- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൻകൊമ്പിനെ അപ്രത്യക്ഷമാക്കിയത് ഫോറസ്റ്റ് അന്വേഷണം ഒഴിവാക്കാൻ; എഫ് ഐ ആർ രണ്ടാക്കിയത് പ്രതികൾക്ക് അതിവേഗം ജാമ്യം കിട്ടാൻ; രണ്ടു പേരെ വെറുതെ വിട്ടത് 'സിനിമാ മാഫിയയെ' രക്ഷിച്ചെടുക്കാൻ; കാക്കനാട്ടെ ലഹരി കടത്തിൽ നടന്നത് വമ്പൻ അട്ടിമറി; എക്‌സൈസും കസ്റ്റംസും തെറ്റുമ്പോൾ
കൊച്ചി: കാക്കനാട്ടുനിന്നു ലഹരി മരുന്നു പിടിച്ചതുമായി ബന്ധപ്പെട്ടു കേസ് അട്ടിമറിക്ക് പിന്നിൽ സിനിമയുമായി ബന്ധപ്പെട്ട ഉന്നതരെന്ന് സൂചന. ഏഴു പേരെയാണ് കേസിൽ പിടികൂടിയത്. ഇതിൽ രണ്ടു പേരെ എക്‌സൈസ് ഒഴിവാക്കിയിരുന്നു. കസ്റ്റംസും എക്‌സൈസും ചേർന്ന് നടത്തിയ ഓപ്പറേഷനായിരുന്നു ഇത്. അതുകൊണ്ട് തന്നെ സംഭവിച്ചതിനെ കുറിച്ച് രണ്ട് ഏജൻസികൾക്ക് അറിയാമായിരുന്നു. ഇതാണ് കള്ളക്കളി പുറത്തു കൊണ്ടു വന്നത്.
അടുത്ത കാലത്തു കൊച്ചിയിൽ എക്‌സൈസും കസ്റ്റംസും സഹകരിച്ചു നടത്തിയ പരിശോധനകൾ ലഹരി റാക്കറ്റിനു തലവേദന സൃഷ്ടിച്ചിരുന്നു. ഇതെല്ലാം മനസ്സിൽ വച്ച് കസ്റ്റംസിനേയും എക്‌സൈസിനേയും തമ്മിൽ തെറ്റിക്കാൻ സമർത്ഥമായി ചിലർ കളിച്ചു. ഇതിന് എക്‌സൈസിലെ ചിലരെ ഉപയോഗിക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഇതിന് പിന്നിൽ ഉന്നതരാണെന്നാണ് സൂചന. ഈ കേസിൽ ചർച്ചയായ മാൻകൊമ്പിന് പിന്നിലും ഉന്നതരുടെ പങ്കുണ്ടെന്നാണ് സൂചന.
സിനിമാക്കാരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് രണ്ടു പേരെ എക്‌സൈസ് വെറുതെ വിട്ടത്. അതിന് ശേഷം കൂടുതൽ ലഹരിയും കണ്ടെടുത്തു. എന്നാൽ ഇത് പ്രത്യേക എഫ് ഐ ആറിലേക്ക് മാറ്റി കേസിനെ രണ്ടാക്കി. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. ഇതോടെ കസ്റ്റംസിലെ ചിലർ അന്വേഷണത്തിൽ സംശയങ്ങളുമായെത്തി. വിവിധ അന്വേഷണ ഏജൻസികൾക്കിടയിലെ അഭിപ്രായ ഭിന്നത കേസിൽനിന്നു രക്ഷപ്പെടാൻ പ്രതികൾ മുതലെടുക്കുമോയെന്ന ആശങ്ക ഉയർന്നു.
മഹസറിൽ മാൻകൊമ്പിനെ അപ്രത്യക്ഷമാക്കിയത് ഫോറസ്റ്റ് അന്വേഷണം ഒഴിവാക്കാനാണ്. മാൻ കൊമ്പ് കണ്ടെത്തിയാൽ അതേ കുറിച്ച് വനംവകുപ്പ് അന്വേഷണത്തിന് എത്തും. ഇത് മാൻ കൊമ്പിന്റെ ഉടമസ്ഥനിലേക്ക് അന്വേഷണത്തെ എത്തിക്കും. ഇതൊഴിവാക്കാനായിരുന്നു മാൻകൊമ്പിനെ മാറ്റിയത്. എഫ് ഐ ആർ രണ്ടാക്കിയത് പ്രതികൾക്ക് അതിവേഗം ജാമ്യം കിട്ടാനും. രണ്ടു പേരെ വെറുതെ വിട്ടത് 'സിനിമാ മാഫിയയെ' രക്ഷിച്ചെടുക്കാൻ എന്നാണ് ഉയരുന്ന സംശയം.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ ലഹരി പദാർഥങ്ങൾ രഹസ്യമായി സൂക്ഷിച്ച കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്നു കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്‌ന, ഇടുക്കി സ്വദേശി മുഹമ്മദ് അഫ്‌സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഉൾപ്പെടെ 2 പേരെക്കൂടി കസ്റ്റഡിയിലെടുത്തെങ്കിലും ലഹരിമരുന്നു കടത്തിയതിൽ പങ്കില്ലെന്ന നിഗമനത്തിൽ വിട്ടയച്ചു. കസ്റ്റംസിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 84 ഗ്രാം എംഡിഎംഎ മാത്രമാണു കണ്ടെത്തിയത്. എന്നാൽ കസ്റ്റംസ് സംഘം മടങ്ങിയ ശേഷം എക്‌സൈസ് നടത്തിയ തുടർപരിശോധനയിൽ ഫ്‌ളാറ്റിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിൽ 1.115 കിലോഗ്രാം ലഹരിമരുന്നു കൂടി കണ്ടെത്തി.
രണ്ടാമത്തെ പരിശോധനയിൽ എക്‌സൈസ് ഒളിച്ചുകളി നടത്തിയതായി കസ്റ്റംസിനു സംശയം തോന്നി. കസ്റ്റംസിന്റെ സാന്നിധ്യത്തിൽ ഷബ്‌നയുടെ ബാഗിൽനിന്നു പിടിച്ചെടുത്ത മാൻകൊമ്പ് എക്‌സൈസ് ഉദ്യോഗസ്ഥർ മഹസറിൽ രേഖപ്പെടുത്തിയില്ല.
പിടികൂടിയ 7 പേരിൽ 2 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനും ജില്ലാ സ്‌പെഷൽ സ്‌ക്വാഡിനോടു നീരസമുണ്ട്. ലഹരി കടത്തിൽ നേരിട്ടു പങ്കാളിത്തമില്ലെന്ന ബോധ്യത്തിലാണു 2 പേരെ ഒഴിവാക്കിയതെന്ന വാദം ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസ് ജില്ലാ യൂണിറ്റ് സമർപ്പിച്ച അപേക്ഷ അസാധുവായി. കേസിൽ അട്ടിമറി ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിനു കൈമാറിയതോടെയാണു ജില്ലാ യൂണിറ്റിന്റെ അപേക്ഷ അസാധുവായത്. റിമാൻഡിൽ കഴിയുന്ന 5 പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് പുതിയ അപേക്ഷ സമർപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ