- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് അടച്ചിട്ട റിസോർട്ടിൽ രഹസ്യമായി സുഖവാസം; ആളൊഴിഞ്ഞ വിതുരയിലെ റിവർ കൗണ്ടി റിസോർട്ടിലെ ഒളിതാമസത്തിന് കാവലായി മാരകായുധങ്ങൾ ഏന്തിയ കൂട്ടാളികൾ; തിന്നും കുടിച്ചും രസിച്ചും മദിച്ചും കഴിയുന്നതിനിടയിലും മറ്റുഗൂണ്ടാസംഘങ്ങൾ ആക്രമിക്കുമോയെന്ന ഭീതിയും; കോഴിക്കോട് നിന്ന് തിരുവനന്തപുരം റൂറൽ പൊലീസിന് കിട്ടിയ കോൾ തുമ്പായതോടെ അന്വഷണം വലുതായി; പിടികിട്ടാപ്പുള്ളി കാക്ക രഞ്ജിത്തും ടീമും പിടിയിൽ
വിതുര: എറണാകുളം-മലബാർ ബെൽറ്റിൽ സ്വർണ്ണക്കടത്ത്-ഹവാല ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന പിടികിട്ടാപ്പുള്ളി കാക്ക രഞ്ജിത്തും കൂട്ടാളികളും നാടകീയമായ നീക്കങ്ങൾക്കൊടുവിൽ വിതുര പൊലീസിന്റെ പിടിയിലായി. കോവിഡ് കാരണം പ്രവർത്തനം നിലച്ച വിതുരയിലെ റിവർ കൗണ്ടി റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് വിതുര സിഐ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിതുര പൊലീസ് അന്വേഷണം നടത്തവേയാണ് ആളൊഴിഞ്ഞ റിസോർട്ട് താവളമാക്കിയ കാക്ക രഞ്ജിത്തും കൂട്ടാളികളും മാരകായുധങ്ങൾ സഹിതം കുടുങ്ങുന്നത്. കാക്കയെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഒപ്പമുള്ള ഗുണ്ടാസംഘം പിടിയിലാകുന്നത്. മറ്റു ഗുണ്ടാ സംഘങ്ങളിൽ നിന്ന് വധ ഭീഷണിയുള്ളതിനാലാണ് സംഘമായി വിതുരയിൽ ഒളിവിൽ കഴിഞ്ഞതെന്നാണ് രഞ്ജിത്തും സംഘവും പൊലീസിനോട് പറഞ്ഞത്. മലബാർ മേഖലയിലെ വിവിധ പൊലീസ് സ്റ്റെഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ് വലയിലായത്. പ്രതികളെ വിതുര പൊലീസ് കോഴിക്കോട് പൊലീസിനു കൈമാറി. വിവിധ സ്ഥലങ്ങളിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞതിനു ശേഷമാണ് വിതുരയിൽ നിന്നും കാക്ക പിടിയിലാകുന്നത്.
സ്വർണ്ണക്കടത്ത്-ഹവാല-കുഴൽപ്പണ ഇടപാടുകൾ, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം പിടുങ്ങൽ, വധശ്രമം, തുടങ്ങി മുപ്പതോളം കേസുകളിലെ പ്രതിയാണ് കാക്ക രഞ്ജിത്ത്. നിരവധി കേസുകളിൽപ്പെട്ടതിനെ തുടർന്ന് മലബാറിൽ നിന്ന് മുങ്ങിയ പ്രതിയെ തിരക്കിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് കാക്ക രഞ്ജിത്ത്. പാലോട് സ്വദേശിയായ ഒരു സ്ത്രീയും അവരുടെ പതിനൊന്നു വയസുള്ള മകളും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ കാക്ക രഞ്ജിത്തിനൊപ്പമുണ്ടായിരുന്നു. കാക്ക രഞ്ജിത്തിനെ പിടിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഒപ്പമുള്ള ഗുണ്ടാസംഘം അറസ്റ്റിലായത്. കോഴിക്കോട് വളയനാട് ഉസ്മാന്റെ മകൻ ഫൈജാസ് (28), കോഴിക്കോട് ഒളവണ്ണയിലെ ബീരാന്റെ മകൻ നിജാസ് (35), കോഴിക്കോട് പെരുവയൽ സുരേഷ് ബാബുവിന്റെ മകൻ രജീഷ് (33), കോഴിക്കോട് വളയനാട് മുരുകന്റെ മകൻ മനോജ് (27) എന്നീ പ്രതികളാണ് കാക്കയ്ക്ക് ഒപ്പം അറസ്റ്റിലായത്.
നിരവധി കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്ത് എങ്ങോട്ട് മുങ്ങിയെന്നതിന്റെ വിവരങ്ങൾ പൊലീസിനു ലഭ്യമായിരുന്നില്ല. പിന്നീടാണ് തിരുവനന്തപുരം ഭാഗത്ത് കാക്കയുണ്ടെന്ന രഹസ്യവിവരം കോഴിക്കോട് പൊലീസിനു ലഭിക്കുന്നത്. ഈ വിവരമാണ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് കോഴിക്കോട് നിന്നും കൈമാറിയത്. അതിനെ തുടർന്ന് വന്ന അന്വേഷണത്തിലാണ് ഗുണ്ടാസംഘം മുഴുവനായി പിടിയിലാകുന്നത്. കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് കോഴിക്കോട് ടൗൺ പൊലീസിലും മർദ്ദിച്ച് പണം കവർന്നതിന് നല്ലളം പൊലീസ് സ്റ്റെഷനിലും കാക്കയ്ക്ക് എതിരെ കേസുണ്ട്.
ഒന്നര കിലോ സ്വർണം കടത്തിയതിന് നല്ലളം പൊലീസ് തിരയുന്ന പ്രതിയാണ്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നതിന് കോഴിക്കോട് നടക്കാവ് സ്റ്റെഷനിലും കടത്തിയ നാല് കിലോ സ്വർണം തട്ടിയതിനു നല്ലളം സ്റ്റെഷനിലും സ്വർണം കടത്തിയ ഏജന്റിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ചതിനു കൂത്ത്പറമ്പ് സ്റ്റെഷനിലും 50ലക്ഷത്തോളം രൂപയുടെ ഹവാല പണം തട്ടിയതിനു കോയമ്പത്തൂർ സ്റ്റെഷനിലും കാക്കയ്ക്ക് എതിരെ കേസുണ്ട്. വിതുര സിഐ ശ്രീജിത്തിനെ കൂടാതെ എസ്ഐ എസ്എൽ സുധീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ നിതിൻ, ഹാഷിം, രതീഷ്, രജിത്, ലിജു ഷാൻ, പ്രദീപ്, ഷാഡോ പൊലീസിലെ സുനിൽലാൽ, ഷിബുകുമാർ, നെവിൽ, സജു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.