- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ അപമാനിക്കുന്നത് പതിവ്; കത്തിയുമായി ഗുണ്ടാപിരിവും; സഹോദരിയോട് മോശമായി പ്രതികരിച്ചവനോടുള്ള പ്രതികാരം കൊലപാതകമായി; 'കാക്ക' അനീഷിനെ കൊന്നത് സഹികെട്ട അയൽവാസി യുവാക്കൾ; അറസ്റ്റിലായത് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; 'ഗുണ്ടകൾ' ക്രിമിനലുകളെ സൃഷ്ടിക്കുമ്പോൾ
തിരുവനന്തപുരം: കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് പ്രതികൾ. കൈയബദ്ധവും കൊലയ്ക്ക് കാരണമായി. അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് പ്രതികൾ. ഇതോടെ ഗുണ്ടാകുടിപ്പകയല്ലെ കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമാകുകയാണ്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വർധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അനീഷിന്റെ അയൽവാസികളായ അനൂപ്, സന്ദീപ്, അരുൺ, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികൾ. ഇതിൽ ഒരാൾ ബിരുധദാരിയാണ്. രണ്ട് പേർ അനീഷിന്റെ ബന്ധുവും. അരയിൽ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നൽകിയില്ലങ്കിൽ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. ഈ ശല്യമാണ് പ്രതികാരമായത്. അനീഷിനെ കൈകാര്യം ചെയ്യുകയെന്നത് മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. അതുകൊലയിലേക്ക് എത്തിക്കുകയായിരുന്നു.
കാക്ക സ്ത്രീകളുള്ള വീട്ടിൽ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുൻപ് ഒരു മരണവീട്ടിൽ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ മൃതദേഹം കണ്ട് ഹോളോബ്രിക്‌സ് നിർമ്മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിടെയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു.
അടിപിടിയായി. ഇതിനിടെ അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേർന്ന് അനീഷിനെ അടിച്ച് വീഴ്‌ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവിൽ പോയി പ്രതികൾ. ഇവരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാകുന്നത്. കൊടും ക്രിമിനലായിരുന്നു കാക്ക. കാക്കയുടെ ശല്യം മൂലമാണ് ഈ കൊല ചെയ്തതെന്ന് ഈ യുവാക്കൾ പറയുമ്പോൾ അവരും ക്രിമിനലുകളാകുകയാണ്.
കാഞ്ഞിരംപാറ മലമുകളിലെ കുറ്റിക്കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. 2015ൽ കൊല്ലപ്പെട്ട മാരായമുട്ടം ജോസെന്ന ഗുണ്ടയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത് എന്നായിരുന്നു ആദ്യ സൂചനകൾ. ജോസിനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് അനീഷ്. ജോസ് വധത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതികളെ ചോദ്യം ചെയ്ത ശേഷം നടന്ന അന്വേഷണത്തിൽ അവർക്ക് അത്തരം ബന്ധങ്ങളില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. വിയ്യൂർ ജയിലിൽ തടവിലായിരുന്നു. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാൾ. 31ന് രാത്രി 8.30ന് കുളങ്ങരക്കോണം ശിവംവീട്ടിൽ സീരിയൽ കാണുകയായിരുന്ന ബിന്ദുവിന്റെ രണ്ട് പവന്റെ മാല അനീഷ് പിടിച്ചുപറിച്ചിരുന്നു. ഈ പരാതിയിൽ നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മരിച്ചതായി കണ്ടത്.
വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനീഷ്. ഒരു വർഷം കാപാ നിയമപ്രകാരം തടവിലായിരുന്നു. അറസ്റ്റ്ചെയ്തശേഷം വർക്കല ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയവെ ബാത്ത്റൂം വെന്റിലേറ്റർ ഇളക്കി രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് പിടികൂടി ജയിലിലടയ്ക്കുകയായിരുന്നു. ജൂലൈ 17നാണ് പുറത്തിറങ്ങിയത്. കുളങ്ങരക്കോണം ആയകോട് വീട്ടിൽ മോഹനൻ, -കുമാരി ദമ്പതികളുടെ മകനാണ് അനീഷ്. വിഷ്ണുജയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
ബാലരാമപുരത്തിനടുത്ത് മച്ചയിലെന്ന സ്ഥലത്തെ ഹോളോബ്രിക്സ് നിർമ്മാണ കേന്ദ്രത്തിലാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. മർദനമേറ്റ പാടുകളുമുണ്ട്. ഓടിച്ചിട്ട് വെട്ടികൊന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മൃതദേഹം കണ്ടതിന്റെ അൻപത് മീറ്റർ പരിസരത്ത് രക്തക്കറകളും കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ