ക്കളെ വളർത്തുന്നുമുണ്ട്. നാട്ടിലുള്ളവരെ നിരവധി തവണ കടിച്ചതായി പരാതിയുമുണ്ട്. പ്രജീഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് രാജുവിന്റെ വീടും. സഹോദരിയുടെ മകനും പ്രജീഷും ഭാര്യയും ചേർന്ന് വീട്ടിലേക്ക് പോകുമ്പോൾ നായ്ക്കൾ കടിക്കാൻ വരുകയായിരുന്നു. ഇത് കണ്ട് ഭയന്ന സഹോദരിയുടെ മകൻ നിലത്ത് വീഴുകയും ചെയ്തു. നായ്ക്കൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ പ്രജീഷ് കല്ലെടുത്തെറിയുകയുമായിരുന്നു.

നായ്ക്കളെ കല്ലെറിയുന്നത് കണ്ട് അത് വഴി വന്ന രാജു നീ പട്ടികളെ കല്ലെറിയുമോടാ.. എന്ന് ചോദിച്ച് ആക്രോശിച്ച് വന്ന ശേഷം ഭാര്യയെ ആദ്യം മർദ്ദിക്കുകയായിരുന്നു. ഇവരുടെ താടിക്ക് പരിക്കേറ്റു. പിന്നാലെ ഇയാൾ കാറിൽ നിന്നും കമ്പി ഊരിയെടുത്ത് പ്രജീഷിനെ മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറിയതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് പ്രജീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മർദ്ദനം നടന്നതിന് പിന്നാലെ തന്നെ ഏരൂർ പൊലീസിനെ വിവരമറിയിച്ചെങ്കിലും രാത്രി ഒരു മണിയോടെയാണ് പൊലീസ് സംഭവം അന്വേഷിച്ചെത്തിയത്. സ്ഥലത്ത് ടിപ്പർ ലോറിയിൽ മണ്ണ് കടത്തുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ നിലനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു. മർദ്ദിച്ച കെ പി രാജു കേരളകൗമുദിയുടെ ലേഖകനാണെന്നാണ് പ്രദേശത്തുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ കേരള കൗമുദി ജീവനക്കാരനല്ലെന്നാണ് കേരള കൗമുദി വൃത്തങ്ങൾ പറയുന്നത്.

മർദ്ദനമേറ്റ പ്രജീഷിനേയും ഭാര്യയേയും പിന്നീട് അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയൽ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് ഏരൂർ സ്റ്റേഷനിലെ വനിത എസ്ഐ ഉൾപ്പടെയുള്ളവർ സ്ഥലതെത്തിയത്. മർദ്ദനം നടത്തിയ കെ പി രാജു മുൻപ് സി.പി.എം പ്രവർത്തകനാിരുന്നു. ഇയാളെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കി. മർദ്ദിച്ചതിന് ശേഷം രാജുവിന്റെ ഭാര്യയുടെ സഹോദരിയെ മർദ്ദിച്ചുവെന്ന് പറഞ്ഞ് പരതിയും നൽകിയിട്ടുണ്ട്. തന്നെ മർദ്ദിച്ച രാജുവിനെതിരെ പ്രജീഷ് കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.