- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിലെ ലോക്ഡൗൺ മറികടക്കാൻ നട്ടുച്ചയ്ക്ക് ലഹരി പാർട്ടി; പൊലീസ് ഇരച്ചു കയറുന്നത് കണ്ട് താഴേക്ക് ചാടിയത് 22കാരൻ; തൃക്കാക്കര നവോദയയിലെ ഫ്ളാറ്റിൽ ഉണ്ടായിരുന്നതും മാരക ലഹരി; എട്ടാം നിലയിൽ നിന്ന് ചാടിയ അതുലിന് ഗുരുതര പരിക്ക്; യുവതി അടക്കം പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: കാക്കനാട് ലഹരി പാർട്ടിക്കിടെ പരിശോധനയ്ക്കെത്തിയ പൊലീസിനെ കണ്ട് ഫ്ളാറ്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. പുതുവത്സരം ആഘോഷിക്കാനായി ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരം അറിഞ്ഞ് തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്. കൊച്ചിയിൽ ഇപ്പോഴും ലഹരി പാർട്ടികൾ സജീവമാണെന്നതിന്റെ സൂചനയാണ് ഇത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് എത്തിയത്. കായംകുളം സ്വദേശി അതുൽ (22) ആണ് രക്ഷപ്പെടാനായി ചാടിയത്. ഫ്ളാറ്റിലെ കാറുകൾ പാർക്ക് ചെയ്യുന്ന ഷെഡിന്റെ അലൂമിനിയം ഷീറ്റിലേക്കായിരുന്നു വീഴ്ച. വീഴ്ചയുടെ ആഘാതത്തിൽ യുവാവ് ഷീറ്റ് തുളച്ച് താഴേക്ക് പതിച്ചു. ഇയാളെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
ഒരു യുവതി ഉൾപ്പെടെ ഏഴുപേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫ്ളാറ്റിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് പാർട്ടി നടക്കുന്ന രഹസ്യവിവരത്തേ തുടർന്നായിരുന്നു പൊലീസ് ഓപ്പറേഷൻ. ഇന്നലെ രാത്രിയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നട്ടുച്ചയ്ക്ക് ലഹരി പാർട്ടി നടത്തിയത്. കൊച്ചിയിൽ പലയിടത്തും ഇത്തരം പാർട്ടികൾ നടന്നുവെന്നതാണ് വസ്തുത.
വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലേക്ക് പൊലീസ് ഇരച്ചെത്തുകയായിരുന്നു. പൊലീസിനെ കണ്ട് യുവാവ് ഫ്ളാറ്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഷാഡോ പൊലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.
ഇന്നലെ തൃശൂർ കുന്നംകുളത്തും വൻ മയക്കുമരുന്ന് വേട്ട നടന്നു. മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ. ആനയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു.
മറുനാടന് മലയാളി ബ്യൂറോ